Asianet News MalayalamAsianet News Malayalam

ഏഷ്യാ കപ്പ്: പാണ്ഡ്യ പഞ്ച്, ആവേശപ്പോരില്‍ പാക്കിസ്ഥാനെ അഞ്ച് വിക്കറ്റിന് വീഴ്ത്തി ഇന്ത്യ

മുഹമ്മദ് നവാസ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ സിക്സ് അടിച്ച് ഫിനിഷ് ചെയ്യാന്‍ ശ്രമിച്ച രവീന്ദ്ര ജഡേജ ക്ലീന്‍ ബൗള്‍ഡായതോടെ വീണ്ടും ട്വിസ്റ്റ്. രണ്ടാം പന്തില്‍ ദിനേശ് കാര്‍ത്തിക്ക് സിംഗിളെടുത്തു. മൂന്നാം പന്തില്‍ ഹാര്‍ദ്ദികിന് റണ്ണെടുക്കാനായില്ല.

Asia Cup 2022: Hardik Pandya Shines with bat and ball, India beat Pakistan by 5 wickets
Author
First Published Aug 28, 2022, 11:49 PM IST

ദുബായ്: ഏഷ്യാ കപ്പില്‍ ബോളുകൊണ്ടും ബാറ്റുകൊണ്ടും ഹാര്‍ദ്ദിക് പാണ്ഡ്യ മിന്നിത്തിളങ്ങിയ ആവേശപ്പോരാട്ടത്തില്‍ പാക്കിസ്ഥാനെ അഞ്ച് വിക്കറ്റിന് വീഴ്ത്തിയ ഇന്ത്യക്ക് വിജയത്തുടക്കം. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 148 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ രണ്ട് പന്ത് ബാക്കി നിര്‍ത്തി മറികടന്നു. വിജയത്തിലേക്ക് അവസാന മൂന്നോവറില്‍ 32 റണ്‍സും രണ്ടോവറില്‍ 21 റണ്‍സും വേണ്ടിയരുന്ന ഇന്ത്യ ഹാരിസ് റൗഫ് എറിഞ്ഞ 19-ാം ഓവറില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ നേടിയ മൂന്ന് ബൗണ്ടറികളിലൂടെ 14 റണ്‍സടിച്ച് അവസാന ഓവറില്‍ ലക്ഷ്യം ഏഴ് റണ്‍സാക്കി കുറച്ചു.

മുഹമ്മദ് നവാസ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ സിക്സ് അടിച്ച് ഫിനിഷ് ചെയ്യാന്‍ ശ്രമിച്ച രവീന്ദ്ര ജഡേജ ക്ലീന്‍ ബൗള്‍ഡായതോടെ വീണ്ടും ട്വിസ്റ്റ്. രണ്ടാം പന്തില്‍ ദിനേശ് കാര്‍ത്തിക്ക് സിംഗിളെടുത്തു. മൂന്നാം പന്തില്‍ ഹാര്‍ദ്ദികിന് റണ്ണെടുക്കാനായില്ല. ഇന്ത്യക്ക് ജയിക്കാന്‍ മൂന്ന് പന്തില്‍ ആറ് റണ്‍സ്. നാലാം പന്ത് ലോംഗ് ഓണിന് മുകളിലൂടെ ഹാര്‍ദ്ദിന്‍റെ സിക്സര്‍. ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം. സ്കോര്‍ പാക്കിസ്ഥാന്‍ 19.5 ഓവറില്‍ 147ന് ഓള്‍ ഔട്ട്, ഇന്ത്യ 19.4 ഓവറില്‍ 148-5. 17 പന്തില്‍  33 റണ്‍സുമായി ഹാര്‍ദ്ദിക് പുറത്താകാതെ നിന്നപ്പോള്‍ 29 പന്തില്‍ 35 റണ്‍സെടുത്ത രവീന്ദ്ര ജഡേജയും 34 പന്തില്‍ 35 റണ്‍സെടുത്ത വിരാട് കോലിയും വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി.

വിറപ്പിച്ചത് നസീം,  വീഴ്ത്തിയത് നവാസ്

19കാരന്‍ നസീം ഷായുടെ ആദ്യ ഓവറില്‍ തന്നെ ഇന്ത്യ വിറച്ചു. രണ്ടാം പന്തില്‍ രാഹുല്‍ ബൗള്‍ഡായി. വരാനിരിക്കുന്നതിന്‍റെ സൂചനയായിരുന്നു നസീം ഷായുടെ പിന്നീടുള്ള പന്തുകള്‍. ആദ്യ പന്ത് കോലി ലീവ് ചെയ്തെങ്കിലും വിക്കറ്റിന് അടുത്തുകൂടെയാണ് പറന്നത്. അടുത്ത പന്തില്‍ ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ ബാറ്റുവെച്ച കോലിക്ക് പിഴച്ചു. എഡ്ജ് ചെയ്ത പന്ത് പക്ഷെ കൈയിലൊതുക്കാന്‍ രണ്ടാം സ്ലിപ്പില്‍ ഫഖര്‍ സമന് കഴിയാതിരുന്നത് ഇന്ത്യയുടെയും കോലിയുടെയും ഭാഗ്യമായി.

പവര്‍ പ്ലേയില്‍ വിറച്ചു വിറച്ച് 38 റണ്‍സടിച്ച ഇന്ത്യ സ്പിന്നര്‍മാര്‍ക്കെതിരെ ആഞ്ഞടിക്കാമെന്ന് കരുതിയെങ്കിലും കാര്യമായി വിജയിച്ചില്ല. നവാസ് മുഹമ്മദിനെതിരെ രോഹിത് സിക്സടിച്ച് പ്രതീക്ഷ നല്‍കിയെങ്കിലും തൊട്ടടുത്ത പന്തില്‍ വീണ്ടും സിക്സിന് ശ്രമിച്ച് വീണു. 18 പന്തില്‍ 12 റണ്‍സായിരുന്നു ക്യാപ്റ്റന്‍റെ സംഭാവന. ഇന്ത്യന്‍ സ്കോര്‍ എട്ടാം ഓവറില്‍ 50 റണ്‍സിലെത്തിയതേ ഉണ്ടായിരുന്നുള്ളു അപ്പോള്‍. തൊട്ടു പിന്നാലെ ഭാഗ്യത്തിന്‍റെ പിന്തുണയോടെ ക്രീസില്‍ നിന്ന കോലിക്കും അടിതെറ്റി. നവാസിന്‍റെ പന്തില്‍ സിക്സര്‍ പറത്താന്‍ ശ്രമിച്ച കോലിയെ ലോംഗ് ഓണില്‍ ഇഫ്തിഖര്‍ കൈയിലൊതുക്കി. നൂറാം മത്സരത്തില്‍ 34 പന്തില്‍ 35 റണ്‍സുമായി കോലി മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 53ല്‍ എത്തിയതേ ഉണ്ടായിരുന്നുള്ളു.

ബും ബും ഭുവി, 26 റണ്‍സിന് നാല് വിക്കറ്റ്; ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ റെക്കോര്‍ഡിട്ട് ഭുവനേശ്വര്‍

മിന്നല്‍ പാണ്ഡ്യ

സൂര്യകുമാര്‍ യാദവും രവീന്ദ്ര ജഡേജയും പിടിച്ചു നിന്നെങ്കിലും റണ്‍റേറ്റ് ഉയര്‍ത്താന്‍ ഇരുവര്‍ക്കുമായില്ല. ഒടുവില്‍ നസീം ഷാക്കെതിരെ കെട്ടുപൊട്ടിക്കാന്‍ നോക്കിയ സൂര്യകുമാര്‍(18 പന്തില്‍ 18) ക്ലീന്‍ ബൗള്‍ഡായതോടെ ഇന്ത്യ കടുത്ത സമ്മര്‍ദ്ദത്തിലായി. നസീം ഷാക്കെതിരെ തകര്‍പ്പന്‍ ബൗണ്ടറി നേടി ഹാര്‍ദ്ദിക് പാണ്ഡ്യ പ്രതീക്ഷ നല്‍കി. എങ്കിലും പാക് ബൗളര്‍മാര്‍ റണ്‍സ് വഴങ്ങാതെ പന്തെറിഞ്ഞതോടെ അവസാന നാലോവറില്‍ ഇന്ത്യന്‍ ലക്ഷ്യം 41 റണ്‍സായി.

കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ അവസാന മൂന്നോവറില്‍ പാക്കിസ്ഥാന് നാലു ഫീല്‍ഡര്‍മാരെ മാത്രം ബൗണ്ടറിയില്‍ നിയോഗിക്കാനായത് ഇന്ത്യക്ക് അനുഗ്രഹമായി. പേശിവലിവ് വലച്ചിട്ടും പതിനെട്ടാം ഓവര്‍ എറിഞ്ഞ നസീം ഷാ ജഡേജയെ വിക്കറ്റിന് മുന്നില്‍ കുടുക്കിയെങ്കിലും റിവ്യു എടുത്ത് ഇന്ത്യ രക്ഷപ്പെട്ടു. പേശിവലിവിനെത്തുടര്‍ന്ന് നിലത്തു വീണ നസീം ഷാ ചികിത്സതേടി വീണ്ടും പന്തെറിയാനെത്തി. എന്നാല്‍ ഇത്തവണ ആദ്യ പന്ത് തന്നെ സിക്സിന് പറത്തി ജഡേജ സമ്മര്‍ദ്ദം കുറച്ചു.  എങ്കിലും അവസാന രണ്ടോവറില്‍ ഇന്ത്യന്‍ ലക്ഷ്യം 21 റണ്‍സായിരുന്നു. ഹാരിസ് റൗഫ് എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ മൂന്ന് ബൗണ്ടറിയടക്കം 14 റണ്‍സടിച്ച ഹാര്‍ദ്ദിക്ക് അവസാന ഓവറില്‍ ഇന്ത്യന്‍ ലക്ഷ്യം ഏഴ് റണ്‍സാക്കി കുറച്ചു.

ഷോര്‍ട് പിച്ച് പന്ത് കൊണ്ടൊരു നേര്‍ച്ച; 'ഗെയിം ചേഞ്ചര്‍' ഹാര്‍ദിക് പാണ്ഡ്യക്ക് കയ്യടിച്ച് ആരാധകര്‍

വീണ്ടും ട്വിസ്റ്റ് പക്ഷെ പവര്‍ കാട്ടി പാണ്ഡ്യ

അവസാന ഓവര്‍ എറിയാനെത്തിയ സ്പിന്നര്‍ മുഹമ്മദ് നവാസിനെതിരെ സിക്സര്‍ പറത്താന്‍ ശ്രമിച്ച രവീന്ദ്ര ജഡേജ(29 പന്തില്‍ 35) ക്ലീന്‍ ബൗള്‍ഡായി. ഇതോടെ ഇന്ത്യന്‍ ലക്ഷ്യം അഞ്ച് പന്തില്‍ ഏഴ് റണ്‍സായി. രണ്ടാം പന്തില്‍ കാര്‍ത്തിക് സിംഗിളെടുത്ത് സ്ട്രൈക്ക് ഹാര്‍ദ്ദിക്കിന് കൈമാറി. അടുത്ത പന്തില്‍ ഹാര്‍ദ്ദിക്കിന് റണ്ണെടുക്കാന്‍ കഴിഞ്ഞില്ല. ഇതോടെ മൂന്ന് പന്തില്‍ ആറ് റണ്‍സായി ഇന്ത്യന്‍ ലക്ഷ്യം. നാലാം പന്ത് അതിര്‍ത്തിക്ക് മുകളിലൂടെ പറത്തി ഹാര്‍ദ്ദിക് ഇന്ത്യന്‍ ജയം പൂര്‍ത്തിയാക്കി.

പാക്കിസ്ഥാനുവേണ്ടി മുഹമ്മദ് നവാസ് മൂന്നോവറില്‍ 26 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ അരങ്ങേറ്റക്കാരന്‍ നസീം ഷാ നാലോവറില്‍ 27 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 19.5 ഓവറില്‍ 147 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. 42 പന്തില്‍ 43 റണ്‍സെടുത്ത മുഹമ്മദ് റിസ്‌വാനാണ് പാക്കിസ്ഥാന്‍റെ ടോപ് സ്കോറര്‍. ഇന്ത്യക്കായി ഭൂവനേശ്വര്‍ കുമാര്‍ നാലും ഹാര്‍ദ്ദിക് പാണ്ഡ്യ മൂന്നും വിക്കറ്റെടുത്തു.

Follow Us:
Download App:
  • android
  • ios