
ധരംശാല: ധരംശാല ക്രിക്കറ്റ് ടെസ്റ്റില്‍ അഞ്ച് വിക്കറ്റുമായി ഇംഗ്ലണ്ടിനെ തകര്‍ത്തെറിഞ്ഞ കുല്‍ദീപ് യാദവിനോട് ടീമിനെ മുന്നില്‍ നിന്ന് ഡ്രസ്സിംഗ് റൂമിലേക്ക് നയിക്കാന്‍ ആവശ്യപ്പെട്ട് ആര്‍ അശ്വിന്‍. നൂറാം ടെസ്റ്റ് കളിക്കുന്ന അശ്വിന്‍ ഇംഗ്ലണ്ട് ഇന്നിംഗ്സിലെ നാലു വിക്കറ്റെടുത്തിരുന്നു. കുല്‍ദീപ് ഇംഗ്ലണ്ട് ടോപ് ഓര്‍ഡറിനെ കറക്കി വീഴ്ത്തിയപ്പോള്‍ വാലറ്റത്തിന്‍റെ ചെറുത്തുനില്‍പ്പ് അവസാനിപ്പിച്ചത് അശ്വിനായിരുന്നു.
ഇംഗ്ലണ്ടിന് അവസാന ഏഴ് വിക്കറ്റുകള്‍ 43 റണ്‍സിനാണ് നഷ്ടമായത്. ജെയിംസ് ആന്‍ഡേഴ്സണെ പുറത്താക്കി അശ്വിന്‍ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് അവസാനിപ്പിച്ചശേഷം പന്തെടുത്ത് കുല്‍ദീപ് അശ്വിന് കൈമാറുകയായിരുന്നു. നൂറാം ടെസ്റ്റ് കളിക്കുന്ന അശ്വിനോട് കുല്‍ദീപ് ടീമിനെ ഡ്രസ്സിംഗ് റൂമിലേക്ക് നയിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ പന്ത് നിര്‍ബന്ധിച്ച് തിരിച്ചേല്‍പ്പിച്ച അശ്വിന്‍ ഞാനത് 35 തവണ ചെയ്തിട്ടുണ്ട്. ഇത്തവണ നിന്‍റെ ഊഴമാണെന്ന് കുല്‍ദീപിനോട് പറഞ്ഞു.
സാധാരണഗതിയില്‍ ടീമിനായി ഏറ്റവും കൂടുതല്‍ റണ്‍സടിക്കുന്ന താരമോ വിക്കറ്റ് വീഴ്ത്തുന്ന ബൗളറോ ആണ് ഗ്രൗണ്ട് വിടുമ്പോള്‍ ടീമിനെ മുന്നില്‍ നടക്കാറുള്ളത്. വര്‍ഷങ്ങളായി തുടരുന്ന പതിവ് തെറ്റിക്കരുതെന്ന് അശ്വിന്‍ കുല്‍ദീപിനോട് പറഞ്ഞു. അശ്വിന്‍റെ സ്നേഹപൂര്‍വമുള്ള നിര്‍ബന്ധത്തിന് ഒടുവില്‍ കുല്‍ദീപ് വഴങ്ങി.
അഞ്ച് വിക്കറ്റ് വീഴ്ത്തിയ പന്തെടുത്ത് കാണികളെ അഭിവാദ്യം ചെയ്തശേഷം കുല്‍ദീപ് മുന്നില്‍ നടന്നു. അശ്വിന്‍ അടക്കമുള്ള ഇന്ത്യൻ താരങ്ങള്‍ പിന്നാലെയും.ധരംശാല ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 175-3 എന്ന മികച്ച നിലയില്‍ നിന്നാണ് 218ന് ഓള്‍ ഔട്ടായത്. 175 റണ്‍സില്‍ ഇംഗ്ലണ്ടിന് നൂറാം ടെസ്റ്റ് കളിക്കുന്ന ജോണി ബെയര്‍സ്റ്റോ, ജോ റൂട്ട്, ബെന്‍ സ്റ്റോക്സ് എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായതോടെ ഒരു റണ്‍സ് പോലും കൂട്ടിച്ചേര്‍ക്കാതെ 175-6ലേക്ക് കൂപ്പുകുത്തുകയായിരുന്നു. ആദ്യ ദിനം ഒന്നാം ഇന്നിംഗ്സ് തുടങ്ങിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെന്ന സ്കോറിലാണ് ക്രീസ് വിട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക