ഞാനത് ചെയ്യില്ല, ചെയ്താൽ ഞാൻ വില്ലനാവും, സഹതാരം മങ്കാദിം​ഗിന് തയാറാവാത്തതിനെക്കുറിച്ച് അശ്വിൻ

By Web TeamFirst Published May 25, 2021, 10:05 AM IST
Highlights

പന്ത് കൈവിടും മുമ്പെ ക്രീസ് വിട്ട നോൺ സ്ട്രൈക്കിം​ഗ് എൻഡിലുണ്ടായിരുന്ന ബട്ലറെ അശ്വിൻ റണ്ണൗട്ടാക്കിയ നടപടി ക്രിക്കറ്റിന്റെ മാന്യതക്ക് ചേർന്നതല്ലെന്നായിരുന്നു ഒരു വിഭാ​ഗം വാദിച്ചത്. എന്നാൽ നിയമപരമായി തന്റെ നടപടി തെറ്റല്ലെന്ന് അശ്വിനും അദ്ദേഹത്തെ അനുകൂലിക്കുന്നവരും നിലപാടെടുത്തു.

മുംബൈ: ഐപിഎല്ലിൽ പഞ്ചാബ് കിം​ഗ്സ്-രാജസ്ഥാൻ റോയൽസ് മത്സരത്തിനിടെ റോയൽസ് താരമായിരുന്ന ജോസ് ബട്ലറെ കിം​ഗ്സ് നായകനായിരുന്ന ആർ അശ്വിൻ മങ്കാദിം​ഗിലൂടെ പുറത്താക്കിയത് ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചക്ക് വഴിമരുന്നിട്ടിരുന്നു. 2019ലെ ഐപിഎല്ലിലായിരുന്നു വിവാദ സംഭവം.

പന്ത് കൈവിടും മുമ്പെ ക്രീസ് വിട്ട നോൺ സ്ട്രൈക്കിം​ഗ് എൻഡിലുണ്ടായിരുന്ന ബട്ലറെ അശ്വിൻ റണ്ണൗട്ടാക്കിയ നടപടി ക്രിക്കറ്റിന്റെ മാന്യതക്ക് ചേർന്നതല്ലെന്നായിരുന്നു ഒരു വിഭാ​ഗം വാദിച്ചത്. എന്നാൽ നിയമപരമായി തന്റെ നടപടി തെറ്റല്ലെന്ന് അശ്വിനും അദ്ദേഹത്തെ അനുകൂലിക്കുന്നവരും നിലപാടെടുത്തു. അതെന്തായാലും അതിനുശേഷം അശ്വിൻ പന്തെറിയാനെത്തുമ്പോൾ നോൺ സ്ട്രൈക്കിം​ഗ് എൻഡിലെ ബാറ്റ്സ്മാൻമാർ കൂടുതൽ കരുതലെടുക്കാൻ തുടങ്ങി.

രാജസ്ഥാനെതിരായ മത്സരത്തിനുശേഷവും മങ്കാദിം​ഗിന് അവസരം ലഭിച്ചപ്പോൾ തന്റെ സഹതാരമായിരുന്ന അങ്കിത് രജ്പൂത് അതിന് തയാറാവാതിരുന്നതിനെക്കുറിച്ച് മനസുതുറക്കുകയാണ് അശ്വിനിപ്പോൾ. മുരളി കാർത്തിക്കിന്റെ യുട്യൂബ് ചാനലിലായിരുന്നു അശ്വിന്റെ തുറന്നുപറച്ചിൽ.

രാജസ്ഥാനെതിരായ മത്സരത്തിനുശേഷം നടന്ന മുബൈ ഇന്ത്യൻസിനെതിരായ മത്സരത്തിലായിരുന്നു അത്. 198 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസിന് അവസാന പന്തിൽ ജയിക്കാൻ രണ്ട് റൺസായിരുന്നു വേണ്ടിയിരുന്നത്.രാഹുൽ ചാഹറും അൽസാരി ജോസഫുമായിരുന്നു ക്രീസിൽ. അങ്കിത് രജ്പുതായിരുന്നു ബൗളർ. അവസാന പന്തെറിയുന്നതിന് മുമ്പ് ഞാൻ അങ്കിതിനോട് പറഞ്ഞു, നോൺ സ്ട്രൈക്കർ പന്തെറിയുന്നതിന് മുമ്പ് ക്രീസ് വിടാൻ സാധ്യതയുണ്ട്. അങ്ങനെ ചെയ്താൽ അയാൾക്ക് മുന്നറിയിപ്പ് നൽകി തിരിച്ചുകേറാൻ പറയണമെന്ന്.

പക്ഷെ അങ്കിത് അതിന് തയാറായില്ല. ഒരിക്കലും താനത് ചെയ്യില്ലെന്ന് അദ്ദേഹം തീർത്തു പറഞ്ഞു. ഞാനത് ചെയ്താൽ  അത് വലിയ വിവാദമാവും. ഞാൻ എല്ലാവരുടെയും മുമ്പിൽ വില്ലനുമാവും.അതുകൊണ്ട് അങ്ങനെ ചെയ്യാനാവില്ലെന്നായിരുന്നു അങ്കിതിന്റെ നിലപാട്. എന്നാൽ നിങ്ങൾ ചെയ്യുന്നതിൽ ഒരു തെറ്റുമില്ലെന്നും നോൺ സ്ട്രൈക്കർ ചെയ്യുന്നത് തെറ്റാണെന്നും പറഞ്ഞിട്ടും അങ്കിത് അതിന് തയാറായില്ലെന്നും അശ്വിൻ പറഞ്ഞു. അവസാന പന്തിൽ രണ്ട് റണ്ണോടി മുംബൈ മത്സരം ജയിക്കുകയും ചെയ്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!