രാജ്യാന്തര ക്രിക്കറ്റില്‍ ന്യൂസിലന്‍ഡിന്‍റെ റോസ് ടെയ്‌ലറിന് ശേഷം എല്ലാ ഫോര്‍മാറ്റിലും 100 മത്സരം കളിക്കുന്ന ആദ്യ താരം കൂടിയാവാനാണ് കോലി ഇന്നിറങ്ങുന്നത്

ദുബായ്: ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ ഇന്നത്തെ മത്സരം വിരാട് കോലിയെ സംബന്ധിച്ച് ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഫോമില്ലായ്‌മയില്‍ നിന്ന് ശക്തമായ തിരിച്ചുവരവ് ലക്ഷ്യമിടുന്ന കോലി കരിയറിലെ 100-ാം ടി20ക്കാണ് തയ്യാറെടുക്കുന്നത്. പാകിസ്ഥാനെതിരെ മൈതാനത്തെത്തുന്നതോടെ മൂന്ന് ഫോര്‍മാറ്റിലും 100 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാകും കിംഗ് കോലി. കരിയറിലെ ചരിത്ര മത്സരത്തിന് മുമ്പ് കോലിക്ക് ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് ആര്‍സിബി നായകന്‍ ഫാഫ് ഡുപ്ലസിസ്.

'ഹായ് വിരാട്, നൂറാം രാജ്യാന്തര ടി20ക്ക് അഭിനന്ദനങ്ങള്‍. മൂന്ന് ഫോര്‍മാറ്റിലും 100 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാകുകയാണ് താങ്കള്‍. താങ്കളുടെ നേട്ടങ്ങളുടെ പട്ടികയിലേക്ക് മറ്റൊരു പൊന്‍തൂവല്‍ കൂടി. വരുന്ന കുറച്ച് വര്‍ഷങ്ങളില്‍ നിങ്ങളില്‍ നിന്ന് സ്പെഷ്യലായി എന്തൊക്കെയാണ് കാണാന്‍ കഴിയുക എന്ന വലിയ ആകാംക്ഷ എനിക്കുണ്ട്. താങ്കളുടെ ആവനാഴിയില്‍ ഏറെക്കാര്യങ്ങള്‍ ബാക്കിയുണ്ടെന്ന് എനിക്കറിയാം. അവ കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഏഷ്യാ കപ്പിന് എല്ലാവിധ ആശംസകളും നേരുന്നു' എന്നുമാണ് ഫാഫ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് പങ്കുവെച്ച വീഡിയോയില്‍ പറയുന്നത്. 

Scroll to load tweet…

രാജ്യാന്തര ക്രിക്കറ്റില്‍ ന്യൂസിലന്‍ഡിന്‍റെ റോസ് ടെയ്‌ലറിന് ശേഷം എല്ലാ ഫോര്‍മാറ്റിലും 100 മത്സരം കളിക്കുന്ന ആദ്യ താരം കൂടിയാവാനാണ് കോലി ഇന്നിറങ്ങുന്നത്. 

ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് ഇന്ത്യ-പാകിസ്ഥാന്‍ മത്സരം. ടി20 ലോകകപ്പില്‍ പാകിസ്ഥാനോട് ഇന്ത്യ തോറ്റ വേദി കൂടിയാണിത്. അന്ന് 10 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ പരാജയം. കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം നടന്ന ഏഴ് ട്വന്‍റി 20 പരമ്പരകളും സ്വന്തമാക്കിയാണ് ഇന്ത്യ ഏഷ്യാ കപ്പിന് ഇറങ്ങുന്നത്. ഏഷ്യാ കപ്പില്‍ 14 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ എട്ട് തവണയും ജയം ഇന്ത്യക്കൊപ്പമായിരുന്നു. ഏഷ്യാ കപ്പ് കിരീട നേട്ടത്തിലും പാകിസ്ഥാനേക്കാള്‍ ബഹുദൂരം മുന്നിലാണ് ഇന്ത്യ. ഏഴ് തവണ ഇന്ത്യന്‍ ടീം ഏഷ്യാ കപ്പുയര്‍ത്തിയപ്പോള്‍ പാകിസ്ഥാന്‍റെ നേട്ടം രണ്ട് കിരീടത്തിലൊതുങ്ങി. 

ഇന്ത്യക്ക് കണക്ക് ബാക്കിയുണ്ട്, പാകിസ്ഥാന് ജയിച്ച് തുടങ്ങണം; ഏഷ്യാ കപ്പില്‍ ഇന്ന് തീപ്പാറും പോര്