
മുംബൈ: ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലെ ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം ശ്രദ്ധ ടെസ്റ്റിലേക്കും ട്വന്‍റി 20യിലേക്കും തിരിക്കും. ലോകകപ്പിന് ശേഷം തിരക്കുപിടിച്ച മത്സരക്രമമാണ് ഇന്ത്യന്‍ ടീമിന് വരിക. വരുന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളും 2024ലെ ട്വന്‍റി 20 ലോകകപ്പും മുന്‍നിര്‍ത്തിയാണ് ഇന്ത്യന്‍ മാനേജ്‌മെന്‍റ് ശ്രദ്ധ ഇരു ഫോര്‍മാറ്റുകളിലേക്കും കേന്ദ്രീകരിക്കുന്നത്.
ഏകദിന ലോകകപ്പിന് ശേഷം ഡിസംബറില്‍ അഫ്‌ഗാനിസ്ഥാനെതിരെ മൂന്ന് ട്വന്‍റി 20കള്‍ ടീം ഇന്ത്യക്കുണ്ട്. ഇതിന് ശേഷം ഡിസംബര്‍-ജനുവരി മാസങ്ങളിലായി നടക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ രണ്ട് ടെസ്റ്റും മൂന്ന് വീതം ഏകദിനങ്ങളും ടി20കളുമാണുള്ളത്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം ജനുവരി-ഫെബ്രുവരി മാസങ്ങളിലായി ഓസീസിനെതിരെ നടക്കുന്ന അഞ്ച് ടി20കളുടെ പരമ്പരയാണ് അടുത്ത വര്‍ഷത്തെ ട്വന്‍റി 20 ലോകകപ്പിന് മുമ്പ് ടീം ഇന്ത്യയുടെ ഏറ്റവും ശ്രദ്ധേയമായ പരമ്പര. ഇതിന് ശേഷം ഇംഗ്ലണ്ടിനെതിരെ ഇവിടെ വച്ച് ടീം ഇന്ത്യ അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര കളിക്കും. മാര്‍ച്ചില്‍ അവസാനിക്കുന്ന ഈ പരമ്പരയ്‌ക്ക് ശേഷം ജൂലൈയില്‍ ശ്രീലങ്കയില്‍ മൂന്ന് വീതം ഏകദിനങ്ങളും ടി20യും ടീമിനുണ്ട്. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലായി ബംഗ്ലാദേശ് ടീം ഇന്ത്യന്‍ പര്യടനത്തിനെത്തും. രണ്ട് ടെസ്റ്റും മൂന്ന് ടി20കളുമാണ് ഇന്ത്യ-ബംഗ്ലാ പോരിലുള്ളത്. ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളിലായി ന്യൂസിലന്‍ഡ് ടീം മൂന്ന് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയ്‌ക്കായി ഇന്ത്യയിലേക്ക് വരുന്നതും ശ്രദ്ധേയമായ പരമ്പരയാണ്.
ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലെ ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യന്‍ ട്വന്‍റി 20 ടീമില്‍ വലിയ മാറ്റമുറപ്പാണ്. ടി20 ലോകകപ്പ് മുന്‍നിര്‍ത്തി യുവതാരങ്ങളുടെ ടീമിനെ വാര്‍ത്തെടുക്കുകയാണ് ബിസിസിഐയുടെ ലക്ഷ്യം. ഇതിനാല്‍ സീനിയര്‍ താരങ്ങളായ സൂപ്പര്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ്മ, രവിചന്ദ്ര അശ്വന്‍, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍ എന്നിവരുടെ ട്വന്‍റി ഭാവി സംബന്ധിച്ച് സെലക്‌ടര്‍മാര്‍ നിര്‍ണായക ചര്‍ച്ചകള്‍ നടത്തും.
Read more: ട്വന്‍റി 20യില്‍ വിരാട് കോലി, രോഹിത് ശർമ്മ യുഗം അവസാനിക്കുന്നു; നിര്‍ണായക സൂചന
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം