Asianet News MalayalamAsianet News Malayalam

ഭൂമിയില്‍ ഇന്ത്യയുടെ വിജയാഘോഷം, പക്ഷേ കെ എല്‍ രാഹുല്‍ എയറില്‍; ഉപനായകനെ പൊരിച്ച് ആരാധകര്‍

പരിക്കിന്‍റെയും കൊവിഡിന്‍റേയും നീണ്ട ഇടവേള കഴിഞ്ഞ് സിംബാബ്‌‌വെന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് നടത്തിയ കെ എല്‍ രാഹുല്‍ ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിലും ഫോമിലേക്ക് എത്തിയില്ല

Asia Cup 2022 IND vs PAK He is only IPL level cricketer fans slams KL Rahul after golden duck
Author
First Published Aug 29, 2022, 12:16 PM IST

ദുബായ്: സ്വന്തം ടീം ജയിച്ചിട്ടും എയറിലാവണമെങ്കില്‍ അതെന്തൊരു അവസ്ഥയാകും. ഏഷ്യാ കപ്പിലെ ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യ ജയിച്ചിട്ടും എയറിലായിരിക്കുകയാണ് ഇന്ത്യന്‍ ഓപ്പണറും ഉപനായകനുമായ കെ എല്‍ രാഹുല്‍. അരങ്ങേറ്റക്കാരന്‍ പേസര്‍ നസീം ഷായുടെ പന്തില്‍ ഇന്‍സൈഡ് എഡ്‌ജായി പുറത്തായതിന് പിന്നാലെയാണ് ആരാധകര്‍ രാഹുലിനെ വിമര്‍ശനങ്ങള്‍ കൊണ്ട് പുകച്ചത്. വെറും ഐപിഎല്‍ വിസ്‌മയം മാത്രമായി രാഹുല്‍ മാറുന്നു എന്നാണ് ഒരു വിമര്‍ശനം. എന്നാല്‍ രാഹുല്‍ അതിശക്തമായി തിരിച്ചുവരും എന്ന് വാദിക്കുന്നവരുമുണ്ട്. 

പരിക്കിന്‍റെയും കൊവിഡിന്‍റേയും നീണ്ട ഇടവേള കഴിഞ്ഞ് സിംബാബ്‌‌വെന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് നടത്തിയ കെ എല്‍ രാഹുല്‍ ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിലും ഫോമിലേക്ക് എത്തിയില്ല. പാകിസ്ഥാന്‍റെ 147 റണ്‍സ് പിന്തുടരവെ നസീം ഷായുടെ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ ഗോള്‍ഡന്‍ ഡക്കാവുകയായിരുന്നു കെ എല്‍ രാഹുല്‍. ഓഫ് സ്റ്റംപിന് പുറത്തുവന്ന പന്ത് പ്രതിരോധിക്കാന്‍ ശ്രമിക്കവെ ഇന്‍സൈഡ് എഡ്‌ജായി ബെയ്‌ല്‍സ് തെറിക്കുകയായിരുന്നു. രാഹുല്‍ പുറത്താകുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ഒന്നില്‍ എത്തിയിട്ടേയുണ്ടായിരുന്നുള്ളൂ. ഉപനായകനായിട്ടും രാഹുല്‍ ഉത്തരവാദിത്തം കാട്ടുന്നില്ലെന്നാണ് ഒരു വിഭാഗം ആരാധകര്‍ വിമര്‍ശിക്കുന്നത്. വമ്പന്‍ മത്സരങ്ങളില്‍ രാഹുലിന് പിഴയ്ക്കുന്നതായി ഒരു ആരാധകന്‍ ചൂണ്ടിക്കാണിക്കുന്നു. 

രാഹുല്‍ ഫോമിലായില്ലെങ്കിലും...

രാഹുലിന് പിന്നാലെ നായകന്‍ രോഹിത് ശര്‍മ്മയും(12) വേഗം പുറത്തായെങ്കിലും 35 റണ്‍സ് വീതമെടുത്ത വിരാട് കോലിയും രവീന്ദ്ര ജഡേജയും ഇന്ത്യയെ സുരക്ഷിതമായി കരകയറ്റി. സൂര്യകുമാര്‍ യാദവ് 18 റണ്ണില്‍ മടങ്ങിയെങ്കിലും ബൗളിംഗിന് പിന്നാലെ ബാറ്റിംഗിലും താരമായ ഹാര്‍ദിക് പാണ്ഡ്യ 17 പന്തില്‍ പുറത്താകാതെ 33 റണ്‍സുമായി ഇന്ത്യയ്‌ക്ക് അഞ്ച് വിക്കറ്റിന്‍റെ ജയം സമ്മാനിച്ചു. ഒരു റണ്ണുമായി ദിനേശ് കാര്‍ത്തിക്കും പുറത്താകാതെ നിന്നു. നേരത്തെ മൂന്ന് വിക്കറ്റുമായി ബൗളിംഗിലും ഹാര്‍ദിക് പാണ്ഡ്യ തിളങ്ങിയിരുന്നു. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍റെ ഇന്നിംഗ്‌സ് 19.5 ഓവറില്‍ 147 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. പേസര്‍മാരാണ് 10 വിക്കറ്റും പിഴുതത്. ഭുവനേശ്വര്‍ കുമാര്‍ നാലും ഹാര്‍ദിക് പാണ്ഡ്യ മൂന്നും അര്‍ഷ്‌ദീപ് സിംഗ് രണ്ടും ആവേശ് ഖാന്‍ ഒന്നും വിക്കറ്റ് നേടി. 42 പന്തില്‍ 43 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌‌വാനാണ് പാകിസ്ഥാന്‍റെ ടോപ്പര്‍. ക്യാപ്റ്റന്‍ ബാബര്‍ അസം 10ല്‍ പുറത്തായി. മൂന്ന് വിക്കറ്റും 33 റണ്‍സുമായി ഹാര്‍ദിക് പാണ്ഡ്യ മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു. 

നമിച്ചു മുത്തേ... ഹാര്‍ദിക് പാണ്ഡ്യയുടെ സിക്‌സര്‍ ഫിനിഷിംഗിന് ഡികെയുടെ വീരവണക്കം- വൈറല്‍ വീഡിയോ

Follow Us:
Download App:
  • android
  • ios