
മെല്‍ബണ്‍: ആഷസ് (Ashes) പരമ്പരയിലെ മെല്‍ബണ്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തത് സ്‌കോട്ട് ബോളണ്ടിന്റെ (Scott Boland) മാരക ബൗളിംഗായിരുന്നു. കേവലം 21 പന്തുകളില്‍ ബോളണ്ട് പിഴുതത് ആറ് വിക്കറ്റുകളാണ്. അതും അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ. ഇതിന് മുമ്പ് ഓസ്‌ട്രേലിയക്ക് വേണ്ടി ഒരു ഏകദിനം മാത്രമാണ് ബോളണ്ട് കളിച്ചിരുന്നത്.
ഓസ്‌ട്രേലിയന്‍ ആദിമ ഗോത്ര വിഭാഗത്തില്‍ നിന്നുള്ള ക്രിക്കറ്ററാണ് ബോളണ്ട്. 144 വര്‍ഷങ്ങള്‍ക്കിടെ ഓസീസ് ടെസ്റ്റ് തൊപ്പി അണിയുന്ന രണ്ടാമത്തെ മാത്രം തനത് ഓസ്ട്രലിയക്കാരന്‍. ജേസണ്‍ ഗില്ലസ്പിയാണ് ഈ വിഭാഗത്തില്‍ നിന്ന് ടീമിലെത്തിയ ആദ്യത്തെ ഓസ്‌ട്രേലിയക്കാരന്‍. താരം പ്ലയിംഗ് ഇലവനില്‍ ഉള്‍പ്പെട്ടപ്പോല്‍ ഓസ്്‌ട്രേലിയന്‍ ക്രിക്കറ്റ് ചരിത്രത്തിന്റെ ഭാഗമായിരുന്നു.
32ാം വയസിലാണ് താരത്തിന്റെ ടെസ്റ്റ് അരങ്ങേറ്റം. അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഏറ്റവും കുറച്ച് റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് നേടുന്ന താരം എന്ന റെക്കോഡ് ബോളണ്ട് സ്വന്തമാക്കി. പിന്നാലെ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരവും. അതും തന്റെ നാട്ടില്‍, കാണികള്‍ക്ക് മുന്നില്‍. അവസാന നിമിഷം റിസര്‍വ് താരമായാണ് ബോളണ്ടിനെ ഓസ്ട്രേലിയന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
ബോളണ്ടിന്റെ പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ഓസ്‌ട്രേലിയ ആഷസ് കിരീടം നിലനിര്‍ത്തി. മെല്‍ബണില്‍ ഇന്നിംഗ്‌സിനും 14 റണ്‍സിനുമാണ് ഓസീസ് ജയിച്ചത്. സ്‌കോര്‍: ഇംഗ്ലണ്ട് 185 & 68, ഓസ്‌ട്രേലിയ 267. പരമ്പരയില്‍ ആദ്യ മൂന്ന് മത്സരങ്ങളും ഓസ്‌ട്രേലിയ സ്വന്തമാക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!