
ലോര്‍ഡ്‌സ്: ആഷസ് രണ്ടാം ടെസ്റ്റിന്‍റെ അവസാന ദിനം ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോണി ബെയ്‌ര്‍സ്റ്റോ പുറത്തായ രീതി ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. ബെയ്‌ര്‍സ്റ്റോയെ പുറത്താക്കിയ ഓസ്ട്രേലിയയുടെ രീതി ക്രിക്കറ്റിന്‍റെ മാന്യതയ്‌ക്ക് നിരക്കാത്തതാണ് എന്ന് ഒരുപക്ഷം വാദിക്കുമ്പോള്‍ നിയമം വായിച്ച് പഠിക്കണം എന്നാണ് മറുപക്ഷത്തിന്‍റെ വാദം. ഇതിനിടെ ഇംഗ്ലണ്ടിന്‍റെയും ഓസ്ട്രേലിയയുടേയും പ്രധാനമന്ത്രിമാര്‍ ഈ വിഷയത്തില്‍ മുഖാമുഖം വന്നത് ആഷസിനെ കൂടുതല്‍ ചൂടുപിടിപ്പിച്ചിരിക്കുകയാണ്.
ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും കടുത്ത പോരാട്ടമായാണ് ആഷസ് ക്രിക്കറ്റ് പരമ്പര വിശേഷിപ്പിക്കപ്പെടുന്നത്. ബാറ്റും ബോളും കൊണ്ട് പല താരങ്ങളും ആഷസിലെ ശ്രദ്ധാകേന്ദ്രങ്ങളാവുന്നതാണ് പതിവ് എങ്കില്‍ ഇത്തവണ ഒരു നാടകീയ പുറത്താവലിന്‍മേല്‍ ചുറ്റിക്കറങ്ങുകയാണ് ആഷസ് പരമ്പര. ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിംഗ്‌സിലെ 52-ാം ഓവറില്‍ ഓസീസ് പേസര്‍ കാമറൂണ്‍ ഗ്രീനിന്‍റെ ഷോട്ട്‌ബോള്‍ ഒഴിഞ്ഞുമാറിയ ശേഷം നോണ്‍ സ്‌ട്രൈക്കിംഗ് എന്‍ഡിലുള്ള ബെന്‍ സ്റ്റോക്‌സിനോട് സംസാരിക്കാന്‍ പോയ ബെയ്‌ര്‍സ്റ്റോയെ അണ്ടര്‍ ആം ത്രോയിലൂടെ കീപ്പര്‍ അലക്‌സ് ക്യാരി പുറത്താക്കുകയായിരുന്നു. ഇതാണ് വലിയ വിവാദത്തിന് വഴിവെച്ചത്. മത്സരം 43 റണ്‍സിന് ജയിച്ച ഓസീസ് 2-0ന് പരമ്പരയില്‍ മുന്നിലെത്തുകയും ചെയ്തു.
ഓസീസ് ജയിച്ച രീതിയെ വിമര്‍ശിച്ച് ഇതിന് പിന്നാലെ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സ് രംഗത്തെത്തിയിരുന്നു. 'അത് ഔട്ടാണോ അല്ലയോ എന്നുള്ള കാര്യത്തിന്‍ ഞാന്‍ തര്‍ക്കിക്കാനില്ല. ഓസ്‌ട്രേലിയയെ സംബന്ധിച്ചിടത്തോളം അതൊരു മാച്ച് വിന്നിംഗ് നിമിഷമായിരുന്നു. എന്നാല്‍ ഈ രീതിയില്‍ മത്സരം ജയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല' എന്നായിരുന്നു മത്സര ശേഷം സ്റ്റോക്‌സിന്‍റെ വാക്കുകള്‍. ഇതിനെ പിന്തുണച്ച് യുകെ പ്രധാനമന്ത്രി ഋഷി സുനക് രംഗത്തെത്തിയതാണ് ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാര്‍ തമ്മിലുള്ള പരോക്ഷമായ വാക്‌പോരിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. 'ഓസ്‌ട്രേലിയ ജയിച്ച രീതിയില്‍ ഞങ്ങള്‍ വിജയിക്കാനാഗ്രഹിക്കുന്നില്ല എന്ന നായകന്‍ ബെന്‍ സ്റ്റോക്‌സിന്‍റെ വാക്കുകള്‍ അംഗീകരിക്കുന്നു' എന്നായിരുന്നു പ്രസ്‌താവനയിലൂടെ ഋഷി സുനകിന്‍റെ പ്രതികരണം.
ഇതിന് പിന്നാലെ ഇംഗ്ലീഷ് മാധ്യമങ്ങളെയും ആരാധകരേയും പരോക്ഷമായി വിമര്‍ശിച്ച് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്‍റണി ആൽബനീസ് രംഗത്തെത്തി. 'ഇംഗ്ലണ്ടിനെതിരെ ആഷസിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഓസീസ് പുരുഷ, വനിതാ ടീമുകളെ ഓര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു. പഴയ ഓസീസ് തന്നെ, എപ്പോഴും വിജയിക്കുന്നു. ഓസീസ് ക്യാപ്റ്റന്‍മാരായ അലീസ ഹീലിക്കും പാറ്റ് കമ്മിന്‍സിനും ടീമിനും പിന്തുണകള്‍' എന്നുമായിരുന്നു ആല്‍ബനീസിന്‍റെ വാക്കുകള്‍. ഓസ്ട്രേലിയന്‍ ടീം ക്രിക്കറ്റിനെ വഞ്ചിച്ചു എന്ന ഇംഗ്ലീഷ് മാധ്യമങ്ങളുടെയും ആരാധകരുടേയും വിമര്‍ശനങ്ങള്‍ക്കാണ് ആന്‍റണി ആൽബനീസ് മറുപടി നല്‍കിയത്.
Read more: 'ബെയ്‌ര്‍സ്റ്റോയെ പുറത്താക്കിയ ഓസീസ് പരസ്യമായി മാപ്പ് പറയണം'; ആവശ്യവുമായി ജെഫ് ബോയ്‌ക്കോട്ട്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം