രാജ്യാന്തര ടി20 കരിയറില്‍ 300 ഫോറുകള്‍ പൂര്‍ത്തിയാക്കാന്‍ കോലിക്ക് ഒരൊറ്റ ബൗണ്ടറി കൂടി മതി

ദുബായ്: ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോലിക്ക് കരിയറിലെ സ്വപ്‌ന ദിനങ്ങളില്‍ ഒന്നാണിന്ന്. നൂറാം രാജ്യാന്തര ടി20 കളിക്കുന്ന കോലി മൂന്ന് ഫോര്‍മാറ്റിലും 100 മത്സരം കളിക്കുന്ന ലോക ക്രിക്കറ്റിലെ രണ്ടാമനും ആദ്യ ഇന്ത്യന്‍ താരവുമാകാന്‍ ഒരുങ്ങുകയാണ്. ഇതിലവസാനിക്കുന്നില്ല. ഇന്ന് പാകിസ്ഥാനെതിരെ ഒറ്റ ബൗണ്ടറി നേടിയാല്‍ കോലിയൊരു നാഴികക്കല്ല് പൂര്‍ത്തിയാക്കുകയും ചെയ്യും. 

രാജ്യാന്തര ടി20 കരിയറില്‍ 300 ഫോറുകള്‍ പൂര്‍ത്തിയാക്കാന്‍ കോലിക്ക് ഒരൊറ്റ ബൗണ്ടറി കൂടി മതി. ഇന്ത്യയില്‍ നിന്ന് നായകന്‍ രോഹിത് ശര്‍മ്മ മാത്രമേ മുമ്പ് ഈ നേട്ടത്തിലെത്തിയിട്ടുള്ളൂ. 144 കളികളില്‍ 344 ഫോറുകളുമായി അയര്‍ലന്‍ഡിന്‍റെ പോള്‍ സ്റ്റിര്‍ലിങ്ങാണ് പട്ടികയില്‍ തലപ്പത്ത്. രണ്ടാമത് നില്‍ക്കുന്ന രോഹിത് ശര്‍മ്മയുടെ പേരിലുള്ളത് 132 മത്സരങ്ങളില്‍ 313 ബൗണ്ടറികള്‍. ന്യൂസിലന്‍ഡിന്‍റെ മാര്‍ട്ടിന്‍ ഗുപ്റ്റിലാണ് 121 കളികളില്‍ 306 ഫോറുമായി മൂന്നാം സ്ഥാനത്ത്. 99 മത്സരങ്ങളില്‍ 299 ഫോറുകളുമായി പട്ടികയില്‍ നാലാമതാണ് കിംഗ് കോലി. രാജ്യാന്തര ടി20 കരിയറിലെ 100-ാം മത്സരത്തില്‍ 300 ഫോര്‍ ക്ലബില്‍ ഇടംപിടിച്ചാല്‍ അത് കോലിക്ക് ഇരട്ടിമധുരമാകും. രാജ്യാന്തര ടി20യില്‍ 3308 റണ്‍സാണ് കോലിയുടെ സമ്പാദ്യം. 

ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍സമയം രാത്രി 7.30നാണ് ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം. ഇന്ത്യയെ രോഹിത് ശര്‍മ്മയും പാകിസ്ഥാനെ ബാബര്‍ അസമും നയിക്കും. ഫോമില്ലായ്‌മയും നീണ്ട വിശ്രമവും കഴിഞ്ഞ് പ്രതാപത്തിലേക്ക് മടങ്ങിയെത്താനാണ് കോലി മൈതാനത്തെത്തുക. 2019 നവംബറിന് ശേഷം സെഞ്ചുറിയൊന്നും കണ്ടെത്താന്‍ കഴിയാതിരുന്നത് കോലിയെ വലിയ വിമര്‍ശനങ്ങളിലേക്ക് തള്ളിവിട്ടിരുന്നു. മാത്രമല്ല, ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഓസ്‌ട്രേലിയ വേദിയാവുന്ന ടി20 ലോകകപ്പ് ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ കോലിക്ക് ഏഷ്യാ കപ്പ് പ്രകടനം നിര്‍ണായകമാകും. 

ഇന്ന് പാകിസ്ഥാനെതിരായ മത്സരത്തോടെ വിരാട് കോലി രാജ്യാന്തര ക്രിക്കറ്റില്‍ 100 ടി20 മത്സരങ്ങള്‍ പൂര്‍ത്തിയാക്കും. മൂന്ന് ഫോര്‍മാറ്റിലും 100 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരവും രാജ്യാന്തര ക്രിക്കറ്റിലെ രണ്ടാമത്തെ മാത്രം താരവുമാകും ഇതോടെ കോലി. രാജ്യാന്തര ക്രിക്കറ്റില്‍ ന്യൂസിലന്‍ഡിന്‍റെ റോസ് ടെയ്‌ലര്‍ മാത്രമേ മുമ്പ് മൂന്ന് ഫോര്‍മാറ്റിലും നൂറ് മത്സരങ്ങള്‍ കളിച്ചിട്ടുള്ളൂ. ചരിത്ര മത്സരത്തില്‍ ഫോമിലേക്ക് തിരിച്ചെത്തുകയാണ് വിരാട് കോലിക്ക് മുന്നിലുള്ള വലിയ വെല്ലുവിളി.

പാകിസ്ഥാനെതിരായ ഇന്ത്യന്‍ ഇലവന്‍ പ്രവചിച്ച് ആകാശ് ചോപ്ര; റിഷഭ് പന്തിന്‍റെ സ്ഥാനം വന്‍ സര്‍പ്രൈസ്!