Latest Videos

ഇന്ത്യ-പാക് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മനോഹര നിമിഷം! ഹാര്‍ദിക്കിന്‍റെയും റിസ്‌വാന്‍റേയും ചിത്രം വൈറല്‍

By Jomit JoseFirst Published Aug 29, 2022, 9:15 AM IST
Highlights

ഇന്ത്യന്‍ ചേസിംഗിനിടെ ദുബായിലെ ചൂടില്‍ നിരവധി പാക് താരങ്ങള്‍ പേശീവലിവുമൂലം പ്രയാസപ്പെട്ടിരുന്നു

ദുബായ്: ബന്ധവൈരികളാണ് എന്നാണ് വിളിപ്പേരെങ്കിലും ഇന്ത്യ-പാക് താരങ്ങളും ആരാധകരും കായികലോകത്തിന് എന്നും മാതൃകയാണ്. ഇരു ടീമിലേയും ആരാധകര്‍ ഒന്നിച്ച് പോസ് ചെയ്തതിന്‍റെ ചിത്രം ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തിന് മുമ്പ് ചര്‍ച്ചയായിരുന്നു. മത്സരം ആരംഭിച്ച ശേഷവും ഇരു രാജ്യങ്ങളും തമ്മിലുള്ള സ്നേഹമുഹൂര്‍ത്തം മൈതാനത്ത് കാണാനായി. 

ഇന്ത്യന്‍ ചേസിംഗിനിടെ ദുബായിലെ ചൂടില്‍ നിരവധി പാക് താരങ്ങള്‍ പേശീവലിവുമൂലം പ്രയാസപ്പെട്ടിരുന്നു. ബൗളര്‍മാരായ ഹാരിസ് റൗഫും നസീം ഷായും ഇടയ്‌ക്കിടയ്‌ക്ക് മൈതാനത്തത്ത് ഇരിക്കുന്നതും ഫിസിയോ പരിശോധിക്കുന്നതും കാണാനായി. പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്‌വാനും സമാന പ്രശ്‌നങ്ങളില്‍ വലഞ്ഞു. ഈസമയം ഹാര്‍ദിക് പാണ്ഡ്യയായിരുന്നു ക്രീസില്‍. രവീന്ദ്ര ജഡേജ സ്‌ട്രൈക്കര്‍ എന്‍ഡിലും. റിസ്‌വാന്‍റെ പേശീവലിവ് മാറി മത്സരം പുനരാരംഭിച്ചപ്പോള്‍ തോളില്‍ കയ്യിട്ട് താരത്തെ ചേര്‍ത്തുനിര്‍ത്തുകയായിരുന്നു ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. ഇരുവരും പുഞ്ചിരിക്കുന്നത് ചിത്രത്തില്‍ കാണാം. ഇരു താരങ്ങളും തമ്മിലുള്ള ഈ സൗഹൃദ ചിത്രം മത്സരം പുരോഗമിക്കുമ്പോള്‍ തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി.

Hardik Pandya having fun with Mohammad Rizwan. pic.twitter.com/2Ck04Soa0K

— Mufaddal Vohra (@mufaddal_vohra)

മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യയും മുഹമ്മദ് റിസ്‌വാനും തിളങ്ങിയിരുന്നു. ഓള്‍റൗണ്ട് മികവുമായി പാണ്ഡ്യ മത്സരത്തിലെ താരമായപ്പോള്‍ കളി ഇന്ത്യ അഞ്ച് വിക്കറ്റിന് വിജയിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാക് ടീം 19.5 ഓവറില്‍ 147 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ രണ്ട് പന്ത് ബാക്കിനില്‍ക്കേ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ ജയം സ്വന്തമാക്കി. 42 പന്തില്‍ 43 റണ്‍സെടുത്ത റിസ്‌വാനാണ് പാകിസ്ഥാന്‍റെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ബാബര്‍ അസം പത്തില്‍ പുറത്തായി. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍ നാലും ഹാര്‍ദിക് പാണ്ഡ്യ മൂന്നും അര്‍ഷ്‌ദീപ് സിംഗ് രണ്ടും ആവേശ് ഖാന്‍ ഒന്നും വിക്കറ്റ് നേടി. 

ഇന്ത്യ 19.4 ഓവറില്‍ വിജയിച്ചപ്പോള്‍ 17 പന്തില്‍  33* റണ്‍സുമായി ഹാര്‍ദിക് പാണ്ഡ്യ പുറത്താകാതെ നില്‍പുണ്ടായിരുന്നു. നായകന്‍ രോഹിത് ശര്‍മ്മ 12ഉം കെ എല്‍ രാഹുല്‍ ഗോള്‍ഡന്‍ ഡക്കായും മടങ്ങി. പാക്കിസ്ഥാനായി മുഹമ്മദ് നവാസ് മൂന്നോവറില്‍ 26 റണ്‍സിന് രണ്ടും അരങ്ങേറ്റക്കാരന്‍ നസീം ഷാ നാലോവറില്‍ 27 റണ്‍സിന് രണ്ടും വിക്കറ്റെടുത്തു. 

ദുബായില്‍ ഹൈ വോള്‍ട്ടേജ് ഹാര്‍ദിക് പാണ്ഡ്യ, ഇന്ത്യക്ക് ത്രില്ലര്‍ ജയം; ആഘോഷത്തില്‍ ആറാടി ആരാധകര്‍
 

click me!