
ദുബായ്: ഏഷ്യാ കപ്പിനിടെ ഇന്ത്യ-പാക് ടീമംഗങ്ങളും ആരാധകരും ക്രിക്കറ്റ് ലോകത്തിന്‍റെ മനം കവരുകയാണ്. എല്ലാ വൈരവും കളത്തിന് പുറത്താക്കി താരങ്ങള്‍ പരസ്‌പരം സൗഹൃദം പങ്കിടുമ്പോള്‍ ഇരു രാജ്യങ്ങളില്‍ നിന്നുള്ള ആരാധകരും ഈ സ്നേഹവായ്‌പുകളുടെ ഭാഗമായിക്കഴിഞ്ഞു. വിരാട് കോലിയെ കാണാന്‍ പാകിസ്ഥാനില്‍ നിന്നുള്ള ഭിന്നശേഷിക്കാരിയായ ആരാധിക എത്തിയത് ശ്രദ്ധേയമായിരുന്നു. ഇതുപോലെ ഹൃദയം കവര്‍ന്ന മറ്റൊരു സംഭവമുണ്ടായിരിക്കുകയാണ് ഇപ്പോള്‍.
പാകിസ്ഥാന്‍ ടീമിന്‍റെ പരിശീലനത്തിനിടെ ഇന്ത്യന്‍ ആരാധിക പേസര്‍ ഹസന്‍ അലിയെ കണ്ടതും ഫോട്ടോയെടുക്കുന്നതുമായിരുന്നു ഈ രംഗം. ഞാന്‍ ഇന്ത്യയെ സ്നേഹിക്കുന്നു എന്നായിരുന്നു ഹസന്‍ അലിയുടെ പ്രതികരണം. ഇന്ത്യയില്‍ തനിക്ക് ആരാധകരുണ്ടെന്നും ഹസന്‍ അലി പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. ഇന്ത്യന്‍ ആരാധികയ്‌ക്കൊപ്പം പിന്നാലെ ചിത്രമെടുക്കുകയും ചെയ്തു പാക് പേസര്‍. ഹസന്‍ അലിക്കൊരു ഇന്ത്യന്‍ ബന്ധമുണ്ട്. ഹസന്‍ അലിയുടെ ഭാര്യ ഇന്ത്യന്‍ വംശജയായ സാമിയ അര്‍സൂവാണ്.
നേരത്തെ പാകിസ്ഥാനില്‍ നിന്നുള്ളൊരു പെണ്‍കുട്ടി വിരാട് കോലിയെ കാണാനെത്തിയതും ഒന്നിച്ച് ചിത്രമെടുത്തതും വൈറലായിരുന്നു. ഇരു ടീമിലേയും താരങ്ങള്‍ പരിശീലനത്തിനിടെയും മത്സരത്തിലും സൗഹൃദം പങ്കിടുന്നതും ക്രിക്കറ്റ് പ്രേമികളുടെ മനം കവര്‍ന്നു. കാല്‍മുട്ടിന് പരിക്കേറ്റ പാക് പേസര്‍ ഷഹീന്‍ ഷാ അഫ്രീദിയുടെ അടുത്തെത്തി വിരാട് കോലിയും കെ എല്‍ രാഹുലും യുസ്‌വേന്ദ്ര ചാഹലും സുഖവിവരം തിരക്കിയതും ആശ്വസിപ്പിച്ചതും ഏവരുടെയും മനം കവര്‍ന്നിരുന്നു. ഫോമിലെത്താന്‍ പ്രാര്‍ഥിക്കുന്നതായി ഷഹീന്‍ ഷാ റണ്‍ മെഷീന്‍ വിരാട് കോലിയോട് പറഞ്ഞതും ഏഷ്യാ കപ്പിനിടെ മനോഹര കാഴ്‌ചയായി. ബാബര്‍ അസമും വിരാട് കോലിയും സൗഹൃദം പങ്കിട്ടതും ആരാധകരുടെ മനംകവര്‍ന്നു.
ഇതില്‍ നിന്ന് വ്യത്യസ്തമായിരുന്നു മുന്‍കാലത്തെ കാഴ്‌ചകള്‍. മത്സരത്തിന് മുമ്പ് തന്നെ ഇരു ടീമിലേയും താരങ്ങളും മുന്‍താരങ്ങളും വാക്‌പോരിന് തുടക്കമിട്ടിരുന്നു. ആരാധകരെപ്പോലെ നിയന്ത്രണംവിടുന്ന ആവേശം പലപ്പോഴും കളിക്കാരിലും മുൻപ് കണ്ടിട്ടുണ്ട്. ജാവേദ് മിയാൻദാദും ആമിർ സുഹൈലും ഷാഹിദ് അഫ്രീദിയും വെങ്കടേഷ് പ്രസാദും ഗൗതം ഗംഭീറുമെല്ലാം ഈ വാക്‌പോരിന്‍റെ ഭാഗമായിരുന്നു. എന്നാല്‍ രോഹിത് ശര്‍മ്മയുടെ ടീം ഇന്ത്യയും ബാബര്‍ അസമിന്‍റെ പാക് ടീമും സൗഹാര്‍ദത്തിന്‍റെ പിച്ചാണ് മൈതാനത്ത് വരച്ചിരിക്കുന്നത്.
മൈതാനത്തെ 'തല്ലുമാല' പഴങ്കഥ; കായിക ലോകത്തിന് മാതൃകയായി ഇന്ത്യ-പാക് ടീമുകള്‍