ഇന്ത്യയുടെ ലക്ഷ്യം പരമ്പര നേട്ടം മാത്രമല്ല; ഒത്തുപിടിച്ചാല്‍ ഒന്നാം റാങ്കും ഇങ്ങ് പോരും- സാധ്യതകള്‍

By Web TeamFirst Published Jan 18, 2023, 9:30 AM IST
Highlights

ന്യുസിലന്‍ഡിന് 117 പോയിന്റാണുള്ളത്. ഇന്ത്യക്ക് 110. 113 പോയിന്റുള്ള ഇംഗ്ലണ്ട് രണ്ടാമതും 112 പോയിന്റുമായി ഓസ്‌ട്രേലിയ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. ശ്രീലങ്കയ്ക്ക് പിന്നാലെ ന്യുസിലന്‍ഡിനെയും മൂന്ന് കളിയിലും തോല്‍പ്പിച്ചാല്‍ ഇന്ത്യക്ക് ഒന്നാം സ്ഥാനത്ത് തിരിച്ചെത്താം.

ഹൈദരാബാദ്: പരമ്പര വിജയം മാത്രമല്ല ഇന്ത്യയുടെയും ന്യുസിലന്‍ഡിന്റെയും ലക്ഷ്യം. ലോക റാങ്കിംഗിലെ ഒന്നാം സ്ഥാനത്തിന് വേണ്ടി കൂടിയാണ് പോരാട്ടം. മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര ജയിച്ചാല്‍ രണ്ടുണ്ട് കാര്യങ്ങള്‍. ലോകകപ്പ് വര്‍ഷത്തില്‍ ആത്മവിശ്വാസം കൂട്ടാന്‍ പോന്ന പരമ്പരജയം മാത്രമല്ല, ലോക റാങ്കിംഗിലെ ഒന്നാം സ്ഥാനവും ഒപ്പം പോരും. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഏകദിന ടീം റാങ്കിംഗില്‍ നിലവില്‍ ന്യുസിലന്‍ഡ് ഒന്നാമതും. ഇന്ത്യ നാലാം സ്ഥാനത്തും.

ന്യുസിലന്‍ഡിന് 117 പോയിന്റാണുള്ളത്. ഇന്ത്യക്ക് 110. 113 പോയിന്റുള്ള ഇംഗ്ലണ്ട് രണ്ടാമതും 112 പോയിന്റുമായി ഓസ്‌ട്രേലിയ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. ശ്രീലങ്കയ്ക്ക് പിന്നാലെ ന്യുസിലന്‍ഡിനെയും മൂന്ന് കളിയിലും തോല്‍പ്പിച്ചാല്‍ ഇന്ത്യക്ക് ഒന്നാം സ്ഥാനത്ത് തിരിച്ചെത്താം. പരമ്പര തൂത്തുവാരിയാല്‍ ഇന്ത്യ 114 പോയിന്റിലെത്തും. ന്യുസിലന്‍ഡ് ആകട്ടേ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്യും. 

അതേസമയം രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ടിന് ഈ മാസാവസാനം ദക്ഷിണാഫ്രിക്കയില്‍ ഏകദിന പരമ്പരയുള്ളതിനാല്‍ റാങ്കിംഗ് പട്ടികയില്‍ ഫെബ്രുവരിയില്‍ മാറ്റം വരാനും സാധ്യതയുണ്ട്. ടി20 റാങ്കിംഗില്‍ നിലവില്‍ ഇന്ത്യ ഒന്നാമതും ടെസ്റ്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുമാണ്. ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി പരമ്പര 1-0നോ, 3-1 എന്ന മാര്‍ജിനിലോ ജയിച്ചാല്‍ ഇന്ത്യക്ക് ടെസ്റ്റ് റാങ്കിംഗിലും മുന്നിലെത്താം.

ഹൈദരാബാദ്, രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 1.30നാണ് മത്സരം ആരംഭിക്കുക. ഐസിസി ടൂര്‍ണമെന്റുകളില്‍ പതിവായി ഇന്ത്യയുടെ വഴിമുടക്കുന്ന കിവികളുമായി നേര്‍ക്കുനേര്‍ വരുമ്പോള്‍ ആരാധകരും ആവേശത്തില്‍. ശ്രീലങ്കയ്‌ക്കെതിരായ പരമ്പര തൂത്തുവാരിയതിന്റെ ആത്മവിശ്വാസത്തിലാണ് ആതിഥേയര്‍. പാകിസ്ഥാനില്‍ ഏകദിന പരമ്പര വിജയിച്ച തിളക്കത്തിലാണ് ന്യുസിലന്‍ഡ്.

ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ്, അയ്യര്‍, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ് മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്ക്.

ഫിറ്റ്‌നസില്‍ കോലി ആര്‍ക്കും താഴെയല്ല, റൊണാള്‍ഡോയ്‌ക്ക് സമം; വാഴ്‌ത്തിപ്പാടി പാക് മുന്‍ താരം

click me!