'ഗംഭീര ഓള്‍റൗണ്ട് മികവ്'; പാകിസ്ഥാനെതിരായ ജയത്തില്‍ ടീം ഇന്ത്യയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

By Web TeamFirst Published Aug 29, 2022, 7:09 AM IST
Highlights

ഏഷ്യാ കപ്പിലെ വാശിയേറിയ മത്സരം അവസാന ഓവര്‍ ത്രില്ലറായി മാറിയപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് മികവില്‍ ഇന്ത്യ അ‌ഞ്ച് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കുകയായിരുന്നു

ദുബായ്: ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ വിജയത്തില്‍ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ടീം ഇന്ത്യ ഗംഭീര ഓള്‍റൗണ്ട് പ്രകടനമാണ് പുറത്തെടുത്തത്. ടീം മികച്ച നൈപുണ്യവും മികവും കാഴ്‌ചവെച്ചു. വിജയത്തില്‍ ഇന്ത്യന്‍ ടീമിന് ആശംസകള്‍ എന്നുമാണ് നരേന്ദ്ര മോദിയുടെ ട്വീറ്റ്. 

ഏഷ്യാ കപ്പിലെ വാശിയേറിയ മത്സരം അവസാന ഓവര്‍ ത്രില്ലറായി മാറിയപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് മികവില്‍ ഇന്ത്യ അ‌ഞ്ച് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കുകയായിരുന്നു. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 19.5 ഓവറില്‍ 147 റണ്‍സിന് ഓള്‍ഔട്ടായി. 42 പന്തില്‍ 43 റണ്‍സെടുത്ത ഓപ്പണറും വിക്കറ്റ് കീപ്പറുമായ മുഹമ്മദ് റിസ്‌വാനാണ് പാക്കിസ്ഥാന്‍റെ ടോപ് സ്കോറര്‍. റിസ്‌വാനെയും പാക് മധ്യനിരയെയും എറിഞ്ഞിട്ട് ഹാര്‍ദിക് പാണ്ഡ്യ നിര്‍ണായകമായി. ക്യാപ്റ്റന്‍ ബാബര്‍ അസം 10ലും ഇഫ്‌തിഖര്‍ അഹമ്മദ് 28ലും ഖുഷ്‌ദില്‍ ഷാ രണ്ടിലും ആസിഫ് അലി 9ലും മുഹമ്മദ് നവാസ് ഒന്നിലും നസീം ഷാ ഗോള്‍ഡന്‍ ഡക്കായും മടങ്ങി. 6 പന്തില്‍ 16 റണ്‍സെടുത്ത ഷാനവാസ് ദഹാനി അവസാനക്കാരനായി മടങ്ങി. ഹാരിസ് റൗഫ് 7 പന്തില്‍ 13 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍ നാലും ഹാര്‍ദിക് പാണ്ഡ്യ മൂന്നും വിക്കറ്റെടുത്തു.

put up a spectacular all-round performance in today’s match. The team has displayed superb skill and grit. Congratulations to them on the victory.

— Narendra Modi (@narendramodi)

മറുപടി ബാറ്റിംഗില്‍ രണ്ട് പന്ത് ബാക്കിനില്‍ക്കേയായിരുന്നു ഇന്ത്യന്‍ ജയം. 17 പന്തില്‍  33 റണ്‍സുമായി ഹാര്‍ദിക് പാണ്ഡ്യ പുറത്താകാതെ നിന്നപ്പോള്‍ 29 പന്തില്‍ 35 റണ്‍സെടുത്ത രവീന്ദ്ര ജഡേജയും 34 പന്തില്‍ 35 റണ്‍സെടുത്ത വിരാട് കോലിയും വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി. നായകന്‍ രോഹിത് ശര്‍മ്മ 12ഉം കെ എല്‍ രാഹുല്‍ ഗോള്‍ഡന്‍ ഡക്കായും സൂര്യകുമാര്‍ യാദവ് 18ഉം റണ്‍സെടുത്ത് പുറത്തായി. പാക്കിസ്ഥാനുവേണ്ടി മുഹമ്മദ് നവാസ് മൂന്നോവറില്‍ 26 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ അരങ്ങേറ്റക്കാരന്‍ നസീം ഷാ നാലോവറില്‍ 27 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. ഓള്‍റൗണ്ട് മികവുമായി ഹാര്‍ദിക്കാണ് കളിയിലെ താരം. 

ഏഷ്യാ കപ്പ്: പാണ്ഡ്യ പഞ്ച്, ആവേശപ്പോരില്‍ പാക്കിസ്ഥാനെ അഞ്ച് വിക്കറ്റിന് വീഴ്ത്തി ഇന്ത്യ

click me!