
ലോര്‍ഡ്‌സ്: ലോര്‍ഡ്‌ഡിലെ സെഞ്ചൂറിയന്‍മാരുടെ പട്ടികയില്‍ ഒരിക്കല്‍ക്കൂടി അയാളുടെ പേര് തെളിഞ്ഞു! ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ബാറ്റര്‍ സ്റ്റീവ് സ്‌മിത്ത് കരിയറിലെ 32-ാം ടെസ്റ്റ് സെഞ്ചുറി പൂര്‍ത്തിയാക്കിയിരിക്കുന്നു. ആഷസ് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ സ്മിത്ത് മൂന്നക്കം കണ്ടതോടെയാണിത്. ഇതോടെയൊരു തകര്‍പ്പന്‍ റെക്കോര്‍ഡ് സ്മിത്ത് തന്‍റെ പേരിനൊപ്പം ചേര്‍ത്തു. ക്രിക്കറ്റിലെ ഏറ്റവും പ്രൗഢവും പാരമ്പര്യവുമുള്ള ഫോര്‍മാറ്റില്‍ ഇന്നിംഗ്‌സുകളുടെ എണ്ണത്തില്‍ ഏറ്റവും വേഗത്തില്‍ 32 സെഞ്ചുറികള്‍ തികച്ച താരം എന്ന നേട്ടം ഇതോടെ സ്മിത്തിന് പേരിലായി.
ഇംഗ്ലണ്ടിനെതിരെ സ്റ്റീവ് സ്‌മിത്തിന്‍റെ 12-ാം ടെസ്റ്റ് സെഞ്ചുറിയാണിത്. സ്മിത്തിന് ഏറ്റവും കൂടുതല്‍ ടെസ്റ്റ് ശതകങ്ങള്‍ ഉള്ളതും ഇംഗ്ലണ്ടിനെതിരെയാണ്. ഇന്ത്യക്കെതിരേയും മികച്ച റെക്കോര്‍ഡാണ് സ്‌മിത്തിനുള്ളത്. ഇന്ത്യയോട് 9 ഉം, വെസ്റ്റ് ഇന്‍ഡീസിനോട് 3 ഉം, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, പാകിസ്ഥാന്‍, ശ്രീലങ്ക ടീമുകളോട് രണ്ട് വീതവും സെഞ്ചുറികള്‍ സ്‌മിത്തിനുണ്ട്. കരിയറിലെ 99-ാം ടെസ്റ്റ് ഇംഗ്ലണ്ടിനെതിരെ കളിക്കുന്ന സ്റ്റീവ് സ്മിത്ത് ഇതിനകം 9000 റണ്‍സ് ക്ലബില്‍ കയറിക്കഴിഞ്ഞു. ലോര്‍ഡ്‌സിലെ ആദ്യ ഇന്നിംഗ്‌സില്‍ സ്‌മിത്ത് 184 പന്തില്‍ 15 ബൗണ്ടറികളോടെ 110 റണ്‍സുമായി മടങ്ങി. 2010ല്‍ സ്മിത്ത് ടെസ്റ്റ് അരങ്ങേറ്റം കുറിച്ച മൈതാനം കൂടിയാണ് ലോര്‍ഡ്‌സ്.
ഫാബുലസ് ഫോര്‍ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറി നിലവില്‍ സ്റ്റീവ് സ്‌മിത്തിന്‍റെ പേരിലാണ്. സ്‌മിത്തിന് 99 മത്സരങ്ങളില്‍ 32 ഉം, ജോ റൂട്ടിന് 132 മത്സരങ്ങളില്‍ 30 ഉം കെയ്‌ന്‍ വില്യംസണിന് 94 കളികളില്‍ 28 ഉം വിരാട് കോലിക്ക് 109 മത്സരങ്ങളില്‍ 28 ഉം ടെസ്റ്റ് സെഞ്ചുറികളാണ് നിലവിലുള്ളത്. എന്നാല്‍ ഏറ്റവും കൂടുതല്‍ രാജ്യാന്തര ശതകങ്ങളുള്ള സജീവ താരങ്ങളില്‍ എന്നാല്‍ നാലാം സ്ഥാനത്ത് മാത്രമാണ് സ്മിത്ത്. 75 സെഞ്ചുറികളുമായി വിരാട് കോലി തലപ്പത്ത് തുടരുമ്പോള്‍ 46 എണ്ണമുള്ള ജോ റൂട്ടിനും 45 എണ്ണമുള്ള ഡേവിഡ് വാര്‍ണറിനും പിന്നിലാണ് 44 ശതകങ്ങളുമായി സ്‌മിത്ത് നിലവില്‍.
Read more: ആഷസില്‍ തീയായി സ്റ്റീവ് സ്‌മിത്ത്; 32-ാം ടെസ്റ്റ് സെഞ്ചുറി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം