
ദുബായ്: ഫോമില്ലായ്‌മയുടെ കാലം കടന്ന് വിരാട് കോലി ശക്തമായി റണ്ണൊഴൊക്കും എന്ന് പ്രതീക്ഷിക്കുന്ന ടൂര്‍ണമെന്‍റാണ് ഏഷ്യാ കപ്പ്. ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം എന്നതും കോലി ആരാധകരുടെ ആവേശം കൂട്ടുന്നു. എന്നാല്‍ വിരാട് കോലിയെ ഫോമിലെത്താന്‍ പാകിസ്ഥാന്‍ ടീം അനുവദിക്കാന്‍ പാടില്ല എന്നാണ് അവരുടെ മുന്‍ സ്‌പിന്നര്‍ ഡാനിഷ് കനേറിയ പറയുന്നത്. ടി20 ലോകകപ്പ് ടീമില്‍ ഇടംപിടിക്കാന്‍ മികച്ച പ്രകടനം ഏഷ്യാ കപ്പില്‍ കോലിക്ക് ആവശ്യമാണെന്ന് കനേറിയ വ്യക്തമാക്കി.
'വിരാട് കോലിയുടെ ഫോമിനെ ചൊല്ലിയുള്ള ചര്‍ച്ചകളില്‍ പാകിസ്ഥാന്‍ താരങ്ങളുടെ മനസില്‍ ഭയമുണ്ടാകും. കോലിക്ക് അതിശക്തമായി തിരിച്ചെത്താന്‍ കഴിയുമെന്ന് പാക് താരങ്ങള്‍ക്ക് ബോധ്യമുണ്ട്. കോലിയെ ഫോമിലേക്ക് തിരിച്ചെത്താന്‍ അനുവദിക്കാതിരിക്കുക പാക് ടീമിന് പ്രധാനമാണ്. കോലി ഫോമിലെത്തിയാല്‍ അദ്ദേഹത്തെ പിടിച്ചുനിര്‍ത്താന്‍ കഴിയില്ല. ഏഷ്യാ കപ്പ് വിരാട് കോലിക്ക് ഏറെ നിര്‍ണായകമാണ്. ഏറെ റണ്‍സ് കോലിക്ക് കണ്ടെത്തേണ്ടതുണ്ട്. ഏറെ താരങ്ങള്‍ ടീമിലേക്ക് വരാനിരിക്കുന്നതിനാല്‍ ഇനിയും പരാജയപ്പെടാന്‍ അദ്ദേഹത്തിനാവില്ല. വിമര്‍ശകരുടെ വായടപ്പിക്കും ഏഷ്യാ കപ്പില്‍ എന്നാണ് കരുതുന്നത്' എന്നും ഡാനിഷ് കനേറിയ തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
ട്വന്‍റി20 ലോകകപ്പിന്‍റെ പശ്ചാത്തലത്തില്‍ ടി20 ഫോര്‍മാറ്റിലാണ് ഏഷ്യാ കപ്പ് യുഎഇയില്‍ നടക്കുക.ഇക്കുറി ഏഷ്യാ കപ്പില്‍ ഓഗസ്റ്റ് 28-ാം തിയതിയാണ് ആദ്യ ഇന്ത്യ-പാക് പോരാട്ടം. ഇതിന് ശേഷം സൂപ്പര്‍ ഫോറിലും ഭാഗ്യം അനുവദിച്ചാല്‍ ഫൈനലിലും ഇരു ടീമുകളും ഏറ്റുമുട്ടും. വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്‌വെ പര്യടനങ്ങളില്‍ നിന്ന് വിട്ടുനിന്ന വിരാട് കോലി ഇന്ത്യന്‍ കുപ്പായത്തിലേക്ക് മടങ്ങിയെത്തുന്നത് ഏഷ്യാ കപ്പിലാണ്. ഫോമില്ലായ്‌മയുടെ എല്ലാ പേരുദോഷവും ടൂര്‍ണമെന്‍റില്‍ താരത്തിന് മാറ്റേണ്ടതുണ്ട്. പാകിസ്ഥാനെതിരെ ടി20യില്‍ മികച്ച റെക്കോര്‍ഡുള്ള താരമാണ് കോലി. ഏഴ് ഇന്നിംഗ്‌സില്‍ 77.75 ശരാശരിയില്‍ മൂന്ന് അര്‍ധ സെഞ്ചുറികളോടെ 311 റണ്‍സ് കിംഗിനുണ്ട്.
വാക്ക് കൊണ്ട് 'തല്ലുമാല'; ഇന്ത്യ-പാക് ക്രിക്കറ്റ് പോരാട്ടങ്ങളിലെ മൂന്ന് കുപ്രസിദ്ധ വാക്‌പ്പോരുകള്‍