പരിക്കേറ്റ രോഹിത് ശര്‍മ്മയ്‌ക്ക് പകരമാണ് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയില്‍ കെ എല്‍ രാഹുലിനെ ഇന്ത്യന്‍ സെലക്‌ടര്‍മാര്‍ ഉപനായകനാക്കിയത് 

ജൊഹന്നസ്‌ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ (India Tour of South Africa 2021-22) കെ എല്‍ രാഹുലിനെ (KL Rahul) ടീം ഇന്ത്യയുടെ (Team India) വൈസ് ക്യാപ്റ്റനാക്കിയത് ഉചിതമായ തീരുമാനമെന്ന് മുന്‍ സെലക്‌ടര്‍ സാബാ കരീം (Saba Karim). രോഹിത് ശര്‍മ്മയെയാണ് നേരത്തെ ഉപനായകനാക്കിയിരുന്നതെങ്കിലും ഹിറ്റ്‌മാന് പരിക്കേറ്റതോടെ പുതിയൊരാള്‍ക്ക് നറുക്ക് വീഴുകയായിരുന്നു. വിരാട് കോലി (Virat Kohli) തന്നെയാണ് ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത്. 

'കെ എല്‍ രാഹുലിനെ ടെസ്റ്റ് വൈസ് ക്യാപ്റ്റനാക്കിയത് കൃത്യസമയത്ത് എടുത്ത ഉചിതമായ തീരുമാനമാണ്. ടീം മാനേജ്‌മെന്‍റിനോട് ആലോചിച്ച് ഭാവി കൂടി പരിഗണിച്ചായിരിക്കും ഈ തീരുമാനം കൈക്കൊണ്ടിട്ടുണ്ടാവുക. രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍ രാഹുലിനെ വൈസ് ക്യാപ്റ്റനാക്കാനുള്ള സെലക്‌ടര്‍മാരുടെ തീരുമാനത്തില്‍ വിരാട് കോലി സന്തുഷ്‌ടനായിരിക്കും. ഭാവിയില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ നയിക്കാന്‍ പ്രാപ്‌തനായ താരമാണ് രാഹുല്‍. ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനായി മികച്ച ക്യാപ്റ്റന്‍സി രാഹുല്‍ കാഴ്‌ചവെച്ചിട്ടുണ്ട്. മികച്ച പ്രകടനം പുറത്തെടുക്കുന്ന, വിവിധ ഫോര്‍മാറ്റുകളില്‍ കളിക്കുന്ന താരമാണ് രാഹുലിപ്പോള്‍' എന്നും സാബാ കരീം പറഞ്ഞു.

ടെസ്റ്റ് പരമ്പരക്കായി ദക്ഷിണാഫ്രിക്കയില്‍ എത്തിയ ടീം ഇന്ത്യ ഇതിനകം പരിശീലനം തുടങ്ങിക്കഴിഞ്ഞു. ഡിസംബര്‍ 26നാണ് മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിലെ ഒന്നാം മത്സരത്തിന് തുടക്കമാവുക. ദക്ഷിണാഫ്രിക്കയില്‍ ഇതുവരെ ടെസ്റ്റ് പരമ്പര നേടിയിട്ടില്ലെന്ന നാണക്കേട് മറികടക്കാനാണ് ടീം ഇന്ത്യ ഇത്തവണ വിരാട് കോലിയുടെ നേതൃത്വത്തിലിറങ്ങുന്നത്. പരിക്ക് കാരണം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും സ്‌പിന്നര്‍മാരായ രവീന്ദ്ര ജഡേജയും അക്‌സര്‍ പട്ടേലും ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡിലില്ല. രോഹിത്തിന് പകരം ഇന്ത്യ എ നായകന്‍ പ്രിയങ്ക് പാഞ്ചലിനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡ്

വിരാട് കോലി(ക്യാപ്റ്റന്‍), പ്രിയങ്ക് പാഞ്ചല്‍, കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍, ഹനുമാ വിഹാരി, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), വൃദ്ധിമാന്‍ സാഹ(വിക്കറ്റ് കീപ്പര്‍), രവിചന്ദ്ര അശ്വിന്‍, ജയന്ത് യാദവ്, ഇശാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്‌പ്രീത് ബുമ്ര, ഷര്‍ദ്ദുള്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്. 

Under 19 World Cup : ടീം ഇന്ത്യയെ യഷ് ദുള്‍ നയിക്കും, റഷീദ് വൈസ് ക്യാപ്റ്റന്‍; 17 അംഗ ടീമിനെ പ്രഖ്യാപിച്ചു