ബൗണ്‍സറില്‍ പരിക്കേക്കേറ്റ് കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂഷന്‍ ലഭിക്കുന്നതിന് വേണ്ടിയാണ് ലിയോണ്‍ കഷ്‌ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയത് എന്ന വിമര്‍ശനം ശക്തമായിരുന്നു

ലോര്‍ഡ്‌സ്: ആഷസ് രണ്ടാം ടെസ്റ്റില്‍ കാലിലെ പരിക്ക് വകവെക്കാതെ ഓസ്ട്രേലിയന്‍ സ്‌പിന്നര്‍ നേഥന്‍ ലിയോണ്‍ ഇംഗ്ലണ്ടിനെതിരെ ബാറ്റിംഗിന് ഇറങ്ങിയത് വലിയ പ്രശംസ പിടിച്ചുപറ്റിയിരുന്നു. മുടന്തി മുടന്തി ക്രീസിലേക്ക് എത്തിയ താരം ഒറ്റക്കാലില്‍ നിന്നുകൊണ്ട് റണ്‍സ് കണ്ടെത്തുകയും ചെയ്‌തു. എന്നാല്‍ ഇത്ര ഗൗരവതരമായ പരിക്കുണ്ടായിട്ടും എന്തുകൊണ്ടാണ് ലിയോണ്‍ ബാറ്റിംഗിന് ഇറങ്ങിയത് എന്ന ചോദ്യം സജീവമാണ്. ഇംഗ്ലണ്ട് പേസര്‍മാരുടെ ബൗണ്‍സറില്‍ പരിക്കേക്കേറ്റ് കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂഷന്‍ ലഭിക്കുന്നതിന് വേണ്ടിയാണ് ലിയോണ്‍ കഷ്‌ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയത് എന്ന വിമര്‍ശനം ശക്തമായിരുന്നു. ഇതിന് ഉരുളയ്‌ക്ക് ഉപ്പേരി ശൈലിയിലാണ് ഓസീസ് സ്‌പിന്‍ ഇതിഹാസത്തിന്‍റെ മറുപടി. 

'തലയില്‍ ഏറ് കിട്ടി കണ്‍കഷന്‍ സബ്‌സ്റ്റിറ്റ്യൂട്ടാവാന്‍ വേണ്ടിയാണ് കളത്തിലിറങ്ങിയത് എന്ന വിമര്‍ശനം പല കോണുകളില്‍ നിന്നും കേട്ടു. എന്നാല്‍ ഞാനാ വാദത്തിന് എതിരാണ്. തലയില്‍ പന്ത് കൊണ്ട് ഒരു സഹതാരത്തെ നഷ്‌ടമായവനാണ് ഞാന്‍. അതുകൊണ്ട് ഇത്തരം ചര്‍ച്ചകള്‍ നല്ലതല്ല. പരിക്കുമായി ബാറ്റ് ചെയ്യുമ്പോഴുള്ള അപകടം എനിക്കറിയാം. ഈ ടീമിന് വേണ്ടി എന്തും ഞാന്‍ ചെയ്യും എന്നേ പറയാനുള്ളൂ. ആഷസ് പരമ്പരയില്‍ 15 റണ്‍സ് കൂട്ടുകെട്ട് എത്രത്തോളം വലുതാണ് എന്ന് ചിലപ്പോള്‍ നിങ്ങള്‍ക്ക് മനസിലാവില്ല. എന്നാല്‍ ക്രീസിലിറങ്ങി അത് കണ്ടെത്തുന്നതില്‍ എനിക്ക് അഭിമാനമേയുള്ളൂ. അത് ഞാന്‍ വീണ്ടും തുടര്‍ന്നുകൊണ്ടേയിരിക്കും. ഞാനീ ടീമിനെ ഇഷ്‌ടപ്പെടുന്നു. ഓസീസിനായി കളിക്കുന്നത് സന്തോഷമാണ്. ഞാന്‍ തുടര്‍ന്നും എന്‍റെ ചുമതലകളില്‍ തുടരും, സഹതാരങ്ങളെ സഹായിക്കും. പരിക്ക് തന്നെ സാരമായി ബാധിച്ചു. മെഡിക്കല്‍ ടീമുമായി സംസാരിച്ച് തുടര്‍ ചികില്‍സകള്‍ ചെയ്യും' എന്നും ലിയോണ്‍ നാലാംദിനത്തെ മത്സര ശേഷം വ്യക്തമാക്കി. 

കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ട് ലഭിക്കുന്നതിന് വേണ്ടിയാണ് നേഥന്‍ ലിയോണ്‍ ബാറ്റിംഗിന് ഇറങ്ങിയത് എന്ന സംശയം കമന്‍ററിക്കിടെ ഇംഗ്ലീഷ് ഇതിഹാസം കെവിന്‍ പീറ്റേഴ്‌സണ്‍ പ്രകടിപ്പിച്ചിരുന്നു. 'ലിയോണിന്‍റെ തലയില്‍ പന്ത് കൊള്ളുകയും കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ട് ലഭിക്കുകയും ചെയ്യുന്നു എന്ന് സങ്കല്‍പിക്കുക, പകരം ടോഡ് മര്‍ഫിയെ ഓസീസിന് സ്‌പിന്നറായി കളിപ്പിക്കാനാകും' എന്നായിരുന്നു കെപിയുടെ കമന്‍റ്. ഇതിനോട് കൂടിയാണ് ലിയോണ്‍ രൂക്ഷമായ ഭാഷയില്‍ ഫിലിപ് ഹ്യൂസിന്‍റെ ഉദാഹരണം ചൂണ്ടിക്കാട്ടി മറുപടി നല്‍കിയത്. 2014ല്‍ ബൗണ്‍സറേറ്റ് മരണമടഞ്ഞ ഓസീസ് ക്രിക്കറ്ററാണ് ഹ്യൂസ്. 

ഇംഗ്ലണ്ട്-ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിന്‍റെ രണ്ടാംദിനം ഫീല്‍ഡിംഗിനിടെ പരിക്കേറ്റ ശേഷം ലോര്‍ഡ്‌സില്‍ പിന്നീട് നേഥന്‍ ലിയോണിന് പന്തെറിയാകുമോ എന്ന ആശങ്ക സജീവമായിരുന്നു. നാലാംദിനം ടീമിനൊപ്പം ലിയോണ്‍ സ്റ്റേഡിയത്തിലേക്ക് എത്തിയത് ഊന്നിവടികളുടെ സഹായത്തോടെയായിരുന്നു. എന്നാല്‍ പരിക്ക് വകവെക്കാത്ത പതിനൊന്നാമനായി ക്രീസിലെത്തി മിച്ചല്‍ സ്റ്റാര്‍ക്കിനൊപ്പം അവസാന വിക്കറ്റില്‍ ലിയോണ്‍ 15 റണ്‍സ് ചേര്‍ത്തതോടെയാണ് ഓസീസ് 370 റണ്‍സിന്‍റെ ആകെ ലീഡ് നേടിയത്. 13 പന്തില്‍ ഒരു ബൗണ്ടറിയോടെ 4 റണ്‍സ് പൊരുതി നേടി പുറത്തായി മടങ്ങുമ്പോള്‍ ലിയോണിനെ എഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് ലോര്‍ഡ്‌സിലെ കാണികള്‍ വരവേറ്റത്.

Read more: ക്രെച്ചസ് വലിച്ചെറിഞ്ഞ് ക്രീസിലേക്ക്, മുടന്തി ഓട്ടം, പിന്നാലെ ഫോര്‍! അതിമാനുഷികനായി ലിയോണ്‍- വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാംAsianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News