ട്വന്‍റി 20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കുമെന്ന നിലപാടില്‍ നിന്ന് പാകിസ്ഥാന്‍ പിന്മാറി.  

ലാഹോര്‍ : ട്വന്‍റി 20 ലോകകപ്പിൽ ഇന്ത്യക്കെതിരെ കളിക്കുമെന്ന് പാകിസ്ഥാൻ അറിയിച്ചു. ഞായറാഴ്ച നടക്കേണ്ട ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കുമെന്ന നിലപാടില്‍ നിന്ന് പിൻമാറിയ ടീം, കളിക്കുമെന്ന് പാക് സര്‍ക്കാര്‍ വ്യക്തമാക്കി. മത്സരം ഞായറാഴ്ച കൊളംബോയിൽ നടക്കും. പ്രതിസന്ധി രമ്യമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീലങ്കൻ പ്രസിഡന്റ് ഇടപെട്ടെന്നാണ് പാക് സർക്കാർ വ്യക്തമാക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

ഫെബ്രുവരി 15ന് കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കേണ്ട മത്സരത്തില്‍ സല്‍മാന്‍ ആഘയും സംഘവും ഇന്ത്യക്കെതിരെ ഗ്രൗണ്ടിലിറങ്ങുമെന്ന് നേരത്തെ ഐസിസി -പിസിബി ചർച്ചയ്ക്ക് ശേഷം ഐസിസി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. പാക് പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫ് പാക് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്‍റ് മൊഹ്സിന്‍ നഖ്‌വിയുമായുള്ള ചർച്ചകൾക്കൊടുവിലാണ് ഇന്ത്യക്കെതിരെ കളിക്കാന്‍ പാകിസ്ഥാൻ തീരുമാനിച്ചത്.

തങ്ങൾ മുന്നോട്ടുവെച്ച ചില ആവശ്യങ്ങളിൽ ഐസിസി ഉറപ്പ് നൽകിയതായി പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. ലോകകപ്പിലെ പങ്കാളിത്തം നഷ്ടമായതിലൂടെ ബംഗ്ലാദേശിനുണ്ടായ സാമ്പത്തിക നഷ്ടം നികത്താൻ അവർക്കായി ഒരു ത്രിരാഷ്ട്ര പരമ്പര വേണമെന്നായിരുന്നു പാകിസ്ഥാന്‍റെ ആവശ്യം. ഇത് തള്ളിയെങ്കിലും, അടുത്ത അണ്ടർ-19 ലോകകപ്പിന്‍റെ ആതിഥേയത്വം ബംഗ്ലാദേശിന് നൽകുന്ന കാര്യം ഐസിസി പരിഗണിക്കും.2028നും 2031നും ഇടയിൽ ഒരു ഐസിസി ടൂർണമെന്‍റ് ബംഗ്ലാദേശിൽ നടത്തും. ഐസിസിയുടെ വരുമാന വിഹിതത്തിൽ കുറവ് വരുത്തില്ല എന്നിവയാണ് അംഗീകരിച്ച ആവശ്യങ്ങള്‍.