
ദുബായ്: ഏഷ്യ കപ്പ് സൂപ്പർ ഫോറിൽ ഇന്ന് ഇന്ത്യ-പാകിസ്ഥാന്‍ സൂപ്പര്‍ പോരാട്ടം. ദുബായിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോൾ ഇന്ത്യ അഞ്ച് വിക്കറ്റിന് പാകിസ്ഥാനെ തോൽപിച്ചിരുന്നു. പരിക്കേറ്റ രവീന്ദ്ര ജഡേജയുടെ അഭാവം ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ്.
അപ്രതീക്ഷിത തിരിച്ചടിയില്‍ ഇന്ത്യ
ഏഷ്യാ കപ്പിൽ വീണ്ടും സൂപ്പർ സൺഡേ വിരുന്നെത്തുകയാണ്. കരുത്ത് തെളിയിക്കാൻ അയൽക്കാർ നേർക്കുനേർ വരും. ലോകകപ്പ് തോൽവിക്ക് പകരം വീട്ടിയ ആത്മവിശ്വാസത്തിലാണ് രോഹിത് ശർമ്മയുടെ ടീം ഇന്ത്യ ഇറങ്ങുന്നത്. ബാബർ അസമിന്‍റെ മുറിവേറ്റ പാകിസ്ഥാൻ ശക്തമായ പോരാട്ടം ലക്ഷ്യമിടുന്നു. ഹാർദിക് പാണ്ഡ്യയുടെ ഓൾറൗണ്ട് കരുത്തും ഫോം വീണ്ടെടുത്ത വിരാട് കോലിയും അയൽക്കാരെ അസ്വസ്ഥരാക്കും. കെ എൽ രാഹുലിന്‍റെ മെല്ലപ്പോക്കും പരിക്കേറ്റ രവീന്ദ്ര ജഡേജയുടെ അഭാവുമായിരിക്കും ഇന്ത്യൻ ക്യാമ്പിലെ ആശങ്ക. ഓൾറൗണ്ടർ അക്സർ പട്ടേൽ പകരമെത്തുമെങ്കിലും ജഡേജയുടെ ബാറ്റിംഗ് മികവിനൊപ്പം എത്തുമോയെന്നത് സംശയമാണ്. ഇടംകൈയൻ ബാറ്റർക്ക് മുൻതൂക്കം നൽകിയാൽ ദിനേശ് കാർത്തിക്കിന് പകരം റിഷഭ് പന്തിനായിരിക്കും അവസരം.
ബാബർ അസം, മുഹമ്മദ് റിസ്‌വാൻ, ഫഖർ സമാൻ, ഇഫ്തിഖർ അഹമ്മദ് എന്നിവരിലാണ് പാകിസ്ഥാന്‍റെ റൺസ് പ്രതീക്ഷ. പരിക്കേറ്റ യുവപേസർ ഷാനവാസ് ദഹാനിയുടെ അഭാവം തിരിച്ചടിയാവും. നസീം ഷായുടെ ഓപ്പണിംഗ് സ്പെൽ കളിയുടെ ഗതി നിർണയിക്കും. ഏഷ്യാ കപ്പിൽ അവസാനം ഏറ്റുമുട്ടിയ നാല് കളിയിലും ഇന്ത്യക്കായിരുന്നു ജയം. നാല് തവണയും ഇന്ത്യ ജയിച്ചത് റൺസ് പിന്തുടർന്നാണ് എന്ന സവിശേഷതയുമുണ്ട്.
ആദ്യ അങ്കത്തില്‍ സംഭവിച്ചത്
ഹാര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് മികവിലാണ് ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യ അഞ്ച് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാക് ടീം 19.5 ഓവറില്‍ 147 റണ്‍സിന് പുറത്തായപ്പോള്‍ ഭുവി നാലും ഹാര്‍ദിക് പാണ്ഡ്യ മൂന്നും അര്‍ഷ്‌ദീപ് സിംഗ് രണ്ടും ആവേശ് ഖാന്‍ ഒന്നും വിക്കറ്റ് നേടി. മറുപടി ബാറ്റിംഗില്‍ രണ്ട് പന്ത് ബാക്കിനില്‍ക്കേ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ ഇന്ത്യ വിജയത്തിലെത്തി. വിരാട് കോലിയും രവീന്ദ്ര ജഡേജയും 35 റണ്‍സ് വീതം നേടി പുറത്തായപ്പോള്‍ 17 പന്തില്‍ 33* റണ്‍സുമായി ഹാര്‍ദിക് പാണ്ഡ്യ പുറത്താകാതെ നിന്നു. നായകന്‍ രോഹിത് ശര്‍മ്മ 12ഉം ഉപനായകന്‍ കെ എല്‍ രാഹുല്‍ ഗോള്‍ഡന്‍ ഡക്കായും മടങ്ങി.
ടി20 ലോകകപ്പിൽ ഇന്ത്യക്ക് കനത്ത തിരിച്ചടി, പരിക്കേറ്റ സൂപ്പർ ഓൾറൗണ്ടർ പുറത്തേക്ക്; പകരമാര്?
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!