ടി20 ലോകകപ്പിലെ മോശം പ്രകടനത്തെ തുടർന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് കളിക്കാർക്ക് കനത്ത പിഴ ചുമത്തി. ഓരോ താരത്തിനും 50 ലക്ഷം പാകിസ്ഥാനി രൂപ (ഏകദേശം 16 ലക്ഷം ഇന്ത്യൻ രൂപ) വീതം പിഴ നൽകാനാണ് പിസിബി ചെയർമാൻ മൊഹ്‌സിൻ നഖ്വിയുടെ നേതൃത്വത്തിൽ തീരുമാനിച്ചത്. 

ലാഹോര്‍: 2026ലെ ടി20 ലോകകപ്പില്‍ നിന്ന് സെമി ഫൈനല്‍ കാണാതെ പുറത്തായ പാകിസ്ഥാന്‍ ദേശീയ ടീമിനെതിരെ കടുത്ത സാമ്പത്തിക നടപടിയുമായി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ടൂര്‍ണമെന്റില്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കുന്നതില്‍ പരാജയപ്പെട്ട സ്‌ക്വാഡിലെ ഓരോ അംഗത്തിനും 50 ലക്ഷം പാകിസ്ഥാനി രൂപ (ഏകദേശം 16 ലക്ഷം ഇന്ത്യന്‍ രൂപ) വീതം പിഴ ചുമത്താനാണ് ബോര്‍ഡിന്റെ തീരുമാനം. 'ദി എക്‌സ്പ്രസ് ട്രിബ്യൂണ്‍' റിപ്പോര്‍ട്ട് പ്രകാരം, പിസിബി ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്വിയുടെ നേതൃത്വത്തിലാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

അന്താരാഷ്ട്ര തലത്തിലുള്ള പരാജയങ്ങളെ ബോര്‍ഡ് കൈകാര്യം ചെയ്യുന്ന രീതിയില്‍ വലിയൊരു മാറ്റമാണ് ഈ നടപടി സൂചിപ്പിക്കുന്നത്. പ്രധാന ഐസിസി ടൂര്‍ണമെന്റുകളില്‍ ടീം തുടര്‍ച്ചയായി പരാജയപ്പെടുന്നതില്‍ പിസിബി നേതൃത്വത്തിന് ക്ഷമ നശിച്ചിരിക്കുകയാണെന്ന് ബോര്‍ഡുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഇതിന് ബോര്‍ഡ് നല്‍കുന്ന വിശദീകരണം ഇങ്ങനെ... ''വിജയിക്കുമ്പോള്‍ താരങ്ങള്‍ക്ക് വലിയ സാമ്പത്തിക പ്രതിഫലങ്ങളും ബോണസുകളും നല്‍കുന്നുണ്ടെങ്കില്‍, ടൂര്‍ണമെന്റിലെ അടിസ്ഥാന ലക്ഷ്യങ്ങള്‍ പോലും കൈവരിക്കാന്‍ കഴിയാതെ വരുമ്പോള്‍ അവര്‍ സാമ്പത്തിക പ്രത്യാഘാതങ്ങളും നേരിടണം.'' ബോര്‍ഡ് വ്യക്തമാക്കി.

ഇന്ത്യയോടേറ്റ തോല്‍വി

ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയോടേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ തന്നെ ടീമിന് പിഴ ചുമത്താനുള്ള പ്രാഥമിക തീരുമാനത്തില്‍ ബോര്‍ഡ് എത്തിയിരുന്നു. കൊളംബോയില്‍ നടന്ന ആ മത്സരത്തില്‍ സമ്മര്‍ദ്ദഘട്ടങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും തന്ത്രപരമായ നീക്കങ്ങള്‍ നടത്തുന്നതിലും പാക് ടീം പരാജയപ്പെട്ടത് നേരില്‍ കണ്ട ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്വി അങ്ങേയറ്റം അതൃപ്തനായിരുന്നു. 2024-ലെക്കാള്‍ മെച്ചപ്പെട്ട് സൂപ്പര്‍ 8ല്‍ എത്തിയെങ്കിലും, പാകിസ്ഥാന് അവിടെ താളം കണ്ടെത്താനായില്ല. സൂപ്പര്‍-8 ലെ മൂന്ന് മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് ടീമിന് ജയിക്കാനായത്.

നെതര്‍ലന്‍ഡ്സിനെതിരെ ആധികാരികമല്ലാത്ത ഒരു നേരിയ വിജയം. ചിരവൈരികളായ ഇന്ത്യയോട് 61 റണ്‍സിന്റെ കനത്ത തോല്‍വി. നമീബിയയോടും ജയം. സൂപ്പര്‍ എട്ടില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരം മഴ മൂലം ഉപേക്ഷിച്ചു. രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടീനോട് തോല്‍വി. അവസാന മത്സരത്തില്‍ ശ്രീലങ്കയോട് ജയിച്ചെങ്കിലും സെമിയില്‍ കടക്കാന്‍ അത് മതിയാകുമായിരുന്നില്ല. ശ്രീലങ്കയെ 147 റണ്‍സില്‍ ഒതുക്കിയാല്‍ മാത്രമേ സെമി സാധ്യത നിലനിര്‍ത്താന്‍ കഴിയുമായിരുന്നുള്ളൂ എങ്കിലും, പാക് ബൗളര്‍മാര്‍ 200-ലധികം റണ്‍സ് വഴങ്ങി. ഒടുവില്‍ അഞ്ച് റണ്‍സിന് കഷ്ടിച്ചാണ് അവര്‍ ജയിച്ചത്.

ബാബറും സല്‍മാനും സമ്മര്‍ദ്ദത്തില്‍

ടീമിന്റെ തകര്‍ച്ചയോടെ ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഘയും മുന്‍ നായകന്‍ ബാബര്‍ അസമും കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയരായിരിക്കുകയാണ്. മധ്യനിര ബാറ്റിംഗ് ഒരിക്കല്‍ പോലും മികച്ച പ്രകടനം പുറത്തെടുത്തില്ലെന്നും വ്യക്തിഗത മികവുകളെ മാത്രം ആശ്രയിക്കേണ്ടി വന്നുവെന്നും സല്‍മാന്‍ തന്നെ സമ്മതിച്ചിരുന്നു.

YouTube video player