Ashes Pink ball Test : ഓസ്‌ട്രേലിയക്ക് ഹിമാലയന്‍ ലീഡ്; ഇംഗ്ലണ്ടിന് എളുപ്പമാകില്ല, 468 റണ്‍സ് വിജയലക്ഷ്യം

By Web TeamFirst Published Dec 19, 2021, 1:35 PM IST
Highlights

നേരത്തെ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് സ്കോറായ 473 റണ്‍സിന് മറുപടിയായി ഇംഗ്ലണ്ട് മൂന്നാം ദിനം 236ന് പുറത്തായിരുന്നു

അഡ്‌ലെയ്‌ഡ്: ആഷസ് പരമ്പരയിലെ (Ashes 2021-22) രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ (Australia vs England 2nd Test) ഇംഗ്ലണ്ടിന് മുന്നില്‍ 468 റണ്‍സിന്‍റെ പടുകൂറ്റന്‍ വിജയലക്ഷ്യം വച്ചുനീട്ടി ഓസ്‌ട്രേലിയ. 247 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ഓസീസ് നാലാം ദിനം രണ്ടാം സെഷനില്‍ 9 വിക്കറ്റിന് 230 റണ്‍സ് എന്ന നിലയില്‍ രണ്ടാം ഇന്നിംഗ്‌സ് ഡിക്ലെയര്‍ ചെയ്‌തു. 

ഹെഡിനും ലബുഷെയ്‌നും ഫിഫ്റ്റി

നേരത്തെ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് സ്കോറായ 473 റണ്‍സിന് മറുപടിയായി ഇംഗ്ലണ്ട് മൂന്നാം ദിനം 236ന് പുറത്തായിരുന്നു. 247 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയെങ്കിലും ഇംഗ്ലണ്ടിനെ ഫോളോ ഓണ്‍ ചെയ്യിക്കാതെ രണ്ടാം ഇന്നിംഗ്സ് തുടങ്ങുകയായിരുന്നു ഓസീസ്. 13 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറെ മൂന്നാം ദിനത്തിനൊടുവില്‍ ഇംഗ്ലണ്ട് പറഞ്ഞയച്ചിരുന്നു. 

ഒരു വിക്കറ്റിന് 45 റണ്‍സ് എന്ന നിലയില്‍ നാലാം ദിനം തുടങ്ങിയ ഓസീസിന് മൈക്കല്‍ നെസര്‍(3), മാര്‍ക്കസ് ഹാരിസ്(23), സ്റ്റീവ് ‌സ്‌മിത്ത്(6), ട്രാവിഡ് ഹെഡ്(51), മാര്‍നസ് ലബുഷെയ്‌ന്‍(51), അലക്‌സ് ക്യാരി(6), മിച്ചല്‍ സ്റ്റാര്‍ക്ക്(19), ജേ റിച്ചാര്‍ഡ്‌സണ്‍(8) എന്നിവരുടെ വിക്കറ്റുകള്‍ നഷ്‌ടമായി. 33 റണ്‍സുമായി കാമറൂണ്‍ ഗ്രീന്‍ പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി റോബിന്‍സണും റൂട്ടും മലനും രണ്ട് വീതവും ആന്‍ഡേഴ്‌സണും ബ്രോഡും ഓരോ വിക്കറ്റും വീഴ്‌ത്തി. 

റൂട്ട് വീണു, കളി തിരിഞ്ഞു

മൂന്നാം ദിനം 17-2 എന്ന സ്കോറില്‍ ഒന്നാം ഇന്നിംഗ്സ് തുടങ്ങിയ ഇംഗ്ലണ്ടിനായി മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഡേവിഡ് മലനും ജോ റൂട്ടും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി മികച്ച സ്കോറിനുള്ള അടിത്തറയിട്ടെങ്കിലും മധ്യനിരക്ക് അത് മുതലാക്കാനായില്ല. 62 റണ്‍സെടുത്ത റൂട്ടിനെ ഗ്രീനും ഡേവിഡ് മലനെ(80) സ്റ്റാര്‍ക്ക് മടക്കി. ഓലി പോപ്പിനെ(5) ലിയോണും ജോസ് ബട്‌ലറെ(0) സ്റ്റാര്‍ക്കും വീഴ്ത്തിയതോടെ 150-2 എന്ന സ്കോറില്‍ നിന്ന് 169-6ലേക്ക് ഇംഗ്ലണ്ട് കൂപ്പുകുത്തി. ബെന്‍ സ്റ്റോക്‌സും(34), ക്രിസ് വോക്സും(24) പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും വോക്സിനെ ലിയോണ്‍ മടക്കിയതോടെ ഇംഗ്ലണ്ടിന്‍റെ പോരാട്ടം അധികം നീണ്ടില്ല.

സ്റ്റോക്സിനെ ഗ്രീന്‍ വീഴ്ത്തിയതിന് പിന്നാലെ വാലരിഞ്ഞ് ലിയോണും സ്റ്റാര്‍ക്കും ചേര്‍ന്ന് ഇംഗ്ലണ്ട് ഇന്നിംഗ്സ് അവസാനിപ്പിച്ചു. ഓസ്ട്രേലിയക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് നാലും നേഥന്‍ ലിയോണ്‍ മൂന്നും വിക്കറ്റെടുത്തപ്പോള്‍ കാമറോണ്‍ ഗ്രീന്‍ രണ്ട് വിക്കറ്റെടുത്തു.

ലബുഷെയ്‌ന്‍, വാര്‍ണര്‍, സ്‌മിത്ത് പടയോട്ടം

ഓസ്ട്രേലിയ ആദ്യ ഇന്നിംഗ്‌സില്‍ 473/9 എന്ന സ്‌കോറില്‍ ഡിക്ലെയർ ചെയ്യുകയായിരുന്നു. മാര്‍നസ് ലബുഷെയ്‌ന്‍ സെഞ്ചുറി(103) നേടിയപ്പോള്‍ ഡേവിഡ് വാര്‍ണര്‍ക്കും(95) നായകന്‍ സ്റ്റീവ് സ്‌മിത്തിനും(93) ശതകം നഷ്‌ടമായി. വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയും(51) അര്‍ധ സെഞ്ചുറി നേടി. വാലറ്റത്ത് മിച്ചല്‍ സ്റ്റാര്‍ക്ക്(39), മൈക്കല്‍ നെസര്‍(35) എന്നിവരുടെ പ്രകടനവും തുണയായി. ബെന്‍ സ്റ്റോക്‌സ് മൂന്നും ജിമ്മി ആന്‍ഡേഴ്‌സണ്‍ രണ്ടും സ്റ്റുവര്‍ട്ട് ബ്രോഡും ക്രിസ് വോക്‌സും ഓലി റോബിന്‍സണും ജോ റൂട്ടും ഇംഗ്ലണ്ടിനായി ഓരോ വിക്കറ്റും സ്വന്തമാക്കി. 

South Africa vs India : പേസര്‍മാര്‍ ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര നേടിത്തരും: ചേതേശ്വര്‍ പൂജാര

click me!