രോഹിത് ശര്‍മ്മ അസ്വസ്ഥന്‍, താരങ്ങളോട് തട്ടിക്കയറുന്നു; ക്യാപ്റ്റന്‍സിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അക്‌തര്‍

By Jomit JoseFirst Published Sep 8, 2022, 2:34 PM IST
Highlights

ശ്രീലങ്കയ്‌ക്ക് എതിരായ മത്സരത്തില്‍ യുവ പേസര്‍ അര്‍ഷ്‌ദീപ് സിംഗിനോടുള്ള രോഹിത് ശര്‍മ്മയുടെ പെരുമാറ്റം വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു

ദുബായ്: ഏഷ്യാ കപ്പിലെ രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സി ശൈലിക്കെതിരെ പാകിസ്ഥാന്‍ മുന്‍ പേസര്‍ ഷൊയൈബ് അക്‌തര്‍. രോഹിത് ശർമ്മ വളരെ അസ്വസ്ഥനാണ്. ഇന്ത്യന്‍ നായകന്‍ മൈതാനത്ത് സഹതാരങ്ങളോട് തട്ടിക്കയറുന്നു. ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ സ്‌പിന്നര്‍ രവി ബിഷ്‌ണോയിയെ മാറ്റി ആര്‍ അശ്വിനെ ഇറക്കി, ഇത്  ടീമില്‍ എന്തൊക്കെയോ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതായി തോന്നിപ്പിക്കുന്നതായുമാണ് അക്‌തറിന്‍റെ വിമര്‍ശനം. 

'ഇന്ത്യ വളരെ മോശമായി കളിച്ചു എന്ന് കരുതുന്നില്ല. നന്നായി കളിച്ചില്ല എന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍ എല്ലാ വീഴ്‌ചകള്‍ക്ക് ശേഷവും ഉയര്‍ച്ചയുണ്ട്. ഈ വീഴ്‌ച ഇന്ത്യന്‍ ടീമിന് ടി20 ലോകകപ്പില്‍ തുണയായേക്കാം. ഹൃദയം തകരാതെ ഇതില്‍ നിന്ന് പാഠം പഠിക്കുകയാണ് വേണ്ടത്. അന്തിമ പ്ലേയിംഗ് ഇലവനെ കണ്ടെത്തേണ്ടതുണ്ട്. തന്‍റെ ക്യാപ്റ്റന്‍സി രോഹിത് ശര്‍മ്മ കൂടുതല്‍ മൂര്‍ച്ചയേറിയതാക്കേണ്ടതുമുണ്ട്' എന്നും ഷൊയൈബ് അക്‌തര്‍ തന്‍റെ യൂട്യൂബ് ചാനലില്‍ കൂട്ടിച്ചേര്‍ത്തു. 

ശ്രീലങ്കയ്‌ക്ക് എതിരായ മത്സരത്തില്‍ യുവ പേസര്‍ അര്‍ഷ്‌ദീപ് സിംഗിനെതിരായ രോഹിത് ശര്‍മ്മയുടെ പെരുമാറ്റം വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. ലങ്കന്‍ ഇന്നിംഗ്‌സിലെ അവസാന ഓവറില്‍ അര്‍ഷ്‌ദീപ് സിംഗ് ഫീല്‍ഡിംഗ് നിയന്ത്രണം സംബന്ധിച്ച് പറഞ്ഞ എന്തോ കാര്യം ഗൗനിക്കാതെ രോഹിത് തിരിഞ്ഞുനടക്കുകയായിരുന്നു. രോഹിത്തിന്‍റെ പെരുമാറ്റം ടീമിന് ഒട്ടും പ്രയോജനകരമല്ലെന്ന വിമര്‍ശനം ഇതിന് പിന്നാലെ ആരാധകര്‍ ഉയര്‍ത്തിയിരുന്നു. 

ഏഷ്യാ കപ്പില്‍ നിന്ന് ഫൈനല്‍ കാണാതെ പുറത്തായതും രോഹിത് ശര്‍മ്മയ്‌ക്ക് തിരിച്ചടിയാണ്. രോഹിത്തിന്‍റെ ക്യാപ്റ്റന്‍സിയില്‍ സൂപ്പർ ഫോറിലെ അവസാന മത്സരത്തില്‍ അഫ്‌ഗാനിസ്ഥാനെ ഇന്ത്യ ഇന്ന് നേരിടും. വൈകീട്ട് ഏഴരയ്ക്ക് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ഇരു ടീമുകളുടേയും ഫൈനല്‍ പ്രതീക്ഷ നേരത്തെതന്നെ അസ്‌തമിച്ചതിനാല്‍ മത്സരഫലം നിര്‍ണായകമല്ല. പാകിസ്ഥാനും ശ്രീലങ്കയുമാണ് ഏഷ്യാ കപ്പ് ഫൈനലിന് യോഗ്യത നേടിയ ടീമുകള്‍. 

ഏഷ്യാ കപ്പ്: ജയത്തോടെ മടങ്ങാന്‍ ഇന്ത്യ ഇന്ന് അഫ്‌ഗാനെതിരെ; ടീമില്‍ മാറ്റങ്ങളുറപ്പ്, വെറ്ററന്‍ പുറത്താകും

click me!