ഒടുവില്‍ വസീം അക്രവും പറയുന്നു; ഹാര്‍ദിക് പാണ്ഡ്യ ലോകത്തെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍

By Jomit JoseFirst Published Aug 29, 2022, 2:13 PM IST
Highlights

ഇന്ത്യക്ക് ജയിക്കാന്‍ ഓവറില്‍ പത്തോളം റണ്‍റേറ്റ് വേണ്ട ഘട്ടത്തിലാണ് ഹാര്‍ദിക് പാണ്ഡ്യ ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയത്

ദുബായ്: ഏഷ്യാ കപ്പിലെ ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാനെ ഇന്ത്യ വീഴ്‌ത്തിയത് ഹാര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് മികവിലായിരുന്നു. ബൗളിംഗില്‍ മൂന്ന് വിക്കറ്റും ബാറ്റിംഗില്‍ മാച്ച് വിന്നിംഗ്‌ ഇന്നിംഗ്‌സുമായാണ് ഹാര്‍ദിക് തിളങ്ങിയത്. ഗംഭീര ഓള്‍റൗണ്ട് പ്രകടനത്തില്‍ ഹാര്‍ദിക്കിനെ ഏവരും വാഴ്‌ത്തുമ്പോള്‍ ശ്രദ്ധേയ പ്രശംസയുമായി രംഗത്തെത്തിയിരിക്കുകയാണ് പാക് മുന്‍ നായകനും പേസ് ഇതിഹാസവുമായ വസീം അക്രം. 

'നിലവിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് താനെന്ന് ഹാര്‍ദിക് പാണ്ഡ്യക്ക് അറിയാമെന്ന് തോന്നുന്നു. അത്തരത്തിലാണ് ഹാര്‍ദിക് തന്‍റെ സാന്നിധ്യം അറിയിക്കുന്നത്. അതിനനുസരിച്ചാണ് അദ്ദേഹം മനസ് ക്രമീകരിച്ചിരിക്കുന്നത് മണിക്കൂറില്‍ 140 കിലോമീറ്ററിലേറെ വേഗത്തില്‍ പന്തെറിയുന്ന ഹാര്‍ദിക് ബാറ്റിംഗിനിറങ്ങുമ്പോള്‍ എല്ലാ ഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമിന്‍റെ പ്രധാനപ്പെട്ട ഘടകങ്ങളില്‍ ഒന്നാണ്. നിലവില്‍ ലോകത്തെ ഏറ്റവും മികച്ച ഓള്‍റൗണ്ടറാണ് പാണ്ഡ്യ എന്നാണ് എന്‍റെ വിലയിരുത്തല്‍. ബാറ്റ് ചെയ്യുന്ന രീതി നോക്കിയാല്‍ ആന്ദ്രേ റസലിനേക്കാള്‍ മികച്ചതാണ്. നിലവിലെ എല്ലാ ഓള്‍റൗണ്ടറേക്കാളും മികച്ച താരം. പാണ്ഡ്യക്ക് സ്ഥിരതയുണ്ട്. ഗംഭീര ഫീല്‍ഡറുമാണ്. ലോകത്തെ മികച്ച ക്രിക്കറ്റര്‍മാരില്‍ ഒരാളാണ് ഹാര്‍ദിക് പാണ്ഡ്യ' എന്നും വസീം അക്രം സ്റ്റാര്‍ സ്പോര്‍ട്‌സില്‍ പറഞ്ഞു. 

പാകിസ്ഥാനെതിരെ ഇന്ത്യക്ക് ജയിക്കാന്‍ ഓവറില്‍ പത്തോളം റണ്‍റേറ്റ് വേണ്ട ഘട്ടത്തിലാണ് ഹാര്‍ദിക് പാണ്ഡ്യ ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയത്. 19-ാം ഓവറില്‍ സ്റ്റാര്‍ പേസര്‍ ഹാരിസ് റൗഫിനെതിരെ മൂന്ന് ബൗണ്ടറിയടിച്ച് കളിയുടെ താളം മാറ്റിയത് ഹാര്‍ദിക്കാണ്. അവസാന ഓവറില്‍ ജയിക്കാന്‍ ഏഴ് റണ്‍സ് വേണ്ടപ്പോള്‍ രവീന്ദ്ര ജഡേജ പുറത്തായിരുന്നു. തൊട്ടടുത്ത പന്തില്‍ ദിനേശ് കാര്‍ത്തിക്കിന് സിംഗിള്‍ നേടാനേയായുള്ളൂ. മൂന്നാം പന്തില്‍ ഓടാതിരുന്ന ഹാര്‍ദിക് നാലാം പന്ത് ഗാലറിയിലെത്തിച്ച് ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സമ്മാനിക്കുകയായിരുന്നു. 

പാകിസ്ഥാന്‍റെ 147 റണ്‍സ് പിന്തുടരവെ ഗോള്‍ഡന്‍ ഡക്കായ കെ എല്‍ രാഹുലിന് പിന്നാലെ നായകന്‍ രോഹിത് ശര്‍മ്മയും(12) വേഗം പുറത്തായെങ്കിലും 35 റണ്‍സ് വീതമെടുത്ത വിരാട് കോലിയും രവീന്ദ്ര ജഡേജയും ഇന്ത്യയെ സുരക്ഷിതമായി കരകയറ്റി. സൂര്യകുമാര്‍ യാദവ് 18 റണ്ണില്‍ മടങ്ങിയെങ്കിലും ബൗളിംഗിന് പിന്നാലെ ബാറ്റിംഗിലും താരമായ ഹാര്‍ദിക് പാണ്ഡ്യ 17 പന്തില്‍ പുറത്താകാതെ 33 റണ്‍സുമായി ഇന്ത്യയ്‌ക്ക് അഞ്ച് വിക്കറ്റിന്‍റെ ജയം സമ്മാനിക്കുകയായിരുന്നു. ഹാര്‍ദിക്കിനൊപ്പം ഒരു റണ്ണുമായി ദിനേശ് കാര്‍ത്തിക്കും പുറത്താകാതെ നിന്നു. 

ഭൂമിയില്‍ ഇന്ത്യയുടെ വിജയാഘോഷം, പക്ഷേ കെ എല്‍ രാഹുല്‍ എയറില്‍; ഉപനായകനെ പൊരിച്ച് ആരാധകര്‍
 

click me!