ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടി20യില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തിരഞ്ഞെടുത്തു. ഗുവാഹത്തിയില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റങ്ങളുണ്ട്.
ഗുവാഹത്തി: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടി20യില്‍ ഇന്ത്യ ആദ്യം ഫീല്‍ഡ് ചെയ്യും. ഗുവാഹത്തി, ബര്‍സപര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ന്യൂസിലന്‍ഡിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ക്ക് വിശ്രമം നല്‍കി. ജസ്പ്രിത് ബുമ്ര, രവി ബിഷ്‌ണോയ് എന്നിവര്‍ ടീമില്‍ തിരിച്ചെത്തി. ന്യൂസിലന്‍ഡ് ഒരു മാറ്റം വരുത്തിയിട്ടുണ്ട്. കെയ്ല്‍ ജാമിസണ്‍ ടീമില്‍ തിരിച്ചെത്തി. സക്കാറി ഫൗള്‍ക്‌സിനെ ഒഴിവാക്കി. ഇരുടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
ന്യൂസിലന്‍ഡ്: ഡെവണ്‍ കോണ്‍വേ, ടിം സീഫെര്‍ട്ട് (വിക്കറ്റ് കീപ്പര്‍), രചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്സ്, മാര്‍ക്ക് ചാപ്മാന്‍, ഡാരില്‍ മിച്ചല്‍, മിച്ചല്‍ സാന്റ്നര്‍ (ക്യാപ്റ്റന്‍), കെയ്ല്‍ ജാമിസണ്‍, മാറ്റ് ഹെന്റി, ഇഷ് സോധി, ജേക്കബ് ഡഫി.
ഇന്ത്യ: സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിംഗ്, ഹര്‍ഷിത് റാണ, രവി ബിഷ്ണോയ്, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര.
മൂന്നാം മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കലാണ് ഇന്ത്യന്‍ ടീമിന്റെ ലക്ഷ്യം. ഈ പ്രകടനം കണ്ട് കുട്ടിക്രിക്കറ്റ് കിരീടം ഇന്ത്യ നിലനിര്‍ത്തുമെന്ന് മോഹിക്കുന്നതില്‍ തെറ്റില്ല. മൂന്നാം ടി20ക്ക് ഇന്ത്യയിറങ്ങുന്നത് വന്‍ ആത്മവിശ്വാസത്തില്‍. ഓപ്പണര്‍മാര്‍ വേഗം വീണിട്ടും 16 ഓവറില്‍ 209 റണ്‍സ് ചേസ് ചെയ്തു. ഇടവേളയ്ക്ക് ശേഷം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 360 ആയി. ഒപ്പം തിരിച്ചുവരവില്‍ ക്ലിക്കായ പോക്കറ്റ് ഡൈനാമോ ഇഷാന്‍ കിഷനും. പേസ് നിരയില്‍ ജസ്പ്രീത് ബുമ്ര തിരിച്ചെത്തുന്നതോടെ കിവീസ് സ്‌കോറുയരാതെ കാക്കാമെന്നാണ് ടീം കണക്കകൂട്ടല്‍.

