
ഇന്‍ഡോര്‍: വനിതാ ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ ന്യൂസിലന്‍ഡിന് 327 റണ്‍സ് വിജയലക്ഷ്യം. ഇന്‍ഡോര്‍ ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസീസ് 49.3 ഓവറില്‍ 326ന് എല്ലാവരും പുറത്താവുകയായിരുന്നു. ഒരു ഘട്ടത്തില്‍ തകര്‍ച്ച നേരിട്ട ഓസീസിനെ അഷ്‌ലി ഗാര്‍ഡ്‌നറുടെ (115) സെഞ്ചുറിയാണ് മികച്ച സ്കോറിലേക്ക് നയിച്ചത്. ടീമിലെ മറ്റാര്‍ക്കും അര്‍ധ സെഞ്ചുറി പോലും നേടാന്‍ സാധിച്ചില്ല. ന്യൂസിലന്‍ഡിന് വേണ്ടി ജെസ് കെര്‍, ലിയ തഹുഹു എന്നിവര്‍ മൂന്നും അമേലിയ കെര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.
മത്സരത്തില്‍ ഒരു ഘട്ടത്തില്‍ അഞ്ചിന് 128 എന്ന നിലയിലായിരുന്നു ഓസീസ്. ഓപ്പണിംഗ് വിക്കറ്റില്‍ ഫോബ് ലിച്ച്ഫീല്‍ഡിനൊപ്പം 40 റണ്‍സ് ചേര്‍ത്ത ശേഷം ആലീസ ഹീലി (19) ആദ്യം മടങ്ങി. തുടര്‍ന്ന് മൂന്നാം വിക്കറ്റില്‍ എല്ലിസ് പെറി (33) - ലിച്ച്ഫീല്‍ഡ് (45) സഖ്യം 41 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ലിച്ച് ഫീല്‍ഡിനെ ബൗള്‍ഡാക്കി അമേലിയ കൂട്ടുകെട്ട് പൊളിച്ചു. അധികം വൈകാതെ പെറിയും മടങ്ങി. തഹുഹുവിനായിരുന്നു വിക്കറ്റ്. തുര്‍ന്ന് വന്ന് ബേത് മൂണി (12), അന്നാബെല്‍ സതര്‍ലന്‍ഡ് (5) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഇതോടെ അഞ്ചിന് 128 എന്ന നിലയിലായി ഓസീസ്.
പിന്നീട് ഗാര്‍ഡ്‌നറുടെ ഒറ്റയാള്‍ പോരാട്ടമാണ് ടീമിന് തുണയയായത്. തഹ്ലിയ മഗ്രാത് (26), സോഫി മൊളിനെക്‌സ് (14), കിം ഗാര്‍ത് (38) എന്നിവര്‍ ഗാര്‍ഡ്‌നര്‍ക്ക് പിന്തുണ നല്‍കി. ഐതിഹാസിക ഇന്നിംഗ്‌സ് 47-ാം ഓവറിലാണ് അവസാനിച്ചത്. 83 പന്തുകള്‍ നേരിട്ട താരം ഒരു സിക്‌സും 16 ഫോറും നേടി. അലാന കിംഗാണ് (4) പുറത്തായ മറ്റൊരു താരം. ഡാര്‍സി ബ്രൗണ്‍ (1) പുറത്താവാതെ നിന്നു. മറുപടി ബാറ്റിംഗ് ആരംഭിച്ച ന്യൂസിലന്‍ഡ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 20 ഓവറില്‍ മൂന്നിന് 80 എന്ന നിലയിലാണ്. സോഫി ഡിവൈന്‍ (34), ബ്രൂക്ക് ഹാലിഡേ (5) എന്നിവരാണ് ക്രീസില്‍.