400 വിക്കറ്റ് ക്ലബ്ബില്‍ അശ്വിന്‍; ഇതിഹാസങ്ങളെ പിന്നിലാക്കി വമ്പന്‍ റെക്കോര്‍ഡും

By Web TeamFirst Published Feb 25, 2021, 6:51 PM IST
Highlights

72 ടെസ്റ്റിൽ 400 വിക്കറ്റ് നേടിയ ശ്രീലങ്കൻ സ്‌പിൻ ഇതിഹാസം മുത്തയ്യ മുരളീധരനാണ് അശ്വിനെക്കാള്‍ വേഗത്തില്‍ 400 വിക്കറ്റ് ക്ലബ്ബിലെത്തിയ ഏക ബൗളര്‍.

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ജോഫ്ര ആര്‍ച്ചറെ വിക്കറ്റിന് മുന്നില്‍ കുടുക്കി ടെസ്റ്റ് കരിയറില്‍ 400 വിക്കറ്റ് വീഴ്ത്തുന്ന നാലാമത്തെ ഇന്ത്യന്‍ ബൗളറായി ആര്‍ അശ്വിന്‍. 77 ടെസ്റ്റിൽ നിന്നാണ് അശ്വിൻ 400 വിക്കറ്റ് വീഴ്‌ത്തിയത്. ഏറ്റവും വേഗത്തിൽ 400 വിക്കറ്റ് ക്ലബിലെത്തുന്ന രണ്ടാമത്തെ ബൗളറെന്ന നേട്ടവും അശ്വിന് സ്വന്തമാക്കി.

72 ടെസ്റ്റിൽ 400 വിക്കറ്റ് നേടിയ ശ്രീലങ്കൻ സ്‌പിൻ ഇതിഹാസം മുത്തയ്യ മുരളീധരനാണ് അശ്വിനെക്കാള്‍ വേഗത്തില്‍ 400 വിക്കറ്റ് ക്ലബ്ബിലെത്തിയ ഏക ബൗളര്‍. 80 ടെസ്റ്റിൽ നിന്നും 400 വിക്കറ്റ് നേടിയ ദക്ഷിണാഫ്രിക്കയുടെ ഡെയ്ൽ സ്റ്റെയ്ൻ, ന്യൂസിലന്‍ഡിന്‍റെ സർ റിച്ചാർഡ് ഹാഡ്‌ലി എന്നിവരെയാണ് അശ്വിന്‍ ഇന്ന് മറികടന്നത്.

ആദ്യ ഇന്നിംഗ്സില്‍ മൂന്നും രണ്ടാം ഇന്നിംഗ്സില്‍ നാലും വിക്കറ്റെടുത്തതോടെ ഇന്ത്യയില്‍ ഇംഗ്ലണ്ടിനെതിരെ ഏറ്റവും കൂടുതൽ ടെസ്റ്റ് വിക്കറ്റുകൾ നേടുന്ന ബൗളറെന്ന റെക്കോർഡും അശ്വിന് സ്വന്തമാക്കി. 14 ടെസ്റ്റിൽ നിന്നും 64 വിക്കറ്റ് നേടിയ ബി എസ് ചന്ദ്രശേഖറുടെ റെക്കോര്‍ഡാണ് അശ്വിന്‍ ഇന്ന് മറികടന്നത്. ഈ ടെസ്റ്റില്‍ ഏഴ് വിക്കറ്റെടുത്തതോടെ ഇംഗ്ലണ്ടിനെതിരെ നാട്ടില്‍ അശ്വിന്‍റെ വിക്കറ്റ് നേട്ടം 66 ആയി.

ടെസ്റ്റില്‍ 400 വിക്കറ്റ് തികയ്‌ക്കുന്ന ചരിത്രത്തിലെ ആറാമത്തെ മാത്രം സ്‌പിന്നറാണ് അശ്വിന്‍. ഇന്ത്യന്‍ താരങ്ങളില്‍ കപില്‍ ദേവും(434) അനില്‍ കുംബ്ലെയും ഹര്‍ഭജന്‍ സിംഗും(417) മാത്രമാണ് അശ്വിന് മുമ്പ് 400 വിക്കറ്റ് ക്ലബ്ബിലെത്തിയ ബൗളര്‍മാര്‍. ടെസ്റ്റില്‍ ഇന്ത്യക്കായി ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ ബൗളറായ അനിൽ കുംബ്ലെക്ക് (619)400 വിക്കറ്റ് ക്ലബ്ബിലെത്തതാന്‍ 85 ടെസ്റ്റ് കളിക്കേണ്ടിവന്നു.

click me!