വെറ്ററന്‍ താരവും ഓള്‍റൗണ്ടര്‍മാരും പ്ലേയിംഗ് ഇലവനിലേക്ക്; പാകിസ്ഥാനെതിരെ ഇന്ത്യയുടെ സാധ്യതാ ടീം

By Jomit JoseFirst Published Sep 4, 2022, 11:43 AM IST
Highlights

രവീന്ദ്ര ജഡേജയുടെ പകരക്കാരനായി ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേല്‍ എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്

ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യ-പാക് സൂപ്പര്‍ ഫോര്‍ പോരാട്ടത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ പരിക്കേറ്റ് ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായതും പേസര്‍ ആവേഷ് ഖാന് സുഖമില്ലാത്തതും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ മാറ്റങ്ങള്‍ക്ക് വഴിവെക്കും. റണ്‍സ് ഏറെ വഴങ്ങുന്ന ആവേഷിനെ മാറ്റണം എന്ന ആവശ്യം നേരത്തെ ശക്തമായിരുന്നു. പാകിസ്ഥാനെതിരെ ഇന്ത്യയുടെ സാധ്യതാ ഇലവന്‍ പരിശോധിക്കാം. 

രവീന്ദ്ര ജഡേജയുടെ പകരക്കാരനായി ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേല്‍ എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആവേഷ് ഖാന് പകരം വെറ്ററന്‍ സ്‌പിന്നര്‍ രവിചന്ദ്ര അശ്വിനെ ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്. ഹോങ്കോങ്ങിനെതിരെ വിശ്രമത്തിലായിരുന്ന ഹാര്‍ദിക് പാണ്ഡ്യ തിരിച്ചെത്തുമെന്ന് ഉറപ്പാണ്. പാകിസ്ഥാനെതിരായ ഗ്രൂപ്പ് മത്സരത്തില്‍ ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങി പാണ്ഡ്യയായിരുന്നു മത്സരത്തിലെ താരം. മൂന്ന് വിക്കറ്റിനൊപ്പം 17 പന്തില്‍ 33* റണ്‍സുമെടുത്തിരുന്നു ഹാര്‍ദിക് പാണ്ഡ്യ. ജഡേജയില്ലാത്തതിനാല്‍ ഇടംകൈയന്‍ ബാറ്റര്‍ ഓപ്‌ഷന്‍ പരിഗണിച്ച് ഫിനിഷര്‍ ദിനേശ് കാര്‍ത്തിക്കിന് പകരം റിഷഭ് പന്തിനെ കളിപ്പിക്കാന്‍ സാധ്യതയുണ്ട്. മറ്റ് മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. 

സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(ഉപനായകന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, ദിനേശ് കാര്‍ത്തിക്/റിഷഭ് പന്ത്, യുസ്‌വേന്ദ്ര ചാഹല്‍, രവിചന്ദ്ര അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്‌ദീപ് സിംഗ്. 

ദുബായിൽ വൈകിട്ട് ഏഴരയ്ക്കാണ് ഇന്ത്യ-പാക് സൂപ്പര്‍ ഫോര്‍ പോരാട്ടം. ഇന്ത്യയെ രോഹിത് ശര്‍മ്മയും പാകിസ്ഥാനെ ബാബര്‍ അസമും നയിക്കും. വിമര്‍ശകരുടെ വായടപ്പിക്കാന്‍ രോഹിത് ശര്‍മ്മ-കെ എല്‍ രാഹുല്‍ കൂട്ടുകെട്ടിന്‍റെ മിന്നും തുടക്കം ടീമിന് അനിവാര്യം. മെല്ലപ്പോക്ക് മാറ്റി ടോപ് ഗിയറിലേക്ക് എത്തേണ്ടത് രാഹുലിന് അനിവാര്യമാണ്. വിരാട് കോലിയുടെ ബാറ്റ് റണ്‍സ് കണ്ടെത്തുന്നത് തുടരും എന്നാണ് ആരാധകരുടെ പ്രതീക്ഷ. സൂര്യകുമാര്‍ യാദവിന്‍റെ കാര്യത്തില്‍ ആശങ്കകളില്ല. രവീന്ദ്ര ജഡേജയ്‌ക്ക് പകരമെത്തുന്ന അക്‌സര്‍ പട്ടേലിന്‍റെ മികവ് ഇന്ത്യയുടെ വിജയപ്രതീക്ഷകളെ സ്വാധീനിക്കും.

ഏഷ്യാ കപ്പില്‍ സൂപ്പര്‍ സണ്‍ഡേ; സൂപ്പര്‍ ഫോറില്‍ ഇന്ന് ഇന്ത്യ-പാക് നാട്ടങ്കം

click me!