
ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരെ പാക് യുവ പേസര്‍ നസീം ഷാ ഇന്ന് രാജ്യാന്തര ടി20 അരങ്ങേറ്റം കുറിക്കും. പരിക്കേറ്റ് പുറത്തായ ഷഹീന്‍ ഷാ അഫ്രീദി, മുഹമ്മദ് വസീം എന്നിവരുടെ അഭാവത്തിലാണ് നസീമിന്‍റെ അരങ്ങേറ്റം. 19കാരനായ താരം കരീബിയന്‍ പ്രീമിയര്‍ ലീഗ്, പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ്, വിറ്റാലിറ്റി ബ്ലാസ്റ്റ് എന്നിവയില്‍ മുമ്പ് കളിച്ചിട്ടുണ്ട്. പാകിസ്ഥാനായി ടെസ്റ്റിലും ഏകദിനത്തിലും നസീം ഷാ നേരത്തെ അരങ്ങേറിയിരുന്നു. 13 ടെസ്റ്റില്‍ 33ഉം മൂന്ന് ഏകദിനത്തില്‍ 10 വിക്കറ്റും നസീം ഷാ വീഴ്‌ത്തിയിട്ടുണ്ട്.
പരിക്കേറ്റ് സ്റ്റാര്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദി പുറത്തായതിന് പിന്നാലെ മുഹമ്മദ് വസീമിനും പരിക്കേറ്റത് പാകിസ്ഥാന് ഇന്ത്യക്കെതിരായ മത്സരത്തിന് മുമ്പ് ഇരട്ടപ്രഹരമായിരുന്നു. പാകിസ്ഥാന് ഏറ്റവും നിര്‍ണായകമാകുമെന്ന് കരുതിയ പേസര്‍ ഷഹീന്‍ ഷാ അഫ്രീദിക്ക് കാല്‍മുട്ടിലെ പരിക്കാണ് തിരിച്ചടിയായത്. ശ്രീലങ്കയ്‌ക്ക് എതിരായ ടെസ്റ്റ് പരമ്പരയിലാണ് താരത്തിന് പരിക്കേറ്റത്. കഴിഞ്ഞ ടി20 ലോകകപ്പില്‍ ദുബായില്‍ അവസാനമായി ഇന്ത്യ-പാക് ടീമുകള്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ മൂന്ന് വിക്കറ്റുമായി ഷഹീന്‍ മത്സരത്തിലെ താരമായിരുന്നു. അന്ന് വിരാട് കോലി, രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍ എന്നിവരെയാണ് അഫ്രീദി മടക്കിയത്. മത്സരത്തില്‍ പാകിസ്ഥാന്‍ 10 വിക്കറ്റ് ജയം സ്വന്തമാക്കിയിരുന്നു.
പരിശീലനത്തിനിടെ പന്തെറിയുമ്പോഴാണ് മുഹമ്മദ് വസീമിന്‍റെ നടുവിന് പരിക്കേറ്റത്. പ്രാഥമിക പരിശോധനകള്‍ക്കുശേഷം വസീമിനെ എംആര്‍ഐ സ്കാനിംഗിനും വിധേയനാക്കിയിരുന്നു. തുടര്‍ന്നാണ് വസീമിന് ഏഷ്യാ കപ്പില്‍ കളിക്കാന്‍ കഴിയില്ലെന്ന് വ്യക്തമായത്. ഇംഗ്ലണ്ടിന്‍റെ പാക്കിസ്ഥാന്‍ പര്യടനത്തിന് മുമ്പ് വസീം പരിക്കില്‍ നിന്ന് മോചിതനാകുമെന്നാണ് പാക് ടീമിന്‍റെ പ്രതീക്ഷ. വസീമിന് പകരം മോശം ഫോമിന്‍റെ പേരില്‍ ഏഷ്യാ കപ്പ് ടീമില്‍ നിന്ന് സെലക്ടര്‍മാര്‍ ആദ്യം ഒഴിവാക്കിയ ഹസന്‍ അലിയെ തന്നെ തിരികെ വിളിച്ചു. ഇതിന് പിന്നാലെയാണ് നസീം ഷായ്‌ക്ക് ടി20 അരങ്ങേറ്റത്തിന് പാകിസ്ഥാന്‍ ടീം അവസരമൊരുക്കിയിരിക്കുന്നത്.
ഒരൊറ്റ ബൗണ്ടറി; പാകിസ്ഥാനെതിരെ ചരിത്രം കുറിക്കാന്‍ വിരാട് കോലി, മുന്‍ഗാമി രോഹിത് ശര്‍മ്മ