അഫ്ഗാനോട് അവസാന ഓവറില്‍ ത്രില്ലര്‍ ഫിനിഷ് നടത്തി പാകിസ്ഥാന്‍; ഇന്ത്യ ഏഷ്യാകപ്പിന് പുറത്ത്

By Web TeamFirst Published Sep 7, 2022, 11:48 PM IST
Highlights

ജയപരാജയ സാധ്യതകള്‍ മാറിമറിഞ്ഞ മത്സരത്തില്‍ അവസാന ഓവറില്‍ പാക് വാലറ്റക്കാരന്‍ നസീം ഷാ നേടിയ ഇരട്ട സിക്സറാണ് പാകിസ്ഥാനെ അയല്‍ക്കാരോട് തോല്‍ക്കുന്നത് ഒഴിവാക്കിയതും, ഇന്ത്യയ്ക്ക് പുറത്തേക്കുള്ള വഴി തെളിച്ചതും. 

ഷാര്‍ജ: അവസാന ഓവര്‍വരെ നീണ്ട ആവേശത്തിനൊടുവില്‍ അഫ്ഗാനിസ്ഥാനെ കീഴടക്കി പാകിസ്ഥാന്‍. ഇതോടെ ഇന്ത്യ ഏഷ്യാകപ്പ് ക്രിക്കറ്റില്‍ നിന്നും പുറത്തായി. ജയപരാജയ സാധ്യതകള്‍ മാറിമറിഞ്ഞ മത്സരത്തില്‍ അവസാന ഓവറില്‍ പാക് വാലറ്റക്കാരന്‍ നസീം ഷാ നേടിയ ഇരട്ട സിക്സറാണ് പാകിസ്ഥാനെ അയല്‍ക്കാരോട് തോല്‍ക്കുന്നത് ഒഴിവാക്കിയതും, ഇന്ത്യയ്ക്ക് പുറത്തേക്കുള്ള വഴി തെളിച്ചതും. 

ഫസൽഹഖ് ഫാറൂഖി എറിഞ്ഞ അവസാന ഓവറിൽ ഒരേയൊരു വിക്കറ്റ് ബാക്കിനിൽക്കെ വിജയത്തിലേക്ക് വേണ്ടിയിരുന്ന 11 റൺസ്, ആദ്യ രണ്ടു പന്തുകളിലെ ഇരട്ട സിക്സറുകളിലൂടെ നസീം ഷാ പാക്കിസ്ഥാന് സമ്മാനിച്ചു.ഫൈനലിൽ ശ്രീലങ്കയാണ് പാക്കിസ്ഥാന്റെ എതിരാളികൾ.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാനിസ്ഥാൻ നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 129 റൺസാണ്. 130 റൺസിന്റെ ദുര്‍ബലമായ വിജയലക്ഷ്യത്തിലേക്ക് എളുപ്പം പാക് ബാറ്റ്സ്മാന്മാര്‍ എത്തും എന്ന് കരുതിയെങ്കിലും ബാലികേറ മല പോലെ  അഫ്ഗാൻ ബോളർമാർ അവരുടെ വിജയം അകലത്തിലാക്കി. നസീം ഷായുടെ അവസാന ഓവറിലെ ഇരട്ട സിക്സർ വേണ്ടി വന്നു പാകിസ്ഥാന് വിജയം നേടാന്‍.

26 പന്തിൽ ഒരു ഫോറും മൂന്നു സിക്സും സഹിതം 36 റൺസെടുത്ത ഷതാബ് ഖാനാണ് പാക്കിസ്ഥാന്റെ ടോപ് സ്കോറർ. 33 പന്തിൽ രണ്ടു ഫോറുകളോടെ 30 റൺസെടുത്ത ഇഫ്തിഖർ അഹമ്മദിന്റെ പ്രകടനവും ശ്രദ്ധേയമായി.26 പന്തിൽ 20 റണ്‍സ് നേടിയ ഓപ്പണർ മുഹമ്മദ് റിസ്‌വാൻ‌ ,എട്ടു പന്തിൽ 16 റണ്‍സ് നേടിയ ആസിഫ് അലി  എന്നിവരാണ് പാക് നിരയില്‍ അല്‍പ്പം ഭേദമായത്. ക്യാപ്റ്റൻ ബാബർ അസം പൂജ്യനായി മടങ്ങി, ഫഖർ സമാൻ 5, മുഹമ്മദ് നവാസ് 4, ഖുഷ്ദിൽ ഷാ 1, ഹാരിസ് റൗഫ് 0 എന്നിവർ പാക് നിരാശയായി. 

അഫ്ഗാനായി ഫരീദ് അഹമ്മദ് മാലിക് നാല് ഓവറിൽ 31 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. അവസാന ഓവറിൽ ഇരട്ട സിക്സർ വഴങ്ങിയ ഫസൽഹഖ് ഫാറൂഖി 3.2 ഓവറിൽ 31 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് സ്വന്തമാക്കി. റാഷിദ് ഖാൻ നാല് ഓവറിൽ 25 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു.

നേരത്തെ, ബാറ്റിങ്ങിനെത്തിയ അഫ്ഗാന് വേണ്ടി 37 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 35 റൺസെടുത്ത ഇബ്രാഹിം സദ്രാന്‍ ടോപ് സ്കോററായി.അഫ്ഗാന്‍ നിരയില്‍ നിരാശപ്പെടുത്തിയത് ഗോൾഡൻ ഡക്കായ ക്യാപ്റ്റൻ മുഹമ്മദ് നബി മാത്രം. പാക്കിസ്ഥാനായി ഹാരിസ് റൗഫ് നാല് ഓവറിൽ 26 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. നസീം ഷാ, മുഹമ്മദ് ഹസ്നയ്ൻ, നവാസ്, ഷതാബ് ഖാൻ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

അപമാനം തന്നെ അപമാനം; റിഷഭ് പന്തിനെ തഴഞ്ഞ് ഹാര്‍ദിക് പാണ്ഡ്യയെ നേരത്തെയിറക്കി, പൊട്ടിച്ചിരിച്ച് ആരാധകര്‍

'താന്‍ എന്തൊരു ക്രൂരനാണ് രോഹിത് ശര്‍മ്മേ'! അര്‍ഷ്‌ദീപിനെ ഗൗനിക്കാതിരുന്ന നായകനെ തള്ളി ആരാധകര്‍- വീഡിയോ

click me!