ലോംഗ് റൂമിലെ നാടകീയ സംഭവങ്ങള്‍; ഖവാജയോട് കയര്‍ത്ത അംഗങ്ങള്‍ക്ക് സസ്‌പെന്‍ഷന്‍ നല്‍കി എംസിസി

Published : Jul 03, 2023, 04:32 PM ISTUpdated : Jul 03, 2023, 04:38 PM IST
ലോംഗ് റൂമിലെ നാടകീയ സംഭവങ്ങള്‍; ഖവാജയോട് കയര്‍ത്ത അംഗങ്ങള്‍ക്ക് സസ്‌പെന്‍ഷന്‍ നല്‍കി എംസിസി

Synopsis

ലോംഗ് റൂമിലൂടെ നടക്കുമ്പോള്‍ ഉസ്‌മാന്‍ ഖവാജയെ എംസിസി അംഗങ്ങളില്‍ ഒരാള്‍ തടഞ്ഞുനിര്‍ത്തി ദേഷ്യപ്പെടുകയായിരുന്നു

ലോര്‍ഡ്‌സ്: ആഷസ് ക്രിക്കറ്റ് പരമ്പരയില്‍ ലോര്‍ഡ്‌സിലെ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ബാറ്റര്‍ ജോണി ബെയ്‌ര്‍സ്റ്റോയുടെ വിവാദ പുറത്താകലിന് ശേഷം ലോംഗ് റൂമില്‍ നടന്ന നാടകീയ സംഭവങ്ങളില്‍ മാപ്പ് ചോദിച്ച് മെരിലെബോൺ ക്രിക്കറ്റ് ക്ലബ് (എംസിസി). മത്സരത്തിന്‍റെ അഞ്ചാം ദിനം ഉച്ചഭക്ഷണത്തിനായി ഓസീസ് താരങ്ങള്‍ ഡ്രസിംഗ് റൂമിലേക്ക് മടങ്ങുമ്പോള്‍ ഉസ്‌മാന്‍ ഖവാജയുമായി എംസിസി അംഗങ്ങളില്‍ ചിലര്‍ ലോംഗ് റൂമില്‍ വച്ച് വാഗ്‌വാദത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മാപ്പ് ചോദിച്ച് മെരിലെബോൺ ക്രിക്കറ്റ് ക്ലബ് രംഗത്തെത്തിയത്. എംസിസിയുടെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയമാണ് ലോര്‍ഡ്‌സ്.

ലോംഗ് റൂമിലൂടെ നടക്കുമ്പോള്‍ ഉസ്‌മാന്‍ ഖവാജയെ എംസിസി അംഗങ്ങളില്‍ ഒരാള്‍ തടഞ്ഞുനിര്‍ത്തി ദേഷ്യപ്പെടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇതോടെ സഹതാരം ഡേവിഡ് വാര്‍ണര്‍ ഇടപെടുന്നതും എംസിസി അംഗങ്ങളുമായി തര്‍ക്കിക്കുന്നതും വീഡ‍ിയോയില്‍ കാണാമായിരുന്നു. പിന്നാലെ സുരക്ഷാ അംഗങ്ങളെത്തി താരങ്ങളെ ഡ്രസിംഗ് റൂമിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഓസീസ് താരങ്ങള്‍ കോണിപ്പടി കയറി മുകളിലേക്ക് പോകുമ്പോള്‍ എംസിസി അംഗങ്ങളില്‍ ചിലര്‍ കൂവിവിളിക്കുകയും ചെയ്തു. ഈ സംഭവത്തില്‍ അന്വേഷണം ക്രിക്കറ്റ് ഓസ്ട്രേലിയ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മൂന്ന് അംഗങ്ങളെ എംസിസി സസ്‌പെന്‍‍ഡ് ചെയ്‌തത്. അന്വേഷണം പൂര്‍ത്തിയാകും വരെ മൂവര്‍ക്കും ലോര്‍ഡ്‌സിലേക്ക് തിരികെ വരാനാകില്ല. 

'ലോര്‍ഡ്‌സിലെ ലോംഗ് റൂം ക്രിക്കറ്റിലെ വ്യത്യസ്‌തമായ അനുഭവമാണ്. ഈ പവലിയനിലൂടെ താരങ്ങള്‍ നടന്നുപോകുന്നത് വലിയ അംഗീകാരമാണ്. രാവിലത്തെ കളിക്ക് ശേഷം വൈകാരികമായിരുന്നു രംഗങ്ങള്‍. ഓസീസ് ടീമിലെ ചില താരങ്ങളുമായി ചുരുക്കം ചിലരുടെ ഭാഗത്ത് നിന്ന് വാക്കുതര്‍ക്കം നിര്‍ഭാഗ്യവശാലുണ്ടായി' എന്നും എംസിസി പ്രസ്‌താവനയില്‍ അറിയിച്ചു. 

അഞ്ചാം ദിനം രാവിലത്തെ സെഷനിന് ശേഷം ലോംഗ് റൂമിലൂടെ മടങ്ങുമ്പോള്‍ താരങ്ങള്‍ക്കെതിരെ മോശം പദപ്രയോഗങ്ങളുണ്ടായതിനെ ഓസീസ് ഓപ്പണര്‍ ഉസ്‌മാന്‍ ഖവാജ വിമര്‍ശിച്ചിരുന്നു. 'ലോര്‍ഡ്‌സിലെ കാണികള്‍ മഹത്തരമാണ്, എംസിസി അംഗങ്ങളും അങ്ങനെതന്നെ. എന്നാല്‍ ചിലരുടെ വായില്‍ നിന്നുണ്ടായ വാക്കുകള്‍ ഏറെ നിരാശപ്പെടുത്തുന്നതായി. അവരില്‍ ചിലര്‍ വലിയ ആരോപണങ്ങളാണ് ഉന്നയിച്ചത്. എംസിസി അംഗങ്ങളാണ് അവിടുള്ളത്. അവരില്‍ നിന്ന് മോശം അനുഭവങ്ങളുണ്ടായത് ഞെട്ടിച്ചു. കൂടുതല്‍ നല്ല പെരുമാറ്റം പ്രതീക്ഷിച്ചിരുന്നു' എന്നും ഖവാജ ചാനല്‍ 9നോട് പറ‌‌ഞ്ഞിരുന്നു. ലോര്‍ഡ്‌സ് ടെസ്റ്റിന്‍റെ അവസാന ദിനം ജോണി ബെയ്ര്‍‌സ്റ്റോയുടെ വിവാദ റണ്ണൗട്ടിന് പിന്നാലെയായിരുന്നു ലോംഗ് റൂമിലെ നാടകീയ രംഗങ്ങള്‍. കാമറൂണ്‍ ഗ്രീനിന്‍റെ ഷോട്ട്‌ബോള്‍ ഒഴിഞ്ഞുമാറിയ ശേഷം നോണ്‍ സ്‌ട്രൈക്കിംഗ് എന്‍ഡിലുള്ള ബെന്‍ സ്റ്റോക്‌സിനോട് സംസാരിക്കാന്‍ പോയ ബെര്‍‌സ്റ്റോയെ അണ്ടര്‍ ആം ത്രോയിലൂടെ കീപ്പര്‍ അലക്‌സ് ക്യാരി പുറത്താക്കുകയായിരുന്നു. 

Read more: ബെയര്‍‌സ്റ്റോയുടെ റണ്ണൗട്ട് വിവാദം: ക്രിക്കറ്റ് ലോകം രണ്ട് തട്ടില്‍! ഓസീസിനെ പിന്തുണച്ച് അശ്വിന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

അഭിഷേകോ ബുമ്രയോ അല്ല, ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 'എക്സ്' ഫാക്ടറാകുന്ന താരത്തെ പ്രവചിച്ച് ഇര്‍ഫാന്‍ പത്താന്‍
സൂപ്പര്‍ ലീഗ് പ്രതീക്ഷ അവസാനിച്ചു, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവില്ലാതെ കേരളം നാളെ ആസമിനെതിരെ