
സിഡ്‌നി: ആഷസ് ക്രിക്കറ്റ് പരമ്പരയിലെ (The Ashes 2021-22) നാലാം ടെസ്റ്റിന് (Australia vs England, 4th Test) മുമ്പ് ഓസ്‌ട്രേലിയക്ക് തിരിച്ചടി. കൊവിഡ് ബാധിതനായ ബാറ്റ്സ്‌മാന്‍ ട്രാവിസ് ഹെഡിന് (Travis Head) സിഡ്‌നി ടെസ്റ്റ് നഷ്‌ടമാകുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ (Cricket Australia) അറിയിച്ചു. ബോക്‌സിംഗ് ഡേ ടെസ്റ്റിന് (Boxing Day Test) ശേഷം മെല്‍ബണില്‍ തുടരുന്ന ഹെഡ് ഏഴ് ദിവസം ഐസൊലേഷനിലായിരിക്കും. ജനുവരി അഞ്ചിനാണ് സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റ് (Sydney Cricket Test) ആരംഭിക്കുക.
അതേസമയം ഹൊബാര്‍ട്ടില്‍ നടക്കുന്ന അവസാന ടെസ്റ്റില്‍ ട്രാവിഡ് ഹെഡിന് കളിക്കാനായേക്കും എന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പ്രതീക്ഷ. ജനുവരി 14നാണ് അഞ്ചാം ടെസ്റ്റ് തുടങ്ങുക.
അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച് ഓസ്‌ട്രേലിയ ഇതിനകം ആഷസ് സ്വന്തമാക്കിയിട്ടുണ്ട്. ഗാബയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ വിജയശില്‍പിയായത് 148 പന്തില്‍ 152 റണ്‍സ് നേടിയ ഹെഡായിരുന്നു. ഹെഡ് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട മത്സരം ഒന്‍പത് വിക്കറ്റിനാണ് ഓസീസ് ജയിച്ചത്. അഡ്‌ലെയ്‌ഡില്‍ നടന്ന രണ്ടാം ടെസ്റ്റ് 275 റണ്‍സിനും മെല്‍ബണിലെ മൂന്നാം മത്സരം ഇന്നിംഗ്‌സിനും 14 റണ്‍സും ഓസീസ് സ്വന്തമാക്കിയതോടെ പരമ്പര 3-0 എന്ന നിലയിലാണ്.
മെല്‍ബണ്‍ വേദിയായ ബോക്‌സില്‍ ഡേ ടെസ്റ്റില്‍ ഇന്നിംഗ്‌സ് വിജയവുമായാണ് സിഡ്‌നി ടെസ്റ്റിന് ഓസീസ് തയ്യാറെടുക്കുന്നത്. മൂന്ന് ദിവസത്തിനിടെ ഇംഗ്ലണ്ട് തോല്‍വി സമ്മതിച്ചു. ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് 185 റണ്‍സില്‍ പുറത്തായപ്പോള്‍ ഓസീസ് 267 റണ്‍സേ നേടിയുള്ളൂ. എന്നാല്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് വെറും 68 റണ്‍സില്‍ അടിയറവുപറഞ്ഞു. ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിംഗ്‌സില്‍ ഏഴ് റണ്‍സ് വഴങ്ങി ആറ് വിക്കറ്റെടുത്ത അരങ്ങേറ്റക്കാരന്‍ സ്കോട് ബോളാണ്ടിന്‍റെ തകര്‍പ്പന്‍ ബൗളിംഗാണ് ഓസീസിന്‍റെ വിജയം അനായാസമാക്കിയത്.