ഐപിഎല്‍ അരങ്ങേറ്റത്തിനൊരുങ്ങി അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍; അതും മുംബൈ ഇന്ത്യന്‍സിലൂടെ

By Web TeamFirst Published Feb 18, 2021, 8:43 PM IST
Highlights

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലൂടെയാണ് അര്‍ജുന്‍ മുംബൈയുടെ സീനിയര്‍ ടീമില്‍ അരങ്ങേറിയത്. എന്നാല്‍ മികച്ച പ്രകടനം നടത്താനൊന്നും താരത്തിന് സാധിച്ചിരുന്നില്ല.

ചെന്നൈ: ഐപിഎല്‍ അരങ്ങേറ്റത്തിനൊരുങ്ങി ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍. മുംബൈ ഇന്ത്യന്‍സാണ് ഓള്‍റൗണ്ടറെ സ്വന്തമാക്കിയത്. അടിസ്ഥാനവിലയായ 20 ലക്ഷത്തിനാണ് അര്‍ജുന്‍ മുംബൈയിലെത്തിയത്. താരലേലത്തില്‍ അവസാനത്തെ പേരായിരുന്നു അര്‍ജുന്റേത്. ശേഷം, ലേലം അവസാനിക്കുകയായിരുന്നു. 

കഴിഞ്ഞ മാസം സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലൂടെയാണ് അര്‍ജുന്‍ മുംബൈയുടെ സീനിയര്‍ ടീമില്‍ അരങ്ങേറിയത്. എന്നാല്‍ മികച്ച പ്രകടനം നടത്താനൊന്നും താരത്തിന് സാധിച്ചിരുന്നില്ല. പിന്നീട് പൊലീസ് ഇന്‍വിറ്റേഷന്‍ ഷീല്‍ഡ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ എംഐജി ക്രിക്കറ്റിന് വേണ്ടിയും താരം കളിച്ചു. ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് 21കാരന്‍ നടത്തിയത്. 31 പന്തില്‍ 71 റണ്‍സ് നേടിയ അര്‍ജുന്‍ 41 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.

2018ല്‍ ഇന്ത്യ അണ്ടര്‍ 19 ടീമിന്റെ ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടീമില്‍ അംഗമായിരുന്നു അര്‍ജുന്‍. ഇടങ്കയ്യനായ അര്‍ജുന്‍ അടുത്തിടെ ഇംഗ്ലണ്ടില്‍ പരിശീലനം നടത്തിയിരുന്നു. പാക് ഇതിഹാസം വസീം അക്രം താരത്തിന് നിര്‍ദേശങ്ങളും നല്‍കിയിരുന്നു.

രണ്ടാം ഘട്ടലേലത്തില്‍ കരുണ്‍ നായര്‍ (കൊല്‍ക്കത്ത), സൗരഭ് കുമാര്‍ (പഞ്ചാബ്), കേദാര്‍ ജാദവ് (ഹൈദരാബാദ്), സാം ബില്ലിംഗ്‌സ് (ഡല്‍ഹി കാപിറ്റല്‍സ്), ഹര്‍ഭജന്‍ സിംഗ് (കൊല്‍ക്കത്ത), മുജീബ് ഉര്‍ റഹ്‌മാന്‍ (ഹൈദരാബാദ്) എന്നിവര്‍ വിറ്റുപോയിരുന്നു. 

click me!