Latest Videos

ആ വിക്കറ്റെടുക്കരുതെന്ന് ഞാന്‍ ഷമിയോട് ആവശ്യപ്പെട്ടു; രസകരമായ പങ്കുവച്ച് അശോക് ദിന്‍ഡ

By Web TeamFirst Published Feb 5, 2021, 4:20 PM IST
Highlights

കൂടുതല്‍ വിക്കറ്റ് നേടിയ രണ്ടാമത്തെ ബൗളറായിട്ടും അന്താരാഷ്ട്ര ക്രിക്കറ്റില്‍ കാര്യമായൊന്നും ദിന്‍ഡയ്ക്ക് സാധിച്ചിരുന്നില്ല.

കൊല്‍ക്കത്ത: അടുത്തിടെയാണ് അശോക് ദിന്‍ഡ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. ആഭ്യന്തര ക്രിക്കറ്റില്‍ ബംഗാളിനുവേണ്ടി കൂടുതല്‍ വിക്കറ്റ് നേടിയ രണ്ടാമത്തെ ബൗളറായിട്ടും അന്താരാഷ്ട്ര ക്രിക്കറ്റില്‍ കാര്യമായൊന്നും ദിന്‍ഡയ്ക്ക് സാധിച്ചിരുന്നില്ല. പലപ്പോഴും ആരാധകരുടെ പരിഹാസം ഏറ്റുവാങ്ങിയിട്ടുള്ള ദിന്‍ഡ ബംഗാളിന് വേണ്ടി കളിക്കുമ്പോഴുണ്ടായ രസകരമായ സംഭവം പങ്കുവെക്കുകയാണിപ്പോള്‍.

ഇന്ത്യന്‍ താരം മുഹമ്മദ് ഷമിയോട് വിക്കറ്റെടുക്കരുതെന്ന് പറഞ്ഞ സംഭവമാണ് ദിന്‍ഡ വിശദീകരിക്കുന്നത്. സംഭവം ഇങ്ങനെ... ''ഞാന്‍ അവസാനമായി ഷമിക്കൊപ്പം കളിച്ച മത്സരമായിരുന്നത്. ഛത്തീസ്ഗഡിനെതിരെയായിരുന്നു മത്സരം. രണ്ട് ദിവസംകൊണ്ട് ഞങ്ങള്‍ മത്സരം അവസാനിപ്പിച്ചു. ആദ്യ ഇന്നിങ്സില്‍ രണ്ടു പേരും അഞ്ച് വിക്കറ്റ് വീതം നേടി. രണ്ടാം ഇന്നിങ്സില്‍ ഞങ്ങള്‍ രണ്ട് പേരും നാല് വിക്കറ്റ് വീതം വീഴ്ത്തി. ഒരു വിക്കറ്റ് അകലെ 100ാം മത്സരത്തില്‍ 10 വിക്കറ്റ് നേട്ടത്തിലേക്കെത്താന്‍ എനിക്ക് സാധിക്കും.

അതോടെ ഞാന്‍ ഷമിയോട് ഒരു വിക്കറ്റെടുക്കരുതെന്ന് ആവശ്യപ്പെട്ടു. എനിക്ക് ഒരു വിക്കറ്റ് വിട്ടുതരണമെന്ന് ഞാന്‍ ഷമിയോട് പറയുകയായിരുന്നു. ഷമി അതുപോലെ ചെയ്തു. ഞാന്‍10 വിക്കറ്റ് പൂര്‍ത്തിയാക്കുകയും ഷമിയോട് നന്ദി പറയുകയും ചെയ്തു.'' ദിന്‍ഡ വ്യക്തമാക്കി. 

ഡിന്‍ഡ 116 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്നായി 420 വിക്കറ്റാണ് നേടിയത്. ഇന്ത്യക്കായി 13 ഏകദിനത്തില്‍ നിന്ന് 12 വിക്കറ്റും 9 ടി20യില്‍ നിന്ന് 17 വിക്കറ്റും നേടി. പരിമിത ഓവര്‍ ക്രിക്കറ്റില്‍ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്കുകാട്ടാത്ത ഡിന്‍ഡയ്ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചില്ല. 2013ലാണ് അവസാനമായി അദ്ദേഹം അന്താരാഷ്ട്ര മത്സരം കളിച്ചത്.

click me!