'അന്നത്തെ എന്റെ പെരുമാറ്റത്തില്‍ എനിക്ക് തന്നെ നാണക്കേട് തോന്നുന്നു'; ധോണിയെ ചീത്തവിളിച്ചതിനെക്കുറിച്ച് നെഹ്റ

By Web TeamFirst Published Apr 5, 2020, 6:05 PM IST
Highlights

വ്യക്തമാക്കി. അഫ്രീദി അതിന് തൊട്ടു മുമ്പുള്ള എന്റെ പന്ത് സിക്സറിന് പറത്തിയിരുന്നു. സ്വാഭാവികമായും ഞാന്‍ സമ്മര്‍ദ്ദത്തിലായി. ഇതിനെല്ലാം ഉപരി ഇന്ത്യാ-പാക്കിസ്ഥാന്‍ മത്സരത്തിന്റെ സമ്മര്‍ദ്ദവും. ഈ സാഹചര്യത്തില്‍ അടുത്ത പന്തില്‍ ഒരു അവസരം ഉണ്ടാക്കിയപ്പോള്‍ അത് നഷ്ടപ്പെടുത്തിയത് എനിക്ക് സഹിച്ചില്ല. 

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റിലെ ശാന്തസ്വഭാവിയായ കളിക്കാരനാണ് ആശിഷ് നെഹ്റ. പേസ് ബൌളറുടെ ആക്രമണോത്സുകത ഒന്നും പുറത്തെടുക്കാതെ എതിരാളികളോട് പോലും മാന്യമായി പെരുമാറുന്ന നെഹ്റാജിയെ മാത്രമെ ആരാധകര്‍ അധികവും കണ്ടിട്ടുണ്ടാവുകയുള്ളു. എന്നാല്‍ നെഹ്റ ദേഷ്യപ്പെട്ടാല്‍ എങ്ങനെ ഇരിക്കുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറ്റവും നന്നായി അറിയാവുന്ന ആള്‍ മറ്റാരുമല്ല, മുന്‍ നായകന്‍ എം എസ് ധോണിയായിരിക്കും. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ നെഹ്റ തന്നെയാണ് അക്കാര്യം ഓര്‍ത്തെടുക്കുന്നത്.

Latest Videos

15 വര്‍ഷം മുമ്പ് 2005ല്‍ അഹമ്മദാബാദില്‍ നടന്ന ഇന്ത്യ-പാക്കിസ്ഥാന്‍ ഏകദിന പരമ്പരയിലെ നാലാം മത്സരത്തിലായിരുന്നു സംഭവം. നെഹ്റയെറിഞ്ഞ പന്ത് അഫ്രീദിയുടെ ബാറ്റില്‍ തട്ടിയശേഷം ധോണിക്കും ഫസ്റ്റ് സ്ലിപ്പില്‍ നിന്നിരുന്ന ദ്രാവിഡിനും ഇടയിലൂടെ ബൌണ്ടറി കടന്നതിന് പിന്നാലെയാണ് നെഹ്റ പരസ്യമായി ധോണിയോട് ചൂടായത്. എന്നാല്‍ അന്നത്തെ തന്റെ പെരുമാറ്റം ഓര്‍ക്കുമ്പോള്‍ തനിക്ക് തന്നെ നാണക്കേട് തോന്നുന്നുവെന്ന് നെഹ്റ പറഞ്ഞു. 

2005ല്‍ വിശാഖപട്ടണത്ത് നടന്ന രണ്ടാം ഏകദിനത്തിനിടെയായിരുന്നു സംഭവമെന്നാണ് ആളുകള്‍ ഈ വീഡിയോയെക്കുറിച്ച് ധരിച്ചുവെച്ചിരിക്കുന്നത്. ആ മത്സരത്തിലായിരുന്നു ധോണി തന്റെ ആദ്യ രാജ്യാന്തര ഏകദിന സെഞ്ചുറി നേടിയത്. എന്നാല്‍ പ്രചരിച്ച വീഡിയോ യഥാര്‍ത്ഥത്തില്‍ അഹമമദാബാദില്‍ നടന്ന മത്സരത്തിലേത് ആണ്. അതെന്തായാലും അന്നത്തെ എന്റെ പെരുമാറ്റമോര്‍ത്ത് എനിക്ക് ഇപ്പോള്‍ ഒട്ടും അഭിമാനമില്ല-നെഹ്റ പറഞ്ഞു. 

അന്നങ്ങനെ പെരുമറാനുണ്ടായ സാഹചര്യവും നെഹ്റ വ്യക്തമാക്കി. അഫ്രീദി അതിന് തൊട്ടു മുമ്പുള്ള എന്റെ പന്ത് സിക്സറിന് പറത്തിയിരുന്നു. സ്വാഭാവികമായും ഞാന്‍ സമ്മര്‍ദ്ദത്തിലായി. ഇതിനെല്ലാം ഉപരി ഇന്ത്യാ-പാക്കിസ്ഥാന്‍ മത്സരത്തിന്റെ സമ്മര്‍ദ്ദവും. ഈ സാഹചര്യത്തില്‍ അടുത്ത പന്തില്‍ ഒരു അവസരം ഉണ്ടാക്കിയപ്പോള്‍ അത് നഷ്ടപ്പെടുത്തിയത് എനിക്ക് സഹിച്ചില്ല. എനിക്കെന്റെ നിയന്ത്രം വിട്ടു. അതെന്തായാലും കളിക്കാര്‍ ഇങ്ങനെ പെരുമാറുന്നത് ആദ്യത്തെ സംഭവമൊന്നുമല്ല. ആ സംഭവത്തിനുശേഷം ധോണിയും ദ്രാവിഡും എന്നോട് വളരെ സ്നേഹത്തോടെ തന്നെയാണ് പെുമാറിയത്. പക്ഷെ അതൊന്നും അന്നത്തെ എന്റെ മോശം പെരുമാറ്റത്തെ ന്യായീകരിക്കുന്നതല്ല-നെഹ്റ പറഞ്ഞു. 

ധോണിയുടെ സാന്നിധ്യം ഉള്ളതുകൊണ്ടാണ് ആ വീഡിയോ ഇങ്ങനെ വൈറലായതെന്നും നെഹ്റ പറഞ്ഞു. പണ്ട് ഞാന്‍ വിരാട് കോലിക്ക് സമ്മാനം കൊടുക്കുന്ന ഒരു ചിത്രമുണ്ട്. കോലിയുള്ളതുകൊണ്ടാണ് ആ ചിത്രം ഇത്ര വൈറലായത്. ഭാവിയില്‍ ഏതെങ്കിലും അവസരത്തില്‍ തന്റെ മക്കള്‍ ഈ വീഡിയോ കണ്ട് തന്നോട് ചോദിക്കുമെന്നും അന്ന് വിശദീകരണം കൊടുക്കേണ്ടിവരുമെന്നും നെഹ്റ പറ‍ഞ്ഞു.

click me!