ടി20യില്‍ കോലി പോരെന്ന പരാമര്‍ശം; റഷീദ് ലത്തീഫിനെ നിലത്തിറങ്ങാന്‍ അനുവദിക്കാതെ വസീം ജാഫര്‍, കലക്കന്‍ മറുപടി

By Jomit JoseFirst Published Sep 5, 2022, 1:02 PM IST
Highlights

ക്രിക്കറ്റിന്‍റെ വലിയ ഫോര്‍മാറ്റുകളില്‍ വിരാട് കോലി മികച്ച താരമാണെങ്കിലും ടി20യില്‍ രോഹിത് ശര്‍മ്മയേയോ സൂര്യകുമാര്‍ യാദവിനേയോ പോലെ ഫലപ്രദമല്ല കോലി എന്നായിരുന്നു റഷീദ് ലത്തീഫിന്‍റെ വിവാദ പരാമര്‍ശം

ദുബായ്: ഇന്ത്യന്‍ റണ്‍ മെഷീന്‍ വിരാട് കോലി രാജ്യാന്തര ടി20യില്‍ രോഹിത് ശര്‍മ്മയേയോ സൂര്യകുമാര്‍ യാദവിനേയോ പോലെ മികച്ച താരമല്ല എന്ന പാകിസ്ഥാന്‍ മുന്‍ നായകന്‍ റഷീദ് ലത്തീഫിന്‍റെ അഭിപ്രായത്തിനെതിരെ വസീം ജാഫര്‍. രാജ്യാന്തര ടി20യില്‍ കോലിക്ക് അമ്പതിലധികം ബാറ്റിംഗ് ശരാശരിയുണ്ട്. സ്ഥിരതയുള്ള താരങ്ങളിലൊരാളാണ് കോലി. മഹാനായ കളിക്കാരന്‍. ശരിയായ പ്രസ്‌താവനയല്ല റഷീദ് ലത്തീഫിന്‍റേത് എന്നും ചൂണ്ടിക്കാട്ടിയാണ് വസീം ജാഫറിന്‍റെ മറുപടി. 

ക്രിക്കറ്റിന്‍റെ വലിയ ഫോര്‍മാറ്റുകളില്‍ വിരാട് കോലി മികച്ച താരമാണെങ്കിലും ടി20യില്‍ രോഹിത് ശര്‍മ്മയേയോ സൂര്യകുമാര്‍ യാദവിനേയോ പോലെ ഫലപ്രദമല്ല കോലി എന്നായിരുന്നു റഷീദ് ലത്തീഫിന്‍റെ വിവാദ പരാമര്‍ശം. 'വിരാട് കോലി വേഗമാണോ സാവധാനമാണോ സ്‌കോര്‍ ചെയ്യുന്നത് എന്നതല്ല കാര്യം. 30-35 പന്തുകള്‍ നേരിട്ട ശേഷമാണ് അയാള്‍ ഹിറ്റ് ചെയ്യാന്‍ തുടങ്ങുന്നത്. പവര്‍പ്ലേ ഉപയോഗിക്കുന്ന താരമാണ് രോഹിത് ശര്‍മ്മ. വിരാടിന് ഒരിക്കലും സൂര്യകുമാറോ രോഹിത്തോ ആവാനാവില്ല. ആര്‍സിബിയിലും കോലിയുടെ കളി സമാനമാണ്. അതുകൊണ്ടാണ് കോലിക്ക് അവിടെ കിരീടം നേടാന്‍ കഴിയാത്തത്' എന്നും റഷീദ് ലത്തീഫ് വ്യക്തമാക്കിയിരുന്നു. 

യുഎഇയില്‍ പുരോഗമിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ പാകിസ്ഥാനെതിരെ ആദ്യ മത്സരത്തില്‍ കോലി 34 പന്തില്‍ 35 റണ്‍സാണ് നേടിയത്. പിന്നാലെ ഹോങ്കോങ്ങിനെതിരെ 44 പന്തില്‍ 59 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെ വീണ്ടും കണ്ടുമുട്ടിയപ്പോള്‍ 44 പന്തില്‍ 60 റണ്‍സും കോലി നേടി. രാജ്യാന്തര ടി20യില്‍ 102 മത്സരങ്ങളില്‍ 50.91 ശരാശരിയിലും 137.11 സ്‌ട്രൈക്ക് റേറ്റിലും 3462 റണ്‍സ് കോലിക്കുണ്ട്. ഐപിഎല്ലിലാവട്ടെ 223 മത്സരങ്ങളില്‍ 36.2 ശരാശരിയിലും 129.15 സ്‌ട്രൈക്ക് റേറ്റിലും 6624 റണ്‍സും കോലിക്ക് സ്വന്തം. ഇങ്ങനെ മികച്ച കണക്കുകളുള്ള ഒരു താരത്തെയാണ് റഷീദ് ലത്തീഫ് വിമര്‍ശിച്ചത്. 

ഖാലിസ്ഥാനി എന്ന് വിളിക്കുന്നവര്‍ അറിയുക; അര്‍ഷ്‌ദീപ് സിംഗ് വില്ലനല്ല, നായകന്‍

click me!