ഇതെനിക്ക് വിട്ടേക്ക്, പാക്കലാം; ഡോട് ബോളിന് പിന്നാലെ ആംഗ്യം കാട്ടി പാണ്ഡ്യ, ആറ്റിറ്റ്യൂഡിനെ വാഴ്‌ത്തി ആരാധകര്‍

By Jomit JoseFirst Published Aug 29, 2022, 10:01 AM IST
Highlights

ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ അവസാന ഓവറില്‍ ഇന്ത്യക്ക് ജയിക്കാന്‍ 7 റണ്‍സാണ് വേണ്ടിയിരുന്നത്

ദുബായ്: അവസാന ഓവറില്‍ ജയിക്കാന്‍ ഏഴ് റണ്‍സ്. ടി20 പോലൊരു ബാറ്റിംഗ് സൗഹൃദ ഫോര്‍മാറ്റില്‍ ഡെത്ത് ഓവറിലെ വിസ്‌മയ സ്‌പെല്ലൊന്നും പിറന്നില്ലെങ്കില്‍ അനായാസം ടീമിന് ജയിക്കാന്‍ കഴിയുന്ന ദൂരമേ ഏഴ് റണ്‍സിലേക്കുള്ളൂ. എന്നാല്‍ ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ അവസാന ഓവറിലെ ആദ്യ പന്തില്‍ വിക്കറ്റ് വീണതോടെ ഇന്ത്യ നടുങ്ങി. പിന്നാലെ സിംഗിളെടുക്കാതെ സിക്‌സര്‍ പറത്തി മത്സരം ഫിനിഷ് ചെയ്യാനുള്ള ഹാര്‍ദിക് പാണ്ഡ്യയുടെ തീരുമാനത്തെ പ്രശംസിക്കാതെ വയ്യ. അത്രയേറെ ആത്മവിശ്വാസത്തോടെയാണ് പാണ്ഡ്യ ബാറ്റേന്തിയത്. സിംഗിളെടുക്കാതെ സിക്‌സര്‍ കൊണ്ട് ഫിനിഷ് ചെയ്യുന്ന എം എസ് ധോണിയെ ഓര്‍മ്മിപ്പിക്കുന്നതായി ഈ കാഴ്‌ച. 

ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ അവസാന ഓവറില്‍ ഇന്ത്യക്ക് ജയിക്കാന്‍ 7 റണ്‍സാണ് വേണ്ടിയിരുന്നത്. രവീന്ദ്ര ജഡേജയും ഹാര്‍ദിക് പാണ്ഡ്യയുമായിരുന്നു ക്രീസില്‍. ഇടംകൈയന്‍ സ്‌പിന്നര്‍ മുഹമ്മദ് നവാസിന്‍റെ ആദ്യ പന്തില്‍ ജഡേജ ബൗള്‍ഡായതോടെ ഇന്ത്യയൊന്ന് വിറച്ചു. 29 പന്തില്‍ 35 റണ്‍സാണ് ജഡ്ഡു നേടിയത്. പിന്നാലെ ക്രീസിലെത്തിയ ദിനേശ് കാര്‍ത്തിക് തൊട്ടടുത്ത പന്തില്‍ സിംഗിളെടുത്തു. ഇതോടെ ഇന്ത്യക്ക് ജയിക്കാന്‍ നാല് പന്തില്‍ ആറ് റണ്‍സ് വേണമെന്നായി. എന്നാല്‍ നവാസിന്‍റെ മൂന്നാം പന്തില്‍ സിംഗിളെടുക്കാന്‍ അവസരമുണ്ടെങ്കിലും ഹാര്‍ദിക് പാണ്ഡ്യ ഓടിയില്ല. പേടിക്കണ്ടാ, കാര്യങ്ങള്‍ ഞാന്‍ നോക്കിക്കോളാം, എന്ന് ഡികെയോട് ആംഗ്യം കാണിക്കുകയായിരുന്നു ഹാര്‍ദിക് പാണ്ഡ്യ ചെയ്തത്. തൊട്ടടുത്ത പന്തില്‍ സിക്‌സ് നേടി അസ്സലായി മത്സരം ഫിനിഷ് ചെയ്തു പാണ്ഡ്യ. പാണ്ഡ്യയുടെ ഈ ആറ്റിറ്റ്യൂഡിനെ വാഴ്‌ത്തുകയാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍.  

That confidence … 👌👌👌 pic.twitter.com/bhvuYnBWzX

— Karthigaichelvan S (@karthickselvaa)

മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് മികവില്‍ ഇന്ത്യ അ‌ഞ്ച് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാക് ടീം 19.5 ഓവറില്‍ 147 റണ്‍സിന് പുറത്തായി. ഭുവിയുടെ നാലിന് പുറമെ ഹാര്‍ദിക് പാണ്ഡ്യ മൂന്നും അര്‍ഷ്‌ദീപ് സിംഗ് രണ്ടും ആവേശ് ഖാന്‍ ഒന്നും വിക്കറ്റ് നേടി. മറുപടി ബാറ്റിംഗില്‍ രണ്ട് പന്ത് ബാക്കിനില്‍ക്കേ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ ഇന്ത്യ വിജയത്തിലെത്തി. 17 പന്തില്‍ 33* റണ്‍സുമായി ഹാര്‍ദിക് പാണ്ഡ്യ പുറത്താകാതെ നിന്നു. നായകന്‍ രോഹിത് ശര്‍മ്മ 12ഉം കെ എല്‍ രാഹുല്‍ ഗോള്‍ഡന്‍ ഡക്കായും മടങ്ങി. പാക്കിസ്ഥാനായി മുഹമ്മദ് നവാസ് മൂന്നോവറില്‍ 26 റണ്‍സിന് രണ്ടും അരങ്ങേറ്റക്കാരന്‍ നസീം ഷാ നാലോവറില്‍ 27 റണ്‍സിന് രണ്ടും വിക്കറ്റെടുത്തു. 

ഇന്ത്യ-പാക് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മനോഹര നിമിഷം! ഹാര്‍ദിക്കിന്‍റെയും റിസ്‌വാന്‍റേയും ചിത്രം വൈറല്‍

click me!