ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണെ കേരള സർക്കാരിന്റെ ഓൺലൈൻ ടാക്സി സംരംഭമായ കേരള സവാരിയുടെ ഗുഡ്‌വിൽ അംബാസഡറായി നിയമിച്ചു. 

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസായ കേരള സവാരിയുടെ ഗുഡ്‍വിൽ അംബാസഡറായി ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. പൊതുഗതാഗത മേഖലയിലെ കേരളം സൃഷ്ടിച്ച വിപ്ലവകരമായ മാറ്റത്തിന്റെ മുഖമായി, കേരള സര്‍ക്കാര്‍ തൊഴില്‍ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ മാതൃകാ സംരംഭത്തിന്റെ സന്ദേശം സംസ്ഥാനമൊട്ടാകെ എത്തിക്കുന്നതില്‍, കേരളത്തിന്റെ അഭിമാനമായ സഞ്ജു സാംസണ്‍ നിര്‍ണായക പങ്കാളിയാകും. യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ഒരുപോലെ നീതി ഉറപ്പാക്കുന്ന കേരള സവാരി, സര്‍ക്കാര്‍ അംഗീകൃത നിരക്കുകളില്‍ സുതാര്യമായി പ്രവര്‍ത്തിക്കുന്നു.

Add Asianetnews as a Preferred SourcegooglePreferred

അധിക ചാര്‍ജുകളോ സര്‍ജ് പ്രൈസിംഗോ ഇല്ല. കമ്മീഷന്‍ ഇല്ലാത്ത പ്രവര്‍ത്തന മാതൃകയിലൂടെ ഡ്രൈവര്‍മാരുടെ വരുമാനം പൂര്‍ണമായി സംരക്ഷിക്കുന്ന ഈ സേവനമാണ് സ്വകാര്യ ആപ്പുകളില്‍ നിന്ന് കേരള സവാരിയെ വേറിട്ടു നിര്‍ത്തുന്നത്. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്ന കേരള സവാരി, 11.36 ലക്ഷം യാത്രകള്‍ പൂര്‍ത്തിയാക്കിയതോടൊപ്പം ഡ്രൈവര്‍മാര്‍ക്ക് 27.58 കോടി രൂപയുടെ വരുമാനം ഉണ്ടാക്കി കൊടുത്തിട്ടുണ്ട്. സംസ്ഥാനത്തെ മറ്റ് നഗരങ്ങളിലേക്കും സേവനം വ്യാപിപ്പിക്കാനുള്ള ശക്തമായ പദ്ധതികള്‍ മുന്നോട്ട് പോകുന്നുണ്ട്.

ലാഭത്തേക്കാള്‍ പൊതുനന്മ മുന്‍നിര്‍ത്തി, തൊഴില്‍ സൃഷ്ടിയും സാമൂഹിക ഉത്തരവാദിത്തവും ഒരുപോലെ പ്രാധാന്യം നല്‍കുന്ന മാതൃകാ സംരംഭമാണ് കേരള സവാരി. യാത്രക്കാര്‍ക്ക് സുരക്ഷിതവും സുതാര്യവുമായ സേവനം ഉറപ്പാക്കുന്നതിനൊപ്പം, ഡ്രൈവര്‍മാരുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുന്നതില്‍ ഈ പ്ലാറ്റ്ഫോം പ്രത്യേക ശ്രദ്ധ ചെലുത്തുന്നു.

ടീം ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനും കേരളത്തിന്റെ അഭിമാനവുമായ സഞ്ജു സാംസണ്‍ ഗുഡ്വില്‍ അംബാസഡറായി ചേരുന്നതോടെ കേരള സവാരിയുടെ സന്ദേശം ഇളംതലമുറയിലേക്കും സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും ശക്തമായി എത്തിച്ചേരും.

YouTube video player