ഏഷ്യാ കപ്പില്‍ ഫോമിലായില്ലെങ്കില്‍ കോലിയെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കില്ല? കപില്‍ ദേവിന്റെ മറുപടിയിങ്ങനെ

By Web TeamFirst Published Aug 28, 2022, 3:24 PM IST
Highlights

കഴിഞ്ഞ മാസം ടെസ്റ്റ് ടീമില്‍ കോലിയുടെ സ്ഥാനം ചോദ്യം ചെയ്ത് കപില്‍ രംഗത്തെത്തിയിരുന്നു. ടെസ്റ്റ് ഇലവനില്‍ നിന്ന് ആര്‍ അശ്വിനെ ഒഴിവാക്കാമെങ്കില്‍ എന്തുകൊണ്ട് കൊലിയെ ഒഴിവാക്കിക്കൂടാ എന്നും കപില്‍ ചോദിച്ചിരുന്നു.

ദുബായ്: കരിയറിലെ ഏറ്റവും മോശം ഫോമിലാണ് വിരാട് കോലി. ആയിരം ദിവസം കഴിയുന്നു കോലി അവസാനമായി ഒരു അന്താരാഷ്ട്ര സെഞ്ചുറി നേടിയിട്ട്. അവസാനമായി ഇംഗ്ലണ്ട് പര്യടനത്തിലാണ് കോലി കളിച്ചത്. എന്നാല്‍ ഏകദിനത്തിലും ടി20യിലും കോലിക്ക് തിളങ്ങാനായില്ല. പിന്നാലെ വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്‌വെ പര്യടനങ്ങളില്‍ നിന്ന് താരത്തിന് വിശ്രമം അനുവദിച്ചു. ഇപ്പോള്‍ ഏഷ്യാ കപ്പിലേക്കാണ് തിരിച്ചെത്തുന്നത്. ഏഷ്യാ കപ്പില്‍ ഫോമിലായില്ലെങ്കില്‍ വിരാട് കോലിയെ ടി20 ലോകകപ്പ് ടീമിലേക്ക് പരിഗണിക്കില്ലെന്നുള്ള വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. 

ഇതിനെതിരെ പ്രതികരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്. ലോകകപ്പിനുള്ള അവസാന അവസരമല്ലെന്നാണ് കപില്‍ പറയുന്നത്. ''ക്രിക്കറ്റ് കളിച്ചുകൊണ്ടേയിരിക്കുകയെന്നാണ് എനിക്ക് കോലിയോട് പറയാനുള്ളത്. ഏഷ്യാ കപ്പ് അദ്ദേഹത്തിന് കിട്ടുന്ന അവസാന അവസരമാണെന്ന് ഞാന്‍ പറയുന്നില്ല. കോലി പ്രൊഫഷണല്‍ താരമാണ്. കളിക്കുകയെന്നുള്ളതാണ് പ്രധാന കാര്യം.  ചില സമയം അധികം ഇടവേള എടുക്കേണ്ട ആവശ്യം ഉണ്ടാവില്ല. റണ്‍സ് സ്‌കോര്‍ ചെയ്ത് തുടങ്ങമ്പോള്‍ ചിന്തിക്കുന്ന വിധവും മാറും.'' കപില്‍ പറഞ്ഞു.

ആറ് പന്തില്‍ ആറ് സിക്‌സുമായി ആന്ദ്രേ റസ്സല്‍; സിക്സ്റ്റി ടൂര്‍ണമെന്റില്‍ വെടിക്കെട്ട്- വീഡിയോ കാണാം

കഴിഞ്ഞ മാസം ടെസ്റ്റ് ടീമില്‍ കോലിയുടെ സ്ഥാനം ചോദ്യം ചെയ്ത് കപില്‍ രംഗത്തെത്തിയിരുന്നു. ടെസ്റ്റ് ഇലവനില്‍ നിന്ന് ആര്‍ അശ്വിനെ ഒഴിവാക്കാമെങ്കില്‍ എന്തുകൊണ്ട് കൊലിയെ ഒഴിവാക്കിക്കൂടാ എന്നും കപില്‍ ചോദിച്ചിരുന്നു. ഇന്നാണ് ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം. ചിരവൈരികളായ പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളി. കോലി കളിക്കുമെന്നുള്ള കാര്യത്തില്‍ സംസമൊന്നുമില്ല. മൂന്നാം നമ്പറിലായിരിക്കും അദ്ദേഹത്തിന്റെ സ്ഥാനം.

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം

രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍, രവി ബിഷ്‌ണോയി, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്, ആവേശ് ഖാന്‍. സ്റ്റാന്‍ഡ്‌ബൈ: ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, ദീപക് ചാഹര്‍.
 

click me!