സഞ്ജു സാംസണിനെതിരെ പന്തെറിയാന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറുണ്ടാകുമോ.. ? താരപുത്രനെ മുംബൈ ടീമില്‍ ഉള്‍പ്പെടുത്തി

By Web TeamFirst Published Jan 2, 2021, 6:36 PM IST
Highlights

ആദ്യമായിട്ടാണ് അര്‍ജുന്‍ മുംബൈയുടെ സീനിയര്‍ ടീമില്‍ ഇടം നേടുന്നത്. നേരത്തെ ഇന്ത്യയുടെ അണ്ടര്‍ 19 ടീമിലും മുംബൈ വിവിധ ജൂനിയര്‍ ടീമിലും അര്‍ജുന്‍ കളിച്ചിരുന്നു. 

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിനുള്ള മുംബൈ ടീമില്‍ ഉള്‍പ്പെടുത്തി. ആദ്യമായിട്ടാണ് അര്‍ജുന്‍ മുംബൈയുടെ സീനിയര്‍ ടീമില്‍ ഇടം നേടുന്നത്. നേരത്തെ ഇന്ത്യയുടെ അണ്ടര്‍ 19 ടീമിലും മുംബൈ വിവിധ ജൂനിയര്‍ ടീമിലും അര്‍ജുന്‍ കളിച്ചിരുന്നു. 

ജനുവരി 10നാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ഗ്രൂപ്പ് ഇയില്‍ കേരളം, ദില്ലി, ഹരിയാന, ആന്ധ്ര, പോണ്ടിച്ചേരി എന്നിവര്‍ക്കൊപ്പമാണ് മുംബൈ. 11, 13, 15, 17, 19 ദിവസങ്ങളിലാണ് മത്സരം. കഴിഞ്ഞ ദിവസമാണ് ടീമില്‍ 22 പേരെ ഉള്‍പ്പെടുത്താന്‍ ബിസിസിഐ അനുമതി നല്‍കിയത്. ഈ പറയുന്ന എല്ലാവരും ബയോ- ബബിര്‍ സര്‍ക്കിളിന്റെ ഭാഗമായിരിക്കും. നെറ്റ് ബൗളറെ പോലും പുറത്തുനിന്നെടുക്കാന്‍ പാടില്ല. നെറ്റ് ബൗളര്‍ ഉള്‍പ്പെടെയാണ് 22 പേരെ ടീമില്‍ ഉള്‍പ്പെടുത്താന്‍ അനുമതി നല്‍കിയത്. 

21-ാമനായിട്ടാണ് അര്‍ജുന്‍ ടീമിലെത്തിയത്. 22-ാമനായി കൃതിക് ഹനഗവഡി എന്ന താരവും ടീമിലെത്തി. എന്നാല്‍ അര്‍ജുന്‍ കളിക്കുമോയെന്ന് ഉറപ്പുപറയാന്‍ കഴിയില്ല. തുഷാര്‍ ദേശ്പാണ്ഡെ, ധവാല്‍ കുല്‍ക്കര്‍ണി, മിനാദ് മഞ്ജരേക്കര്‍, പ്രതമേഷ് ടാകെ എന്നിവരാണ് ടീമിലെ പ്രധാന ബൗളര്‍മാര്‍. ശ്രേയസ് അയ്യരുടെ അഭാവത്തില്‍ സൂര്യകുമാര്‍ യാദവാണ് മുംബൈയെ നയിക്കുന്നത്.

സൂര്യകുമാര്‍ യാവദ്, ആദിത്യ താരെ (വൈസ് ക്യാപ്റ്റന്‍), യഷ്വസി ജയ്‌സ്‌വാള്‍, സര്‍ഫറാസ് ഖാന്‍, സിദ്ധേഷ് ലാഡ്, ധവാല്‍ കുല്‍ക്കര്‍ണി, ശിവം ദുബെ, തുഷാര്‍ ദേശ്പാണ്ഡെ എന്നിവരാണ് ടീമിലെ  പ്രധാന താരങ്ങള്‍.

click me!