​R Ashwin: കുംബ്ലെയുടെ റെക്കോര്‍ഡിലേക്ക് ഒരുപാട് ദൂരം; പക്ഷെ അശ്വിനത് കഴിയും, പ്രവചനവുമായി ബാറ്റിംഗ് ഇതിഹാസം

Published : Mar 15, 2022, 07:47 PM IST
​R Ashwin: കുംബ്ലെയുടെ റെക്കോര്‍ഡിലേക്ക് ഒരുപാട് ദൂരം; പക്ഷെ അശ്വിനത് കഴിയും, പ്രവചനവുമായി ബാറ്റിംഗ് ഇതിഹാസം

Synopsis

ശ്രീലങ്കക്കെതിരായ പരമ്പരയില്‍ 12 വിക്കറ്റ് വീഴ്ത്തിയ അശ്വിന്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 100 വിക്കറ്റ് തികക്കുന്ന ആദ്യ ബൗളറെന്ന റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു.

ബെംഗലൂരു: ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയില്‍ കപില്‍ ദേവിനെ(Kapil Dev) മറികടന്ന് ഇന്ത്യന്‍ ബൗളര്‍മാരില്‍ രണ്ടാം സ്ഥാനത്ത് എത്തിയ ആര്‍ അശ്വിന്(R Ashwin) അനില്‍ കുംബ്ലെയുടെ(Anil Kumble) റെക്കോര്‍ഡും മറികടക്കാനാകുമെന്ന് പ്രവചിച്ച് ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്കര്‍9Sunil Gavaskar). കുംബ്ലെയുടെ റെക്കോര്‍ഡിലേക്ക് അശ്വിന് ഇനിയും ഒരുപാട് ദൂരമുണ്ടെങ്കിലും വിക്കറ്റിനായുള്ള ദാഹം കുംബ്ലെയെ മറികടക്കാന്‍ അശ്വിനെ പ്രാപ്തനാക്കുമെന്നും ഗവാസ്കര്‍ പറഞ്ഞു.

ശ്രീലങ്കക്കെതിരായ മൊഹാലി ടെസ്റ്റിലാണ് കപില്‍ ദേവിന്‍റെ 434 വിക്കറ്റുകളുടെ റെക്കോര്‍ഡ് മറികടന്ന് അശ്വിന്‍ ഇന്ത്യന്‍ വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. ഇന്ത്യന്‍ ബൗളര്‍മാരില്‍ 619 വിക്കറ്റുകളുള്ള അനില്‍ കുംബ്ലെ മാത്രമാണ് മുന്നിലുള്ളത്. ശ്രീലങ്കക്കെതിരായ രണ്ട് മത്സര പരമ്പരയില്‍ 12 വിക്കറ്റുകള്‍ വീഴ്ത്തിയ അശ്വിന്‍റെ പേരില്‍ ഇപ്പോള്‍ 442 വിക്കറ്റുകളുണ്ട്. ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ നിലവില്‍ എട്ടാം സ്ഥാനത്താണ് അശ്വിന്‍.

കുംബ്ലെയുടെ റെക്കോര്‍ഡിലെത്താന്‍ അശ്വിന് ഇനിയും 160ല്‍ അധികം വിക്കറ്റ് വേണം. പക്ഷെ ഓരോ ദിവസവും മെച്ചപ്പെടുന്ന അശ്വിന് അതിന് കഴിയുമെന്നും നേട്ടങ്ങളില്‍ അഭിരമിച്ച് ഇരിക്കുന്ന കളിക്കാരനല്ല അശ്വിനെന്നും ഗവാസ്കര്‍ സ്റ്റാര്‍ സ്പോര്‍ട്സിനോട് പറഞ്ഞു. ശ്രീലങ്കക്കെതിരായ പരമ്പരയില്‍ 12 വിക്കറ്റ് വീഴ്ത്തിയ അശ്വിന്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 100 വിക്കറ്റ് തികക്കുന്ന ആദ്യ ബൗളറെന്ന റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു.

അശ്വിനും ജസ്പ്രീത് ബുമ്രയും വൈവിധ്യങ്ങള്‍ പരീക്ഷിക്കുന്ന കാര്യത്തില്‍ ഒരേ മനസുള്ളവരാണെന്നും ഗവാസ്കര്‍ പറഞ്ഞു. എപ്പോഴും പുതിയ തന്ത്രങ്ങള്‍ ബൗളിംഗില്‍ കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിക്കുന്നവരാണ് അശ്വിനും ബുമ്രയും. ഒരു ഒന്നൊന്നര വര്‍ഷം മുമ്പ് ഓഫ് സ്പിന്നറായ അശ്വിന്‍ ലെഗ് സ്പിന്‍ പോലും എറിഞ്ഞിട്ടുണ്ട്. പരീക്ഷണങ്ങള്‍ നടത്താന്‍ അശ്വിന് വിമുഖതയില്ല. ചിലപ്പോള്‍ റണ്‍സ് വഴങ്ങുമായിരിക്കും. പക്ഷെ അത് കളിയുടെ ഭാഗമാണ്. പക്ഷെ അദ്ദേഹം ഓരോ തവണയും വ്യത്യസ്തകള്‍ പരീക്ഷിക്കുമ്പോള്‍ ബാറ്ററുടെ മനസില്‍ സംശയങ്ങള്‍ ഉയരും. എല്ലായ്പ്പോഴും വിക്കറ്റ് ലക്ഷ്യമാക്കിയാണ് അശ്വിനും ബുമ്രയും പന്തെറിയാറുള്ളതെന്നും ഗവാസ്കര്‍ പറഞ്ഞു.  

ടെസ്റ്റ് വിക്കറ്റ് വേട്ടയില്‍ എട്ടാമതാണ് ഇപ്പോള്‍ അശ്വിന്‍റെ സ്ഥാനം. മുത്തയ്യ മുരളീധരന്‍(800 വിക്കറ്റ്), ഷെയ്ന്‍ വോണ്‍(708 വിക്കറ്റ്), ജെയിംസ് ആന്‍ഡേഴ്സണ്‍(640 വിക്കറ്റ്), അനില്‍ കുംബ്ലെ(619 വിക്കറ്റ്), ഗ്ലെന്‍ മക്‌ഗ്രാത്ത്(563 വിക്കറ്റ്), സ്റ്റുവര്‍ട്ട് ബ്രോഡ്(537 വിക്കറ്റ്), കോര്‍ട്നി വാല്‍ഷ്(519 വിക്കറ്റ്) എന്നിവരാണ് ഇനി അശ്വിന് മുന്നിലുള്ളത്. ഇതില്‍ ജെയിംസ് ആന്‍ഡേഴ്സണും സ്റ്റുവര്‍ട്ട് ബ്രോഡും മാത്രമാണ് സജീവ ക്രിക്കറ്റിലുള്ളവര്‍. ടെസ്റ്റില്‍ 30 തവണ അഞ്ച് വിക്കറ്റ് നേട്ടവും ഏഴ് തവണ പത്ത് വിക്കറ്റ് നേട്ടവും അശ്വിന്‍ സ്വന്തമാക്കിയിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ക്യാപ്റ്റനെ പ്രഖ്യാപിച്ചില്ല, വിജയ് ഹസാരെ ട്രോഫിക്കുള്ള പഞ്ചാബ് ടീമില്‍ ശുഭ്മാന്‍ ഗില്ലും അഭിഷേക് ശര്‍മയും
സ്മൃതി മന്ദാനയ്ക്ക് റെക്കോര്‍ഡ്, ടി20യില്‍ വേഗത്തില്‍ 4000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരം