Ashes Pink ball Test : ബട്ട്‌ലര്‍ പൊരുതിവീണു, റിച്ചാര്‍ഡ്‌സണ് 5 വിക്കറ്റ്; അഡ്‌ലെയ്‌ഡിലും ഓസീസ് ജയഗാഥ

By Web TeamFirst Published Dec 20, 2021, 3:20 PM IST
Highlights

ആഷസ് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് മുന്നില്‍ 468 റണ്‍സിന്‍റെ പടുകൂറ്റന്‍ വിജയലക്ഷ്യമാണ് രണ്ടാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയ വച്ചുനീട്ടിയത്

അഡ്‌ലെയ്‌ഡ്: ആഷസ് ക്രിക്കറ്റ് പരമ്പരയിലെ (Ashes 2021-22) രണ്ടാം ടെസ്റ്റില്‍ (Australia vs England, 2nd Test) ഇംഗ്ലണ്ടിനെതിരെ വമ്പന്‍ ജയവുമായി ഓസ്‌ട്രേലിയ. ജേ റിച്ചാര്‍ഡ്‌സണ്‍ (Jhye Richardson) അഞ്ച് വിക്കറ്റുമായി തകര്‍ത്താടിയപ്പോള്‍ അഡ്‌ലെയ്‌ഡ് ഓവലില്‍ 275 റണ്‍സിനാണ് സ്റ്റീവ് സ്‌മിത്തും കൂട്ടരും വിജയക്കൊടി നാട്ടിയത്. 468 റണ്‍സെന്ന ഹിമാലയന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സില്‍ 192 റണ്‍സില്‍ പുറത്തായി. സ്‌കോര്‍: ഓസ്‌ട്രേലിയ-473/9 d & 230/9 d, ഇംഗ്ലണ്ട്- 236 & 192-10. ഇതോടെ പരമ്പരയില്‍ ഓസീസ് 2-0ന് മുന്നിലെത്തി. ആദ്യ ടെസ്റ്റില്‍ ഓസീസ് 9 വിക്കറ്റിന് വിജയിച്ചിരുന്നു. 

രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് മുന്നില്‍ 468 റണ്‍സിന്‍റെ പടുകൂറ്റന്‍ വിജയലക്ഷ്യമാണ് രണ്ടാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയ വച്ചുനീട്ടിയത്. 247 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ഓസീസ് നാലാം ദിനം രണ്ടാം സെഷനില്‍ 9 വിക്കറ്റിന് 230 റണ്‍സ് എന്ന നിലയില്‍ രണ്ടാം ഇന്നിംഗ്‌സ് ഡിക്ലെയര്‍ ചെയ്‌തു. ഇതോടെ ആകെ 467 റണ്‍സിന്‍റെ ലീഡായി സ്‌മിത്തിനും കൂട്ടര്‍ക്കും. 

ആറ് വിക്കറ്റ് കയ്യിലിരിക്കേ അവസാന ദിനമായ ഇന്ന് 386 റൺസ് എന്ന അസാധാരണ വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനായി ബെന്‍ സ്റ്റോക്‌സും ജോസ് ബട്‌ലറും ക്രിസ് വോക്‌സും പൊരുതി നോക്കിയെങ്കിലും സമനിലയില്‍ എത്തിക്കാനായില്ല. ബട്‌ലറെ കൂട്ടുപിടിച്ച് 77 പന്തില്‍ 12 റണ്‍സെടുത്ത സ്റ്റോക്‌സ് ലിയോണിന് മുന്നില്‍ എല്‍ബിയില്‍ കുടുങ്ങിയതായിരുന്നു ആദ്യ പ്രഹരം.

എന്നാല്‍ അവിടുന്നങ്ങോട്ട് ബട്‌ലറുടെയും ക്രിസ് വോക്‌സിന്‍റേതുമായി ഊഴം. എട്ടാമനായി ക്രീസിലെത്തിയ വോക്‌സ് 97 പന്തുകള്‍ പ്രതിരോധിച്ച് 44 റണ്‍സില്‍ നില്‍ക്കേ ജേ റിച്ചാര്‍ഡ്‌സണിന്‍റെ പന്തില്‍ ബൗള്‍ഡായി. 39 പന്തില്‍ എട്ട് റണ്‍സെടുത്ത ഓലി റോബിന്‍സണെ ലിയോണ്‍, സ്‌മിത്തിന്‍റെ കൈകളില്‍ എത്തിച്ചതോടെ ഇംഗ്ലണ്ട് 178-8. അഞ്ചാം ദിനം അവസാന സെഷന്‍ ആരംഭിക്കുമ്പോള്‍ ബട്‌ലര്‍ 196 പന്തില്‍ 25 റണ്‍സുമായും സ്റ്റുവര്‍ട്ട് ബ്രോഡ് 16 പന്തില്‍ അക്കൗണ്ട് തുറക്കാതെയുമായിരുന്നു ക്രീസില്‍. 

ചായക്ക് ശേഷം റിച്ചാര്‍ഡ്‌‌സണ്‍ എറിഞ്ഞ രണ്ടാം ഓവറിലെ അവസാന പന്തില്‍ പൊരുതിക്കളിച്ച ബട്‌ലര്‍ നിര്‍ഭാഗ്യം കൊണ്ട് ഹിറ്റ് വിക്കറ്റായി. 207 പന്ത് ബാറ്റ് ചെയ്‌ത ബട്‌ലര്‍ 26 റണ്‍സാണ് നേടിയത്. വൈകാതെ ജിമ്മി ആന്‍ഡേഴ്‌സണെ(2) ഗ്രീനിന്‍റെ കൈകളിലെത്തിച്ച് അഞ്ച് വിക്കറ്റ് തികച്ച ജേ റിച്ചാര്‍ഡ്‌സണ്‍ ഓസീസിന് ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചു. സ്റ്റുവര്‍ട്ട് ബ്രോഡ് 9 റണ്‍സുമായി പുറത്താകാതെ നിന്നു. ഹസീബ് ഹമീദ്(0), ഡേവിഡ് മലാന്‍(20), റോറി ബേണ്‍സ്(34), നായകന്‍ ജോ റൂട്ട്(24) എന്നിവരെ നാലാം ദിനം ഇംഗ്ലണ്ടിന് നഷ്‌ടമായിരുന്നു. 

നേരത്തെ 51 റണ്‍സ് വീതം നേടിയ മാര്‍നസ് ലബുഷെയന്‍, ട്രാവിഡ് ഹെഡ് എന്നിവരാണ് ഓസീസിന്‍റെ രണ്ടാം ഇന്നിംഗ്‌സ് സ്‌കോര്‍ 200 കടത്തിയത്. കാമറൂണ്‍ ഗ്രീന്‍ 33 റണ്‍സുമായി പുറത്താവാതെ നിന്നു. ഡേവിഡ് വാര്‍ണ്‍ (13), മാര്‍കസ് ഹാരിസ് (23), മൈക്കല്‍ നെസര്‍ (3), സ്റ്റീവന്‍ സ്‌മിത്ത് (6), അലക്‌സ് ക്യാരി (6), മിച്ചല്‍ സ്റ്റാര്‍ക്ക് (19), ജേ റിച്ചാര്‍ഡ്‌സണ്‍ (8) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. മലാന്‍, റൂട്ട്, ഒല്ലി റോബിന്‍സണ്‍ എന്നിവര്‍ ഇംഗ്ലണ്ടിനായി രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. 

ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്‌സില്‍ ഡേവിഡ് മലാന്‍ (80), ജോ റൂട്ട് (62), ബെന്‍ സ്‌റ്റോക്‌സ് (34) എന്നിവരൊഴികെ മറ്റാര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. മിച്ചല്‍ സ്റ്റാര്‍ക്ക് നാലും നഥാന്‍ ലിയോണ്‍ മൂന്ന് വിക്കറ്റും വീഴ്ത്തി. ഓസീസിന് ഒന്നാം ഇന്നിംഗ്‌സില്‍ മാര്‍നസ് ലബുഷെയ്ന്‍ (103), ഡേവിഡ് വാര്‍ണര്‍ (95), സ്റ്റീവന്‍ സ്‌മിത്ത് (93), അലക്‌സ് ക്യാരി (51) എന്നിവരുടെ ഇന്നിംഗ്‌സാണ് തുണയായത്. വാലറ്റത്ത് നെസര്‍ 35 ഉം സ്റ്റാര്‍ക്ക് പുറത്താകാതെ 39 ഉം റണ്‍സ് പേരിലാക്കി. 

KL Rahul vice-captain : കിറുകൃത്യം! കെ എല്‍ രാഹുലിനെ ടെസ്റ്റ് വൈസ് ക്യാപ്റ്റനാക്കിയതിന് കയ്യടിച്ച് മുന്‍താരം
 

click me!