ഇന്ത്യ-പാക് അങ്കം; എക്കാലത്തെയും റെക്കോര്‍ഡ് തകര്‍ക്കാന്‍ രോഹിത് ശര്‍മ്മ, പിന്നിലാവുക പാക് താരം

By Jomit JoseFirst Published Aug 28, 2022, 3:48 PM IST
Highlights

ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ളത് പാക് താരം ഷൊയൈബ് മാലിക്കാണ്

ദുബായ്: ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇന്ത്യ-പാക് ടീമുകളുടെ ഭൂതകാലം പരിശോധിച്ചാല്‍ ഇത്രത്തോളം ആവേശമേറിയ മറ്റൊരു ഡര്‍ബി ക്രിക്കറ്റ് ചരിത്രത്തിലില്ല. ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് എട്ടാം കിരീടം സമ്മാനിക്കാന്‍ രോഹിത് ശര്‍മ്മ ഇറങ്ങുമ്പോള്‍ ഒരു വ്യക്തിഗത നേട്ടവും കൈയ്യെത്തും ദൂരത്തുണ്ട്. ഈ നേട്ടത്തിലേക്ക് വിരാട് കോലിക്കും ഫോമിന്‍റെ പാരമ്യത്തിലെത്തിയാല്‍ എത്താവുന്നതേയുള്ളൂ. 

ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ളത് പാക് താരം ഷൊയൈബ് മാലിക്കാണ്. ആറ് ഇന്നിംഗ്‌സുകളില്‍ 432 റണ്‍സാണ് മാലിക്കിന്‍റെ സമ്പാദ്യം. രണ്ട് സെഞ്ചുറിയും ഒരു ഫിഫ്റ്റിയും മാലിക് നേടി. അതേസമയം എട്ട് ഇന്നിംഗ്‌സുകളില്‍ ഒരു ശതകവും നാല് അര്‍ധ സെഞ്ചുറികളും ഉള്‍പ്പടെ 367 റണ്‍സുമായി രണ്ടാമതുണ്ട് രോഹിത് ശര്‍മ്മ. ഇക്കുറി മൂന്ന് മത്സരങ്ങളില്‍ ഇരു ടീമുകളും മുഖാംമുഖം വരാന്‍ സാധ്യതയുള്ളതിനാല്‍ രോഹിത്തിന് ഈ റെക്കോര്‍ഡ് മറികടക്കാന്‍ പ്രയാസം കാണില്ല. നാല് ഇന്നിംഗ്‌സില്‍ ഒരു സെഞ്ചുറിയോടെ 255 റണ്‍സുമായി വിരാട് കോലിയാണ് മൂന്നാം സ്ഥാനത്ത്. 

ഏഷ്യാ കപ്പിനിടെ സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ മറികടക്കാനുള്ള അവസരവും രോഹിത് ശര്‍മ്മയ്‌ക്കും വിരാട് കോലിക്കുമുണ്ട്. ഏഷ്യാ കപ്പില്‍ ടീം ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള താരം മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ്. 971 റണ്‍സാണ് ടൂര്‍ണമെന്‍റില്‍ സച്ചിന്‍റെ സമ്പാദ്യം. 883 റണ്‍സുമായി രോഹിത് ശര്‍മ്മ സച്ചിന്‍റെ തൊട്ടുപിന്നിലുണ്ട്. മൂന്നാമന്‍ വിരാട് കോലിക്കുള്ളത് 766 റണ്‍സും. 690 റണ്‍സുമായി എം എസ് ധോണി നാലാമതും 613 റണ്‍സോടെ ശിഖര്‍ ധവാന്‍ അഞ്ചാമതും നില്‍ക്കുന്നു. ധോണി നേരത്തെ വിരമിച്ച താരമാണെങ്കില്‍ ധവാന്‍ നിലവിലെ സ്‌ക്വാഡിലില്ല. 

ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ ഇന്ന് വൈകിട്ട് 7.30നാണ് ഇന്ത്യ-പാകിസ്ഥാന്‍ മത്സരം. ഈ ഏഷ്യാ കപ്പില്‍ ഇരു ടീമുകളുടേയും ആദ്യ മത്സരമാണിത്. സൂപ്പര്‍ ഫോറിലും ഭാഗ്യമുണ്ടെങ്കില്‍ ഫൈനലിലും കൂടി അയല്‍ക്കാര്‍ നേര്‍ക്കുനേര്‍ കളത്തില്‍ വരും. കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം നടന്ന ഏഴ് ട്വന്‍റി 20 പരമ്പരകളും സ്വന്തമാക്കിയാണ് ഇന്ത്യ ഏഷ്യാ കപ്പിന് ഇറങ്ങുന്നത്. ഏഷ്യാ കപ്പില്‍ 14 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ എട്ട് തവണയും ജയം ഇന്ത്യക്കൊപ്പമായിരുന്നു. 

ഫാബുലസ് ഫാഫ്; ഇന്ത്യ-പാക് പോരിന് മുമ്പ് കിംഗ് കോലിക്ക് തകര്‍പ്പന്‍ ആശംസയുമായി ആര്‍സിബി ക്യാപ്റ്റന്‍- വീഡിയോ 

click me!