
ചെന്നൈ: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ഇടയ്ക്കിടെയുള്ള പരിക്കുകളിലും അനാവശ്യമായി നീളുന്ന റീഹാബിലിറ്റേഷനിലും കടുത്ത അതൃപ്തി പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ബിസിസിഐയുടെ സെന്‍റർ ഓഫ് എക്‌സലൻസിന് ഇതിൽ ഉത്തരവാദിത്തമുണ്ടെന്നും, വരും ദിവസങ്ങളിൽ മൂന്ന് ഫോർമാറ്റുകളിലേക്കും വെവ്വേറെ ടീമുകളെ ഇന്ത്യ കളത്തിലിറക്കേണ്ട സമയം അതിക്രമിച്ചുവെന്നും അശ്വിൻ പറഞ്ഞു.തന്‍റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കവേ, സ്പിന്നർ വരുൺ ചക്രവർത്തിക്ക് നേരിടേണ്ടി വന്ന തുടർച്ചയായ പരിക്കുകളെ ഉദാഹരണമാക്കിയാണ് അശ്വിൻ വിമർശനം ഉന്നയിച്ചത്.
ഓരോ താരങ്ങളുടെയും പരിക്ക് കൈകാര്യം ചെയ്യുന്ന കാര്യത്തിൽ എവിടെയോ ഒരു ഉത്തരവാദിത്തമില്ലായ്മയുണ്ട്. വരുൺ ചക്രവർത്തി കഴിഞ്ഞ 3-4 മാസമായി എൻസിഎയിൽ ആയിരുന്നു. തമിഴ്നാട് പ്രീമിയര്‍ ലീഗിൽ കളിക്കാൻ അനുമതി ചോദിച്ചെങ്കിലും അവർ അദ്ദേഹത്തെ വിട്ടില്ല. ഒരു മാസത്തിനുള്ളിൽ മടങ്ങിയെത്തേണ്ട താരം 2-3 മാസത്തോളമാണ് അവിടെ ചെലവഴിച്ചതെന്നും അശ്വിൻ ചൂണ്ടിക്കാട്ടി.
അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ടി20 യിൽ തിരിച്ചെത്തിയ വരുണിന് വീണ്ടും പരിക്കേറ്റതിനെ തുടർന്ന് ഏഷ്യൻ ഗെയിംസും വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയും നഷ്ടമായിരുന്നു. 2026 ഐ.പി.എൽ സീസണിലും ഇംഗ്ലണ്ട് പര്യടനത്തിലും വരുൺ പരിക്കിന്റെ പിടിയിലായിരുന്നു. പരിക്കുകൾ ഒഴിവാക്കാൻ വ്യായാമ മുറകളിൽ കളിക്കാർ തന്നെ ജാഗ്രത പാലിക്കണമെന്നും അശ്വിൻ ഓർമ്മിപ്പിച്ചു. 2015-ൽ 'ഒളിമ്പിക് ലിഫ്റ്റിംഗ്' പരിശീലിച്ചപ്പോഴാണ് എനിക്ക് വരിയെല്ലിന് പരിക്കേറ്റത്. അതിനുശേഷം അത് നിർത്തി. ഇത്തരം പരിശീലനങ്ങൾ വേഗത വർദ്ധിപ്പിക്കുമെങ്കിലും ശരീരത്തിന് അനുയോജ്യമല്ലെങ്കിൽ താരങ്ങൾ തന്നെ അത് ഒഴിവാക്കണമെന്നും അശ്വിൻ വ്യക്തമാക്കി. ടെസ്റ്റ്, ഏകദിനം, ടി20 എന്നീ മൂന്ന് ഫോർമാറ്റുകളിലേക്കും വെവ്വേറെ സ്ക്വാഡുകളെ ഇറക്കുകയാണ് താരങ്ങളുടെ ജോലിഭാരം കുറയ്ക്കാനും പരിക്കുകൾ ഒഴിവാക്കാനുമുള്ള മികച്ച വഴിയെന്നും അശ്വിൻ കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!