Ashes : കമ്മിന്‍സിന് ക്യാപ്റ്റനായി രാജകീയ അരങ്ങേറ്റം, ഇംഗ്ലണ്ട് ചാരം; പിന്നാലെ മഴ, ആദ്യദിനം സ്റ്റംപെടുത്തു

By Web TeamFirst Published Dec 8, 2021, 1:34 PM IST
Highlights

ഗബ്ബയില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ആദ്യ ഇന്നിഗ്‌സില്‍ 147ന് പുറത്തായിരുന്നു. പിന്നാലെ മഴയെത്തിയതോടെ ശേഷിക്കുന്ന ഓവറുകല്‍ ഉപേക്ഷിക്കുകയായിരുന്നു.
 

ബ്രിസ്‌ബേന്‍: ആഷസിലെ (Ashes) ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ (England) ബാറ്റിംഗ് തകര്‍ച്ചയ്ക്ക് പിന്നാലെ ഒന്നാംദിനം മഴയെടുത്തു. ഗബ്ബയില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ആദ്യ ഇന്നിഗ്‌സില്‍ 147ന് പുറത്തായിരുന്നു. പിന്നാലെ മഴയെത്തിയതോടെ ശേഷിക്കുന്ന ഓവറുകല്‍ ഉപേക്ഷിക്കുകയായിരുന്നു. അഞ്ച് വിക്കറ്റ് നേടിയ ക്യാപ്റ്റന്‍ പാറ്റ് കമ്മിസന്‍സാണ് (Pat Cummins) ഇംഗ്ലണ്ടിനെ തകര്‍ത്തത്. 39 റണ്‍സ് നേടിയ ജോസ് ബട്‌ലറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. 

വിക്കറ്റോടെയാണ് ആഷസിന് തുടക്കമായത്. പരമ്പരയിലെ ആദ്യ പന്തില്‍ തന്നെ ഇംഗ്ലണ്ടിന് റോറി ബേണ്‍സിനെ നഷ്ടമായി. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ യോര്‍ക്കറില്‍ താരത്തിന്റെ ലെഗ് സ്റ്റംപ് തെറിച്ചു. തുടര്‍ന്നെത്തിയ ഡേവിഡ് മലാന്‍ (6),  ജോ റൂട്ട് (0) എന്നിവരെ നിലയുറപ്പിക്കും മുമ്പ്  ജോഷ് ഹേസല്‍വുഡ് മടക്കി. നീണ്ട ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ ബെന്‍ സ്‌റ്റോക്‌സ് (5) പാറ്റ് കമ്മിന്‍സിന് ആദ്യ വിക്കറ്റ് നല്‍കി. 

പിന്നീടുളള ജോലി ക്യാപ്റ്റന്‍ ഏറ്റെടുത്തു. ഹസീബ് ഹമീദിനെ കൂടി മടക്കിയയച്ച് സന്ദര്‍ശകരെ അഞ്ചിന് 60 എന്ന നിലയിലേക്ക് തള്ളിയിട്ടു. പിന്നീട് ഒല്ലി പോപ് (35), ബട്‌ലര്‍ സഖ്യമാണ് സ്‌കോര്‍  100 കടത്തിയത്. ഇരുവരും 52 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍  ബട്‌ലറെ പുറത്താക്കി സ്റ്റാര്‍ക്ക് ഓസീസിന് ബ്രേക്ക് ത്രൂ നല്‍കി. പിന്നാലെ പോപ്പിനെ ഗ്രീനും മടക്കി. 

വാലറ്റം കമ്മിന്‍സ് തൂത്തുവാരുകയായിരുന്നു. ക്രിസ് വോക്‌സ് (21), ഒല്ലി റോബിന്‍സണ്‍ (0), മാര്‍ക് വുഡ് (8) എന്നിവര്‍ കമ്മിന്‍സിന് ഇരയായി. സ്റ്റാര്‍ക്ക്, ഹേസല്‍വുഡ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 

ഓസീസ്: ഡേവിഡ് വാര്‍ണര്‍, മാര്‍ക്കസ് ഹാരിസ്, മാര്‍നസ് ലബുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, കാമറൂണ്‍ ഗ്രീന്‍, അലക്സ് ക്യാരി(വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ്(ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, നേഥന്‍ ലിയോണ്‍, ജോഷ് ഹേസല്‍വുഡ്. 

ഇംഗ്ലണ്ട്: റോറി ബേണ്‍സ്, ഹസീബ് ഹമീദ്, ഡേവിഡ് മാലന്‍, ജോ റൂട്ട്(ക്യാപ്റ്റന്‍), ബെന്‍ സ്റ്റോക്സ്, ഓലി പോപ്, ജോസ് ബട്ട്ലര്‍(വിക്കറ്റ് കീപ്പര്‍), ക്രിസ് വോക്സ്, ഓലി റോബിന്‍സണ്‍, മാര്‍ക്ക് വുഡ്, ജാക്ക് ലീച്ച്.

click me!