
ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാനെതിരെ അഞ്ച് വിക്കറ്റ് വിജയവുമായി ഇന്ത്യ വിജയത്തുടക്കമിട്ടെങ്കിലും സ്കോര്‍ ബോര്‍ഡില്‍ കാണുന്നതുപോലെ അത്ര എളുപ്പമായിരുന്നില്ല ഇന്ത്യന്‍ ജയം. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ ഓപ്പണര്‍ കെ എല്‍ രാഹുല്‍ ക്ലീന്‍ ബൗള്‍ഡായതോടെ തന്‍റെ നൂറാം ടി20 മത്സരം കളിക്കുന്ന വിരാട് കോലി ക്രീസിലെത്തി. നേരിട്ട രണ്ടാം പന്തില്‍ പുറത്താകേണ്ടതായിരുന്നെങ്കില്‍ രണ്ടാം സ്ലിപ്പില്‍ ഫഖര്‍ സമന്‍ കൈവിട്ടില്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ സ്ഥിതി കൂടുതല്‍ ദയനീയമാകുമായിരുന്നു.
രാഹുല്‍ പുറത്തായശേഷം കോലിയും രോഹിത്തും ചേര്‍ന്ന് ഇന്ത്യയെ 50 റണ്‍സിലെത്തിച്ചെങ്കില്‍ ഇടംകൈയന്‍ സ്പിന്നര്‍ മുഹമ്മദ് നവാസിനെ സിക്സര്‍ പറത്താനുള്ള ശ്രമത്തില്‍ രോഹിത് മടങ്ങി. നവാസിന്‍റെ തൊട്ടടുത്ത ഓവറില്‍ എക്സ്ട്രാ കവറിന് മുകളിലൂടെ ചിപ് ഷോട്ട് കളിക്കാന്‍ ശ്രമിച്ച കോലിയും പുറത്തായി. 50-1ല്‍ നിന്ന് ഇന്ത്യ പൊടുന്നനെ 53-3ലേക്ക് വീണ് സമ്മര്‍ദ്ദത്തിലാവുകയും ചെയ്തു.
ഏഷ്യാ കപ്പ്: ഇന്ത്യക്കെതിരെ ബാബറിന് പറ്റിയ വലിയ പിഴവ് അതായിരുന്നു, തുറന്നു പറഞ്ഞ് വസീം അക്രം
പുറത്തായ രീതി വിരാട് കോലിയെ ശരിക്കും നിരാശപ്പെടുത്തുന്നതായിരിക്കുമെന്ന് മത്സരത്തിന്‍റെ കമന്‍ററി ബോക്സിലുണ്ടായിരുന്നു മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ പറഞ്ഞു. പ്രത്യേകിച്ച് രോഹിത് പുറത്തായതിന് തൊട്ടു പിന്നാലെയാണ് കോലി അത്തരമൊരു ഷോട്ട് കളിച്ച് പുറത്തായത്. യുവതാരങ്ങളാരെങ്കിലും അത്തരമൊരു ഷോട്ട് കളിച്ച് പുറത്താവാതിരുന്നത് നന്നായി. അങ്ങനെ ആയിരുന്നെങ്കില്‍ അയാളെ ഇപ്പോള്‍ നിര്‍ത്തിപൊരിച്ചേനെ.
രാജ്യാന്തര ക്രിക്കറ്റില്‍ ഇത്രയധികം റണ്‍സെടുത്തിട്ടുള്ള ഒരു താരം ആ സാഹചര്യത്തില്‍ അത്തരമൊരു ഷോട്ട് കളിക്കേണ്ട ആവശ്യമേ ഉണ്ടായിരുന്നില്ല. ആ ഷോട്ടിന്‍റെ റീപ്ലേ കണ്ടാല്‍ കോലിയും അത് സമ്മതിക്കും. 34 പന്തില്‍ 35 റണ്‍സെടുത്ത് നില്‍ക്കെ, ക്യാപ്റ്റന്‍ തൊട്ടു മുമ്പ് പുറത്തായ സാഹചര്യത്തില്‍ ഇന്നിംഗ്സ് കെട്ടിപ്പടുക്കാനായിരുന്നു കോലി ശ്രമിക്കേണ്ടിയിരുന്നത്. കോലി കുറച്ചു നേരം കൂടി പിടിച്ചു നിന്നിരുന്നുവെങ്കില്‍ കാര്യങ്ങള്‍ കുറച്ചു കൂടി എളുപ്പമാകുമാകുമായിരുന്നുവെന്നും ഗംഭീര്‍ പറഞ്ഞു.
'യാ മോനെ... പാണ്ഡ്യയുടെ ആ നില്‍പ്പുണ്ടല്ലോ... ഓഹ്'; കളി പറഞ്ഞ് ട്രോളന്മാര്‍
കോലി കളിച്ചത് ഒരു ഷോട്ടേ അല്ലായിരുന്നു. സിക്സ് അടിക്കാന്‍ നോക്കിയിട്ട് പുറത്തായിരുന്നെങ്കില്‍ അങ്ങനെയെങ്കിലും പറയാമായിരുന്നു. കോലി സിക്സ് അടിക്കാനും നോക്കിയില്ല, ഫീല്‍ഡിലെ വിടവിലേക്ക് പന്തടിക്കാനും നോക്കിയില്ല. അങ്ങനെ പുറത്തായത് കോലിയെപ്പോലും നിരാശപ്പെടുത്തുമെന്നും ഗംഭീര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പിനുശേഷം നടന്ന 24 ടി20 മത്സരങ്ങളില്‍ നാലെണ്ണത്തില്‍ മാത്രമാണ് കോലി പാക്കിസ്ഥാനെതിരായ മത്സരത്തിന് മുമ്പ് ഇന്ത്യക്കായി ഇറങ്ങിയത്. ഇംഗ്ലണ്ടിനെതിരായ പരമ്പരക്കുശേഷം ഏഴാഴ്ചത്തെ വിശ്രമമെടുത്താണ് കോലി വീണ്ടും മത്സര ക്രിക്കറ്റില്‍ തിരിച്ചെത്തിയത്.