ഈ കഥ സഞ്ജു സാംസണിന്റെയോ, ജസ്പ്രിത് ബുമ്രയുടെയോ, ഇഷാൻ കിഷന്റേതൊ മാത്രമല്ല. ആ പേരുകളില്‍ ചുരുങ്ങേണ്ടതുമല്ല. ശിവം ദുബെയ്ക്കും അക്സർ പട്ടേലിനും കൂടി അവകാശപ്പെട്ടാതാണ് ഈ തിളക്കം

ഈ കഥ സഞ്ജു സാംസണിന്റെയോ, ജസ്പ്രിത് ബുമ്രയുടെയോ, ഇഷാൻ കിഷന്റേതൊ മാത്രമല്ല. ആ പേരുകളില്‍ ചുരുങ്ങേണ്ടതുമല്ല. ടീം ടോട്ടല്‍ ഒരു വിജയസ്കോറിലേക്ക് എത്തുമോയെന്ന് ഡഗൗട്ടില്‍ ആശങ്ക പടര്‍ന്നപ്പോള്‍ ശാന്തതയോടെ നിലകൊണ്ടരാള്‍. മത്സരം വഴുതിപ്പോകുമെന്ന് തോന്നിച്ചപ്പോഴേല്ലാം എതിരാളികളുടെ സ്റ്റമ്പുകളെ നിലം പതിപ്പിച്ച മറ്റൊരുവൻ. തങ്ങളുടെ നിയോഗങ്ങള്‍ നിര്‍വഹിച്ച് ബൗണ്ടറികളുടെ ഓരങ്ങളിലേക്ക് പന്തുകള്‍ക്കായി കാത്തുനിന്നവര്‍. ഇന്ത്യയുടെ രണ്ട് സ്നൈപ്പറുകള്‍. ശിവം ദുബെയും അക്സര്‍ പട്ടേലും.

അഹമ്മദാബാദില്‍ സഞ്ജുവിന്റെ ഐതിഹാസിക ഇന്നിങ്സും ഇഷാന്റെ ദയാരഹിതമായ 39 മിനുറ്റുകളും ജിമ്മി നീഷം അവസാനിപ്പിച്ചിരിക്കുന്നു. നായകൻ പൊടുന്നനെ കീഴടങ്ങി, ഹാര്‍ദിക്ക് പാണ്ഡ്യയും തിലക് വര്‍മയും ബൗണ്ടറി വരള്‍ച്ചയിലൂടെ കടന്നുപോകുന്നു. 10 പന്ത് മാത്രം ബാക്കിയുള്ളപ്പോഴാണ് ശിവം ദൂബെ ക്രീസിലെത്തുന്നത്. 250 എന്ന മാന്ത്രിക സംഖ്യ ഒരുപാട് അകലെയെന്നാണ് തോന്നിച്ചത്. നേരിട്ട ആദ്യ രണ്ട് പന്തുകളില്‍ രണ്ട് റണ്‍സ് മാത്രം. അവസാന ഓവറിലേക്ക് എത്തുമ്പോള്‍ ഇന്ത്യൻ സ്കോര്‍ 231.

നീഷത്തിനാണ് സാന്റ്നര്‍ പന്തേല്‍പ്പിക്കുന്നത്. കിവീസ് നിരയില്‍ അത്ര മുറിവേല്‍ക്കാത്തൊരാള്‍. തിലക് വര്‍മയ്ക്ക് സ്ട്രൈക്ക് നിഷേധിച്ചുകൊണ്ട് ഒരു ശിവം ദുബെ എക്‌സിബിഷൻ. ആദ്യ പന്ത് ലോങ് ഓഫിലേക്ക്, ശേഷം ഡീപ് മിഡ്‌വിക്കറ്റിലേക്കും എക്‌സ്ട്രാ കവറിലേക്കും സിക്‌സറുകള്‍, ഫൈൻ ലെഗും എക്‌സ്ട്രാ കവറിലേക്കും നിലം തൊട്ടെത്തി. ആറ് പന്തില്‍ 24 റണ്‍സ്, ഇന്ത്യൻ സ്കോര്‍ 255ലാണ് എത്തി നിന്നത്.

യുഎസ്എയ്ക്ക് എതിരെ പൂജ്യത്തില്‍ തുടങ്ങിയ ലോകകപ്പാണ്, പിന്നീട് ഒരു മത്സരത്തിലും പരാജയപ്പെട്ടിട്ടില്ല. നമീബിയക്കെതിരെ 16 പന്തില്‍ 23, പാക്കിസ്ഥാനെതിരെ 17 പന്തില്‍ 27, നെതര്‍ലൻഡ്‌സിനെതിരെ 31 പന്തില്‍ 66 റണ്‍സും രണ്ട് വിക്കറ്റും, കളിയിലെ താരം. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഇന്ത്യൻ ബാറ്റിങ് നിര നാണംകെട്ടപ്പോള്‍ പൊരുതി, ടോപ് സ്കോറര്‍. സെമിയില്‍ ഇംഗ്ലണ്ടിനെതിരെ 43, ഫൈനലില്‍ എട്ട് പന്തില്‍ 26. ഒൻപത് കളികളില്‍ നിന്ന് 169 സ്ട്രൈക്ക് റേറ്റില്‍ 235 റണ്‍സ്, അഞ്ച് വിക്കറ്റ്.

ഇനി അക്സറിലേക്ക്. അഹമ്മദാബാദില്‍ ഇന്ത്യയുടെ കൈകളില്‍ നിന്ന് ആ കിരീടം തട്ടിയെടുക്കാൻ പോന്നൊരു മഹാമേരുവേ ന്യൂസിലൻഡ് നിരിയില്‍ ഉണ്ടായിരുന്നുള്ളു. ഫിൻ അലൻ. സെമി ഫൈനലില്‍ കേവലം 33 പന്തില്‍ സെഞ്ചുറിയുമായി പ്രോട്ടിയാസിനെ ഒറ്റയ്ക്ക് തീര്‍ത്ത ബാറ്റര്‍. അപ്രതീക്ഷിതമായായിരുന്നു അക്സറിനെ മൂന്നാം ഓവറില്‍ സൂര്യകുമാര്‍ യാദവ് പന്തേല്‍പ്പിച്ചത്. കാര്യമായ വേരിയേഷനുകളും ടേണും ലഭിക്കാത്ത അക്സറില്‍ ഫിൻ അലൻ സാധ്യതകള്‍ക്കണ്ടു, ബൗണ്ടറിയോടെ വരവേറ്റു.

തൊട്ടടുത്ത ബോള്‍ അക്സര്‍ സ്റ്റമ്പിനെ ലക്ഷ്യമാക്കി, എ ക്വിക്ക‍ര്‍ വണ്‍. ഫിൻ അലന്റെ സ്ലോഗ് പുള്‍ പിഴച്ചു. ലോങ് ഓണില്‍ ഫിൻ അലൻ തിലക് വര്‍മയുടെ കൈകളില്‍. ഫിൻ അലന് ജീവൻ നല്‍കിയ ശിവം ദുബെക്ക് ആശ്വാസം, ഇന്ത്യക്ക് ആദ്യ വിക്കറ്റ്. ശേഷം അക്സര്‍ പന്തെടുക്കുന്നത് അഞ്ചാം ഓവറിലാണ്, സെയ്‌ഫര്‍ട്ടും ഗ്ലെൻ ഫിലിപ്‌സും പ്രഹരിച്ചു. വീണ്ടും ഇടം കയ്യൻ സ്പിന്നറുടെ തിരിച്ചുവരവ്, അപകടകാരിയായ ഗ്ലെൻ ഫിലിപ്‌സിന്റെ ലെഗ് സ്റ്റമ്പ് ഇളകി. പവര്‍പ്ലേയില്‍ തന്നെ ഇന്ത്യയെ കിരീടത്തിനരികിലേക്ക് എത്തിച്ചു അക്സര്‍, രണ്ട് ഓവര്‍ രണ്ട് വിക്കറ്റ്.

ഫിൻ അലനും ഗ്ലെൻ ഫിലിപ്‌സും കഴിഞ്ഞാല്‍ നിലയുറിപ്പിച്ച് ഇന്ത്യയുടെ പ്രതീക്ഷകളെ കെടുത്താൻ കെല്‍പ്പുണ്ടായിരുന്നത് ഡാരില്‍ മിച്ചലിനായിരുന്നു. 2023 ഏകദിന ലോകകപ്പ് സെമി ഫൈനലും അടുത്തിടെ കഴിഞ്ഞ ഏകദിന പരമ്പരയും ഓര്‍മയില്ലെ. മിച്ചല്‍ ഒരു ടേക്ക് ഓഫിനൊരുങ്ങുകയായിരുന്നു. അര്‍ഷദീപിനെ തുടരെ ഗ്യാലറിയില്‍ മിച്ചല്‍ എത്തിച്ചതോടെ അക്സറിനെ മടക്കി കൊണ്ടുവരേണ്ടി വന്നു സൂര്യക്ക്. രണ്ടാം സ്പെല്ലിലെ അഞ്ചാം പന്തില്‍ ഡാരില്‍ മിച്ചലിനെ മടക്കി അക്സര്‍.

ഡാരില്‍ മിച്ചലിനെ മടക്കുക മാത്രമായിരുന്നില്ല അക്സര്‍, ന്യൂസിലൻഡിന്റെ അവസാന പ്രതീക്ഷയ്ക്കും കര്‍ട്ടനിടുകയായിരുന്നു. മൂന്ന് ഓവറില്‍ 27 റണ്‍സിന് മൂന്ന് വിക്കറ്റുകള്‍, ഫിൻ അലൻ, ഗ്ലെൻ ഫിലിപ്സ്, ഡാരില്‍ മിച്ചല്‍. ജസ്പ്രിത് ബുമ്രയ്ക്കൊപ്പം മാൻ ഓഫ് ദ മാച്ച് പുരസ്ക്കാരം അക്സറും അര്‍ഹിച്ചിരുന്നു, സഞ്ജുവിനൊപ്പം.

ഏഴ് കളികളില്‍ നിന്ന് 11 വിക്കറ്റുകള്‍. ബുമ്രയ്ക്കും വരുണിനും ശേഷം ഇന്ത്യക്കായി കൂടുതല്‍ വിക്കറ്റുകള്‍. അക്സർ മടക്കിയ ബാറ്റർമാരേക്കാള്‍ മൂല്യം സെമി ഫൈനലില്‍ കൈപ്പിടിയിലൊതുക്കിയ ആ രണ്ട് ക്യാച്ചുകളാണ്. ഹാരി ബ്രൂക്കിന്റേതും വില്‍ ജാക്ക്‌സിന്റേതും. അക്‌സർ എന്ന അത്‌ലീറ്റിന്റെ പീക്ക് മൊമന്റ് സംഭവിച്ച രണ്ട് സന്ദർഭങ്ങളായിരുന്നു അവ രണ്ടും, പ്രത്യേകിച്ചും ജാക്ക്‌സിന്റേത്. ആ രണ്ട് ക്യാച്ചുകളില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ അഹമ്മദാബാദിലെ രാത്രിയില്‍ ഇന്ത്യയുണ്ടാകില്ലായിരുന്നു.