ആരാധകരെപ്പോലെ നിയന്ത്രണംവിടുന്ന ആവേശം പലപ്പോഴും കളിക്കാരിലും മുൻപ് കണ്ടിട്ടുണ്ട്

ദുബായ്: ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് പോരാട്ടം എന്നും ആവേശകരമാണ്. എന്നാൽ മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇരു ടീമിലെയും താരങ്ങൾ വളരെ സൗഹാർദത്തോടെയാണ് പെരുമാറുന്നത്. ദുബായില്‍ ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ-പാക് ടീമുകളിലെ താരങ്ങള്‍ തമ്മില്‍ വലിയ സൗഹാര്‍ദമാണ് മൈതാനത്ത് പ്രകടമായത്. 

ക്രിക്കറ്റിൽ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടത്തോളം വീറും വാശിയുമുള്ള മത്സരമില്ല. ഏഷ്യന്‍ ഡര്‍ബി അക്ഷരാര്‍ഥത്തില്‍ ക്രിക്കറ്റിലെ തന്നെ ഏറ്റവും വാശിയേറിയ പോരാട്ടമാണ്. ആരാധകരെപ്പോലെ നിയന്ത്രണംവിടുന്ന ആവേശം പലപ്പോഴും കളിക്കാരിലും മുൻപ് കണ്ടിട്ടുണ്ട്. ജാവേദ് മിയാൻദാദും ആമിർ സുഹൈലും ഷാഹിദ് അഫ്രീദിയും വെങ്കടേഷ് പ്രസാദും ഗൗതം ഗംഭീറുമെല്ലാം ഇത് ആളിക്കത്തിച്ചവരാണ്. മൈതാനത്തെ വാക്‌പോര് മുമ്പ് ഇരു ടീമുകളിലേയും താരങ്ങളും കുപ്രസിദ്ധരാക്കിയിരുന്നു. എന്നാൽ രോഹിത് ശ‍ർമ്മയും ബാബർ അസവും നയിക്കുന്ന കാലത്തേക്ക് എത്തിയപ്പോൾ താരങ്ങൾക്കിടയിൽ ഇത്തരം വൈരമില്ല.

പരിശീലനത്തിനിടെയും മത്സരത്തിനിടെയും പരസ്പരം ബഹുമാനിച്ചും പ്രോത്സാഹിപ്പിച്ചും സൗഹൃദ നിമിഷങ്ങള്‍ പങ്കിട്ടും പോരാടുന്ന ഇന്ത്യയുടെയും പാകിസ്ഥാന്റെയും താരങ്ങളെയാണ് ഇപ്പോൾ കാണുന്നത്. ഫോം വീണ്ടെടുക്കാൻ വിരാട് കോലിക്കായി പ്രാർഥിക്കുന്നുവെന്ന ഷഹീൻ ഷാ അഫ്രീദിയുടെ വാക്കുകൾ ഇതിന്‍റെ പൂർണ സാക്ഷ്യം. ബാബറും രോഹിത്തും റിസ്‌വാനും ഹാർദിക്കും ജഡേജയും റൗഫുമെല്ലാം വൈരംമറന്ന് കളിക്കളത്തിൽ സ്നേഹം പങ്കുവയ്ക്കുന്നതും ഇത്തവണ ദുബായിൽ കണ്ടു. കളിക്കളത്തില്‍ ഇന്ത്യയും പാകിസ്ഥാന്‍ നേര്‍ക്കുനേര്‍ വരുന്നത് ഇപ്പോൾ വിരലിൽ എണ്ണാവുന്ന തരത്തിലേക്ക് ചുരുങ്ങിയെങ്കിലും താരങ്ങളുടെ സമീപനത്തിലെ മാറ്റം ആശാവഹമാണ്. 

Scroll to load tweet…

ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ ഇന്ത്യ അഞ്ച് വിക്കറ്റിന് തോല്‍പിച്ചിരുന്നു. ഹാര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് മികവിലായിരുന്നു ഇന്ത്യന്‍ ജയം. 25 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത പാണ്ഡ്യ ബാറ്റിംഗില്‍ 17 പന്തില്‍ നാല് ഫോറും ഒരു സിക്‌സും ഉള്‍പ്പടെ 33 റണ്‍സെടുത്തു. പാകിസ്ഥാന്‍റെ 147 റണ്‍സ് പിന്തുടരവെ കെ എല്‍ രാഹുലും(0), നായകന്‍ രോഹിത് ശര്‍മ്മയും(12) വേഗം പുറത്തായെങ്കിലും 35 റണ്‍സ് വീതമെടുത്ത വിരാട് കോലിയും രവീന്ദ്ര ജഡേജയും ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ സിക്‌സറോടെ ഇന്ത്യയ്‌ക്ക് ജയം സമ്മാനിച്ചു. സൂര്യകുമാര്‍ യാദവ് 18 റണ്ണില്‍ മടങ്ങി. 

ഏഷ്യാ കപ്പ്: ടോപ് ഓര്‍ഡറില്‍ ഇടംകൈയന്‍ വേണം; റിഷഭ് പന്ത് ഓപ്പണറാവും?