മുംബൈക്കായി അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ അരങ്ങേറ്റം; മത്സരത്തില്‍ ടീമിന് വന്‍ തോല്‍വി

By Web TeamFirst Published Jan 15, 2021, 5:28 PM IST
Highlights

പതിനൊന്നാമനായി ക്രീസിലെത്തിയ അര്‍ജുന്‍ പൂജ്യം റണ്‍സോടെ പുറത്താകാതെ നിന്നു. ബൗളിങ്ങില്‍ മൂന്നോവറില്‍ 34 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി.
 

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ മുംബൈ സീനിയര്‍ ടീമിനായി അരങ്ങേറിയ മത്സരത്തില്‍ ടീമിന് എട്ട് വിക്കറ്റിന്റെ വന്‍ തോല്‍വി. ഹരിയാനയോടേറ്റ തോല്‍വിയോടെ സയ്യിദ് മുഷ്താഖ് അലി ട്വിന്റ്20 ടൂര്‍ണമെന്റില്‍ നിന്ന് മുംബൈ പുറത്തായി. 19.3 ഓവറില്‍ 143 റണ്‍സിന് മുംബൈ പുറത്തായി. രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഹരിയാന വിജയലക്ഷ്യം കണ്ടു. മുംബൈയുടെ തട്ടകമായ വാംങ്കഡെയിലായിരുന്നു മുന്‍ നിര ടീമിന്റെ ഞെട്ടിക്കുന്ന തോല്‍വി.

ബാറ്റിങ്ങില്‍ പതിനൊന്നാമനായി ക്രീസിലെത്തിയ അര്‍ജുന്‍ പൂജ്യം റണ്‍സോടെ പുറത്താകാതെ നിന്നു. ബൗളിങ്ങില്‍ മൂന്നോവറില്‍ 34 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. 21ാമത്തെ വയസ്സിലാണ് അര്‍ജുന്‍ മുംബൈ സീനിയര്‍ ടീമില്‍ അരങ്ങേറിയത്. സംസ്ഥാന ടീമിന് വേണ്ടി ഒരു മത്സരം കളിച്ചതോടെ അടുത്ത മാസം നടക്കുന്ന ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കാന്‍ അര്‍ജുന്‍ യോഗ്യത നേടി.

മുംബൈക്ക് വേണ്ടി അണ്ടര്‍ 14 ടീം മുതല്‍ എല്ലാ ടീമിന് വേണ്ടിയും അര്‍ജുന്‍ കളിച്ചു. ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സിന്റെ നെറ്റ് പ്രാക്ടീസില്‍ സ്ഥിരം സാന്നിധ്യമാണ് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. 15ാമത്തെ വയസ്സിലാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുംബൈ സീനിയര്‍ ടീമിനായി അരങ്ങേറുന്നത്. ഗുജറാത്തിനെതിരെ സെഞ്ച്വറിയോടെയായിരുന്നു സച്ചിന്റെ തുടക്കം. 

click me!