എന്തൊരു മെയ്‌വഴക്കം, എങ്ങനെ സാധിച്ചു നീ! ദീപക് ഹൂഡയുടെ ഷോട്ടില്‍ കിളിപാറി കോലിയുടെ നോട്ടം- വീഡിയോ

By Jomit JoseFirst Published Sep 5, 2022, 1:55 PM IST
Highlights

സച്ചിന്‍ ടെന്‍ഡുല്‍ക്കറെയും വീരേന്ദര്‍ സെവാഗിനേയും ഓര്‍മ്മിപ്പിച്ച് ഹൂഡയുടെ ക്ലാസിക് ഷോട്ട്- കാണാം വീഡിയോ

ദുബായ്: മാച്ച് വിന്നിംഗ് ഇന്നിംഗ്‌സോ ടേണിംഗ് പോയിന്‍റോ ഒന്നുമുണ്ടായില്ലെങ്കിലും ഒരൊറ്റ ഷോട്ട് കൊണ്ട് ക്രിക്കറ്റ് ലോകത്തിന്‍റെ മനം കവരുന്ന താരങ്ങളുണ്ട്. ഒരൊറ്റ ഷോട്ടില്‍ പ്രതിഭയെ ആവാഹിക്കുന്നവര്‍. അക്കൂട്ടത്തിലൊരു താരമാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് ഏഷ്യ കപ്പിനിടെ ഇന്ത്യന്‍ താരം ദീപക് ഹൂഡ. പാകിസ്ഥാനെതിരായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഹൂഡയുടെ ഈ ഷോട്ട് കണ്ട് വിരാട് കോലിയുടെ കിളി പാറി. 

ഇന്ത്യന്‍ ഇന്നിംഗ്‌സിലെ 18-ാം ഓവറില്‍ പാക് പേസര്‍ മുഹമ്മദ് ഹസ്‌നൈന്‍റെ പന്തിലായിരുന്നു ഈ ഹൂഡ സ്‌പെഷ്യല്‍. ഷോര്‍ട്ട് പിച്ച് പന്തില്‍ വിക്കറ്റ് കീപ്പറുടെ തലയ്‌ക്ക് മുകളിലൂടെ അപ്പര്‍ കട്ട് ഷോട്ട് കളിക്കുകയായിരുന്നു താരം. ബാറ്റിംഗ് ഇതിഹാസങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറെയും വീരേന്ദര്‍ സെവാഗിനേയും ഓര്‍മ്മിപ്പിക്കുന്നതായി ഈ ഷോട്ട്. ഇരുവരും അപ്പര്‍ കട്ട് ഷോട്ടുകളുടെ ആശാന്‍മാരായിരുന്നു. ഇതാദ്യമല്ല ഹൂഡ അപ്പര്‍ കട്ട് ഷോട്ട് കളിക്കുന്നത്. എന്നാല്‍ ഇത്തവണ തന്‍റെ മെയ്‌വഴക്കം വെളിപ്പെടുത്തി പിന്നോട്ട് ആഞ്ഞായിരുന്നു ഹൂഡയുടെ ഷോട്ട്. ഈ ഷോട്ട് കണ്ട് കോലി കണ്ണ് തള്ളുന്നത് വീഡിയോയില്‍ കാണാം. പിന്നാലെ അരികിലെത്തി താരത്തെ കോലി അഭിനന്ദിക്കുകയും ചെയ്തു. 

No Hooda No. You'll have to explain this shot. pic.twitter.com/Q5SJOWV2ME

— Rayyan Ghani 🇵🇰 (@RayyanGhani)

മത്സരത്തില്‍ ഏഴാമനായി ക്രീസിലിറങ്ങിയ ഹൂഡ 14 പന്തില്‍ രണ്ട് ബൗണ്ടറികളോടെ 16 റണ്‍സേ നേടിയുള്ളൂ. നസീം ഷായെ സിക്‌സറിന് തൂക്കാനുള്ള ശ്രമത്തിനിടെ നവാസിന് ക്യാച്ച് നല്‍കി പുറത്താവുകയായിരുന്നു. 

മത്സരത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റിന്‍റെ തോല്‍വി വഴങ്ങി. ഇന്ത്യയുടെ 181 റണ്‍സ് പാകിസ്ഥാന്‍ അഞ്ച് വിക്കറ്റ് കയ്യിലിരിക്കേ ഒരു പന്ത് ബാക്കിനില്‍ക്കേ മറികടന്നു. 20 പന്തില്‍ 42 റണ്‍സും ഒരു വിക്കറ്റും മൂന്ന് ക്യാച്ചുമായി തിളങ്ങിയ മുഹമ്മദ് നവാസാണ് പാകിസ്ഥാന്‍റെ വിജയശില്‍പി. 51 പന്തില്‍ 71 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്‌വാന്‍ വീണ്ടും തിളങ്ങി. നേരത്തെ 44 പന്തില്‍ 60 റണ്‍സെടുത്ത വിരാട് കോലിയുടെ മികവിലാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്. മുമ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യക്കായിരുന്നു ജയം. 

'നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നു'; അര്‍ഷ്‌ദീപ് സിംഗിനെ ആക്രമിക്കുന്നവരുടെ വായടപ്പിച്ച് ഹര്‍ഭജന്‍

click me!