ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര നേടുമെന്ന് പറയാനുള്ള കാരണങ്ങള്‍ ഇവ...ബയോ ബബിളിന്‍റെ ഗുണവും പോരായ്‌മയും വിശദീകരിച്ചും പൂജാര. 

ജൊഹന്നസ്‌ബര്‍ഗ്: പേസര്‍മാര്‍ ഇക്കുറി ദക്ഷിണാഫ്രിക്കയില്‍ (India Tour of South Africa 2021-22) കന്നി ടെസ്റ്റ് പരമ്പര ജയം ടീം ഇന്ത്യക്ക് (Team India) സമ്മാനിക്കുമെന്ന് സീനിയര്‍ താരം ചേതേശ്വര്‍ പൂജാര (Cheteshwar Pujara). പരമ്പരയിലെ എല്ലാം ടെസ്റ്റിലും 20 വിക്കറ്റും വീഴ്‌ത്താനുള്ള ശേഷി ഇന്ത്യന്‍ പേസ് നിരയ്‌ക്കുണ്ട് എന്ന് പൂജാര പ്രശംസിച്ചു. 

'എപ്പോഴൊക്കെ വിദേശത്ത് കളിച്ചോ അപ്പോഴെല്ലാം നമ്മുടെ പേസ് ബൗളര്‍മാരായിരുന്നു ഇരു ടീമുകളും തമ്മിലുള്ള വ്യത്യാസം. ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും ഇന്ത്യന്‍ ബൗളിംഗ് യൂണിറ്റ് മികച്ച പ്രകടനം കാഴ്‌ചവെച്ചു. ദക്ഷിണാഫ്രിക്കയിലും ഈ മികവുണ്ടാകുമെന്നുറപ്പ്. ഫാസ്റ്റ് ബൗളര്‍മാരാണ് നമ്മുടെ കരുത്ത്. പിച്ചിന്‍റെ ആനുകൂല്യം മുതലാക്കി എല്ലാ ടെസ്റ്റിലും 20 വിക്കറ്റും അവര്‍ പിഴുതെറിയും എന്നാണ് പ്രതീക്ഷ. 

ഇന്ത്യയില്‍ (ന്യൂസിലന്‍ഡിനെതിരെ) ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചാണ് താരങ്ങള്‍ വരുന്നത്. അതിനാല്‍ ടീമിലെ മിക്ക താരങ്ങളും ടച്ചിലാണ്. ടീം ഇന്ത്യയുടെ തയ്യാറെടുപ്പുകളിലേക്ക് വരുമ്പോള്‍ സപ്പോര്‍ട്ട് സ്റ്റാഫ് ഗംഭീരമാണ്. അവര്‍ മികച്ച പിന്തുണയാണ് നല്‍കുന്നത്. ആദ്യ ടെസ്റ്റിനിറങ്ങും മുമ്പ് അഞ്ചോ ആറോ ദിവസം നമുക്ക് മുന്നിലുണ്ട്. പരമ്പരയ്‌‌ക്കായി തയ്യാറെടുക്കാന്‍ ഈസമയം ധാരാളം. ദക്ഷിണാഫ്രിക്കയിലെ ആദ്യ ടെസ്റ്റ് പരമ്പര വിജയം നേടാന്‍ ഇത് മികച്ച അവസരമാണ്. അതിനായുള്ള ശ്രമങ്ങളിലാണ് താരങ്ങള്‍ എല്ലാവരും. 

ടീമിലെ ആത്മബന്ധം മെച്ചപ്പെടുത്താന്‍ ബയോ ബബിള്‍ സഹായിക്കുന്നതായി ചിലപ്പോള്‍ തോന്നാറുണ്ട്. താരങ്ങള്‍ കൂടുതല്‍ സമയം ഒന്നിച്ച് കഴിയുന്നതിനാലാണിത്. എന്നാല്‍ അതേസമയം വെല്ലുവിളികളുമുണ്ട്. ബയോ ബബിളില്‍ നിന്ന് പുറത്തുപോകാന്‍ കഴിയില്ല. എന്നിരുന്നാലും ഈ കൊവിഡ് കാലത്ത് കുറച്ച് ക്രിക്കറ്റ് കളിക്കാന്‍ കഴിയുന്നത് ക്രിക്കറ്റര്‍ എന്നത് സന്തോഷം നല്‍കുന്നു' എന്നും പൂജാര കൂട്ടിച്ചേര്‍ത്തു. 

ടീം ഇന്ത്യക്ക് ഇതുവരെ ടെസ്റ്റ് പരമ്പര സ്വന്തമാക്കാന്‍ കഴിയാത്ത മണ്ണാണ് ദക്ഷിണാഫ്രിക്ക. 1992/93 സീസണ്‍ മുതലിങ്ങോട്ട് ഇന്ത്യ ഏഴ് തവണ പര്യടനം നടത്തിയപ്പോള്‍ ആറ് പരമ്പര ജയങ്ങള്‍ പ്രോട്ടീസിനൊപ്പം നിന്നു. 2010/11 സീസണില്‍ എം എസ് ധോണിക്ക് കീഴില്‍ ടെസ്റ്റ് പരമ്പര സമനിലയിലാക്കിയതാണ് ഇന്ത്യയുടെ ഇതുവരെയുള്ള മികച്ച പ്രകടനം.

ടെസ്റ്റ് പരമ്പരക്കായി ടീം ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ എത്തിയിട്ടുണ്ട്. ഡിസംബര്‍ 26നാണ് ഒന്നാം ടെസ്റ്റിന് തുടക്കമാവുക. പരിക്ക് കാരണം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും സ്‌പിന്നര്‍മാരായ രവീന്ദ്ര ജഡേജയും അക്‌സര്‍ പട്ടേലും ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡിലില്ല. 

ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡ്

വിരാട് കോലി(ക്യാപ്റ്റന്‍), പ്രിയങ്ക് പാഞ്ചല്‍, കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍, ഹനുമാ വിഹാരി, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), വൃദ്ധിമാന്‍ സാഹ(വിക്കറ്റ് കീപ്പര്‍), രവിചന്ദ്ര അശ്വിന്‍, ജയന്ത് യാദവ്, ഇശാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്‌പ്രീത് ബുമ്ര, ഷര്‍ദ്ദുള്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്.

South Africa vs India : സുവര്‍ണാവസരം; കോലിപ്പട ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര നേടുമെന്ന് മുന്‍താരം